‘കട്ട പുകയായി അടൂര്‍ വികസനം’ ഇല്ലായ്മകള്‍ക്ക് നടുവില്‍ അടൂര്‍ പോലീസ് സ്‌റ്റേഷനും
അടൂര്‍:കേസന്വേഷണ മികവ് പുലര്‍ത്തുന്ന അടൂര്‍ പോലീസ് സ്റ്റേഷന്‍ അവിശ്യത്തിന് അടിസ്ഥാന സൗകര്യമോ ഉദ്യോഗസ്ഥരോ ഇല്ലാതെ വീര്‍പ്പ് മുട്ടുന്നു. പോലീസുകാരെപ്പറ്റി പരാതി പറയാനാണ് പലര്‍ക്കും താല്പര്യം. എന്നില്‍ രാപകല്‍ വ്യത്യാസമില്ലാതെ മഴയോ വെയിലൊ വകവയ്ക്കാതെ നെട്ടോട്ടമോടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യത്തില്‍ കഴിച്ച് കൂട്ടേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളത്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനാണിത്. രജിസ്റ്റര്‍ ചെയ്ത കേസുകളിലെ 99 ശതമാനം പ്രതികളേയും പിടികൂടി എന്ന നേട്ടവുമായി തല ഉയര്‍ത്തി നില്ക്കുന്ന സ്റ്റേഷന്‍ കൂടിയാണിത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത ഈ സ്റ്റേഷനില്‍ മിക്ക പ്രതികളേയും പിടികൂടാനുമായി.
അടൂര്‍ സ്റ്റേഷന്‍ പരിധിയിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി പോലീസുകാരുടെ എണ്ണത്തില്‍ വര്‍ദ്ധനവില്ല. അഞ്ച് പഞ്ചായത്തും ഒരു നഗരസഭ പ്രദേശത്തും വരുന്ന അരലക്ഷത്തിലധികം പേര്‍ ഈ സ്റ്റേഷന്റെ പരിധിയിലുള്ളപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് 60 പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉള്ളത്. നേരത്തെ അനുവദിച്ച തസ്തികയാണ് ഇപ്പോഴുമുള്ളത്.സമാധാന പരിപാലനം, കേസന്വേഷണം, കോടതി ഉത്തരവ് നടപ്പാക്കല്‍, പരാതി പരിഹാരം , മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള വി.ഐ.പിയ്ക്ക് അകമ്പടി പോകല്‍ ഉള്‍പ്പടെ നിരവധി ചുമതലകളാണ് ഉള്ളത്. എം.സി റോഡായതിനാല്‍ അപകടവും ഗതാഗത കുരുക്കും കൂടുതലാണ്. ഇവനിയന്ത്രിക്കാനായി സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ പോകെണ്ടിവരുന്നുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി കേസന്വേഷണത്തിനും പോകേണ്ടതായി വരുന്നുണ്ട്. കൂടാതെ കോവി ഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള ഡ്യൂട്ടി , രാത്രികാല പട്രോളിംങ് , ഉത്സവകാലത്തെ ക്ഷേത്രങ്ങളിലെ ഡ്യൂട്ടിയും നിര്‍വഹിക്കേണ്ടതായി വരുന്നുണ്ട്.
ഇതോടെ പോലീസ് സ്റ്റേഷനില്‍ വിരലിലെണ്ണാവുന്ന പോലീസുദ്യോഗസ്ഥര്‍ മാത്രമാണ് ഉള്ളത്. അടൂര്‍ നഗരസഭ പള്ളിക്കല്‍ പഞ്ചായത്ത് പൂര്‍ണ്ണമായും , ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം പഞ്ചായത്തുകളുടെ കുറച്ചു ഭാഗവുമാണ് ഈ സ്റ്റേഷന്റെ പരിധിയില്‍ ഉള്ളത്. ജില്ലയുടെ അതിര്‍ത്തി പ്രദേശം കൂടി ഉള്‍ക്കൊള്ളുന്ന സ്റ്റേഷനാണിത്.
സ്റ്റേഷനിലെ വാഹനങ്ങള്‍ പഴക്കം ചെന്നത്
അടൂര്‍ സ്റ്റേഷനില്‍ പൂര്‍ണ്ണമായി ഉപയോഗയോഗ്യമായ വാഹനങ്ങള്‍ ഇല്ല. മൂന്ന് ജീപ്പുകളില്‍ രണ്ടെണ്ണം എട്ടുവര്‍ഷം പഴക്കമുള്ളതാണ്. ഈ ജീപ്പുകള്‍ മിക്ക ദിവസവും വര്‍ക്ക് ഷോപ്പിലുമാണ്. എം.സി റോഡ് കടന്നുപോകുന്നതിനാല്‍ ദിനംപ്രതി വി.ഐ.പികള്‍ക്ക് പൈലറ്റ് നല്‌കേണ്ടതായി വരുന്നുണ്ട്. വാഹനങ്ങളുടെ പഴക്കം മൂലം അടിയന്തിര ഘട്ടങ്ങളില്‍ ആവിശ്യങ്ങള്‍ക്കായി ജനം വിളിച്ചാല്‍ കൃത്യസമയത്ത് സ്ഥലത്തെത്താന്‍ ബുദ്ധിമുട്ടാണ്. ഇവിടെയുള്ള ടാറ്റാ സുമോയുടെ സൈഡ് ഗ്ലാസ് ഉയര്‍ത്താനോ താഴ്ത്തുവാനോ കഴിയുന്നില്ല. അതിനാല്‍ മഴ പെയ്താല്‍ ജീപ്പിനകത്ത് വെള്ളം കയറും. അടൂര്‍ സ്റ്റേഷനില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള പള്ളിക്കലേക്കും പത്ത് കിലോമീറ്റര്‍ അകലെയുള്ള പുതുവലിലേക്കും ഒരാവിശ്യം വന്നാല്‍ പോലീസിന് ഈ പഴഞ്ചന്‍ വാഹനത്തില്‍ വേഗം എത്താന്‍ കഴിയാത്ത സ്ഥിതിയുണ്ട്.
ക്വാര്‍ട്ടേഴ്‌സുകള്‍ തകര്‍ച്ചയില്‍
ഇവിടത്തെ ക്വാര്‍ട്ടേഴ്‌സുകള്‍ വളരെ പഴക്കം ചെന്നതാണ് പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഉള്ളത്. പലതും ഇപ്പോള്‍ ഉപയോഗയോഗ്യമല്ല. കെട്ടിടങ്ങളിലെ വയറിംഗ് നശിച്ച സ്ഥിതിയാണ് പല ക്വാര്‍ട്ടേഴ്‌സുകളിലെയും ടോയ് ലറ്റുകള്‍ പൊട്ടിപൊളിഞ്ഞ നിലയിലാണ്. ഓടിന്റെ മേല്‍ക്കൂര മാറ്റി പ്രൊഫൈല്‍ ഷീറ്റാണ് ഇട്ടിരിക്കുന്നത്. ഇതുമൂലം വെയിലത്ത് കടുത്ത ചൂട് കാരണം മുറിക്കുള്ളില്‍ കഴിച്ചു കൂട്ടുക ബുദ്ധിമുട്ടാണ്. ആകെയുള്ള ഒരേക്കര്‍ സ്ഥലത്ത് നിരത്തി കെട്ടിടങ്ങളാണ്. ക്വാട്ടേഴ്‌സിന് ചുറ്റും കാട് കയറി കിടക്കുന്നതിനാല്‍ പാമ്പ് ശല്യവും ഉണ്ട്. കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ക്വാര്‍ട്ടേഴ്‌സില്‍ പാമ്പ് കയറിയിരുന്നു. അതിനാല്‍ പല ഉദ്യോഗസ്ഥരും ക്വാട്ടേഴ്‌സുകള്‍ ഉപയോഗിക്കുന്നില്ല. ഇവിടെ ഫ്‌ലാറ്റ് നിര്‍മ്മിച്ചാല്‍ ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ക്യാട്ടേഴ്‌സ് സൗകര്യം ഇവിടെ ക്രമീകരിക്കാനാകും. ആകെ ഇരുപത് വീടുകളാണ് ഉള്ളത്. ഇതില്‍ പലതും പൊട്ടിപൊളിഞ്ഞ് കാടുകയറി കിടക്കുന്നതിനാല്‍ ഇവയില്‍ പലതിലും താമസക്കാരില്ല.
പോലീസ് ഉദ്യോഗസ്ഥരുടെ വാഹനം പാര്‍ക്ക് ചെയ്യാനും ഇടമില്ല. നിലവില്‍ രണ്ട് ഷെഡുണ്ടെങ്കിലും രണ്ടും നശിച്ച നിലയിലാണ്.
ട്രാഫിക്ക് പോലീസിനുണ്ടൊരു പറക്കും തളിക
അടൂര്‍ ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെ വാഹനത്തിന്റെ അവസ്ഥ കണ്ടാല്‍ പഴയൊരു സിനിമാ ഗാനമാണ് നമുക്ക് ഓര്‍മ്മ വരിക
‘തള്ള് തള്ള് തള്ള് കന്നാസ് വണ്ടി
തള്ള് തള്ള് ഈ തല്ലിപ്പൊളി വണ്ടി…..
ഇവിടെ ആകെയുള്ള ഒരു വാഹനത്തിന്റെ അവസ്ഥയാണ് ഇത്. മറ്റൊരു വഴിയില്ലാത്തതു കൊണ്ട് ഉദ്യോഗസ്ഥര്‍ കൊണ്ടു നടക്കുന്നു എന്നത് മാത്രം. പുക പറത്തി പോകുന്ന വാഹനം റോഡരുകില്‍ നില്‍ക്കുന്നവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഡീ സല്‍പമ്പിന്റെ തകരാര്‍ മൂലം വാഹനം നിരങ്ങിയാണ് നീങ്ങുന്നത്. ഇഞ്ച നില്‍ നിന്നുയരുന്ന അമിതമായ ചൂട് കാരണം ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തിനുള്ളില്‍ ഇരിക്കാനും ബുദ്ധിമുട്ടുകയാണ്. ഇരിക്കുന്നതിനടിയിലെ ഫ്‌ലാറ്റ്‌ഫോം തുരുമ്പെടുത്ത് അടര്‍ന്ന് പോയി. 20 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ഈ വാഹനം ഓടിക്കാനാകില്ല. കടലോരങ്ങളിലെ സ്റ്റേഷനുകളില്‍ ഉപയോഗിച്ച് പഴകി ബോഡി തുരുമ്പെടുത്ത വാഹനമാണ് ഇത്. കെ.പി. റോഡ്, എം.സി റോഡ്, പത്തനംതിട്ട- ശാസ്താംകോട്ട ചവറ എന്നി റോഡുകളുടെ സംഗമ സ്ഥലമായ ഇവിടെ തിരക്കും അപകടങ്ങളും ഏറെയാണ്. അപകടം ഉണ്ടായാല്‍രക്ഷപ്രവര്‍ത്തനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം ഓടി എത്തേണ്ടതും ട്രാഫിക്ക് പോലീസാണ്. ട്രാഫിക്ക് പോലീസ് സ്റ്റേഷനില്‍ ജീവനക്കാര്‍ കുറവാണ്. അതിനാല്‍ ടൗണിലെ പല പോയിന്റിലും ഗതാഗത നിയന്ത്രണത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കാനാകുന്നില്ല.
Your comment?