ഒമിക്രോണ്‍ വകഭേദം :പത്തനംതിട്ടയിലും കര്‍ശന ജാഗ്രത വേണമെന്ന് ഡിഎംഒ
പത്തനംതിട്ട: ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിനു പിന്നാലെ ജില്ലയിലും കര്‍ശന ജാഗ്രത വേണമെന്ന് ഡിഎംഒ ഡോ. എല്‍. അനിതകുമാരി. നിയന്ത്രണങ്ങളില്‍ അയവുവന്നതോടെ വിവിധ ഉത്സവങ്ങളിലും വിവാഹം അടക്കമുള്ള ചടങ്ങുകളിലും പരിധിയിലേറെപ്പേര്‍ കൂടുന്നതായും പലയിടത്തും സാമൂഹിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ ലംഘിക്കുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
കൂടുതല്‍ വ്യാപനശേഷിയും പ്രഹരശേഷിയുമുള്ളതാണു പുതിയ വകഭേദമെന്നും അതുപരിഗണിച്ചുള്ള മുന്‍കരുതലുകളാണു വേണ്ടതെന്നും ഡോ.അനിതകുമാരി വ്യക്തമാക്കി. വിദേശത്തുനിന്നെത്തുന്നവര്‍ക്കു നിലവില്‍ 3 ആര്‍ടിപിസിആര്‍ പരിശോധനകളും 7 ദിവസം ക്വാറന്റീനുമാണു നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ ഇതിനു മാറ്റം വന്നേക്കാം. ഇതുസംബന്ധിച്ച കേന്ദ്രനിര്‍ദേശങ്ങള്‍ ഉടനെയുണ്ടാകും.
ജില്ലയിലേക്കു വിദേശത്തുനിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ നടപടിയെടുക്കും. വാര്‍ഡ്തല ജാഗ്രതാസമിതികളടക്കം വീണ്ടും സജീവമാക്കാനും പദ്ധതിയുണ്ട്. വിദേശത്തുനിന്നെത്തുന്നവരെ നിലവിലെ സാഹചര്യത്തില്‍ വീടുകളില്‍ ക്വാറന്റീന്‍ പ്രവേശിപ്പിക്കാനാകില്ല. വീടുകളിലെ ക്വാറന്റീന്‍ കൃത്യമാകണമെന്നില്ല. നേരത്തെയുണ്ടായിരുന്ന ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഒഴിഞ്ഞ് അതതു സ്ഥാപനങ്ങള്‍ക്കു കൈമാറി. ഇനി എങ്ങനെ ഇതു നടപ്പാക്കണമെന്ന് ആരോഗ്യമന്ത്രിയോട് ഉള്‍പ്പെടെ നിര്‍ദേശം തേടും.
ജില്ലയില്‍ 99 ശതമാനത്തിലേറെപ്പേരും ആദ്യ ഡോസ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചു. എന്നാല്‍ രണ്ടാം ഡോസിനോടു വിമുഖത കാട്ടുന്നവര്‍ കൂടുതലാണെന്ന് ഡിഎംഒ പറഞ്ഞു. ഇതുവരെ 75% പേര്‍ മാത്രമാണു രണ്ടാംഡോസ് സ്വീകരിച്ചത്. വാക്‌സിനേഷന്‍ വേഗം കൂട്ടുന്നതു ലക്ഷ്യമിട്ട് നിലവിലെ മൂന്നുദിവസം വാക്‌സിനേഷന്‍ ആഴ്ചയില്‍ 5 ദിവസമാക്കിയിട്ടുണ്ട്.
ബുധന്‍,ഞായര്‍ ദിവസങ്ങളൊഴികെ എല്ലാ ദിവസവും ജില്ലയിലെ പ്രധാന ആശുപത്രികളിലും പിഎച്ച്‌സികളിലും വാക്‌സിനേഷന്‍ സൗകര്യമുണ്ട്. ഇടയ്ക്കു നിര്‍ത്തിയ ഓണ്‍ലൈന്‍ ബുക്കിങ്ങും പുനരാരംഭിച്ചു. അതേസമയം ജില്ലയില്‍ ആരോഗ്യമേഖലയില്‍ ജീവനക്കാരുടെ ക്ഷാമമുണ്ടെന്നും ഡിഎംഒ പറഞ്ഞു. കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതോടെ ഇത് വര്‍ധിച്ചതായും ഡിഎംഒ വ്യക്തമാക്കി.
Your comment?