കോന്നി, അച്ചന്‍കോവില്‍ വനമേഖലയില്‍ മേഘവിസ്ഫോടനം
പത്തനംതിട്ട: കോന്നി, അച്ചന്‍കോവില്‍ വനമേഖലയില്‍ മേഘവിസ്ഫോടനം ഉണ്ടായതായി സംശയം. കോടമലയില്‍ ഉരുള്‍പൊട്ടി മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായി. നിരവധി വീട്ടുകാരെ മാ്റ്റിപാര്‍പ്പിച്ചു.
കാലാവസ്ഥാ പ്രവാചകര്‍ക്ക് പോലും പിടികൊടുക്കാതെയാണ് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ പാതിരാമഴയുണ്ടായത്. നിരവധി സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും. പമ്പ നദിയില്‍ എട്ടടിയോളം ജലനിരപ്പുയര്‍ന്നു. കോന്നി താലൂക്കില്‍ അച്ചന്‍കോവിലാര്‍ കരകവിഞ്ഞ് മലയോര മേഖലയില്‍ റോഡുകളും വീടുകളും മുങ്ങി. കണമല, അച്ചന്‍കോവില്‍, കോടമല, കൊക്കാത്തോട് മേഖലകളില്‍ ഉരുള്‍പൊട്ടിയെന്ന പ്രാഥമിക വിവരം പുറത്തു വന്നിട്ടുണ്ട്. മേഘവിസ്ഫോടനം നടന്നതായി സംശയിക്കുന്നു.ഇന്ന് പുലര്‍ച്ചെയാണ് ജില്ലയില്‍ കനത്ത മഴ പെയ്തത്.
കൊക്കാത്തോട് ഭാഗത്ത് ഉരുള്‍ പൊട്ടിയതായും ഒരേക്കര്‍ ഭാഗത്ത് റേഷന്‍ കടയ്ക്ക് അടുത്ത് ഒരു വീട് നശിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഈ ഭാഗത്ത് നാലു വീടുകളില്‍ വെള്ളം കയറി. നാട്ടുകാര്‍ കൂടി സഹായിച്ച് ഫയര്‍ ഫോഴ്സ് ആള്‍ക്കാരെയും സാധനസാമഗ്രികളും സുരക്ഷിതമായി നീക്കി. കോന്നിയില്‍ കൊക്കാത്തോട് ഭാഗത്ത് അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. രാത്രിയില്‍ അഞ്ചു വീടുകളില്‍ വെള്ളം കയറി. ആള്‍ക്കാര്‍ അയല്‍ വീടുകളിലേക്ക് മാറി. ഐരവണ്‍ ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെട്ടു.കൊക്കാത്തോട് ഇരുള്‍ പൊട്ടലിനെ തുടര്‍ന്ന് റാന്നി ഉപാസന കടവില്‍ വെള്ളം ഉയര്‍ന്നു. വീടുകളില്‍ കയറുന്ന സ്ഥിതി ഇല്ല. കുറുമ്പന്‍മൂഴിയില്‍ ഇന്നലെ രാത്രി വീണ്ടും ജലനിരപ്പ് ഉയര്‍ന്നിരുന്നു. കഴിഞ്ഞ തവണത്തേ തരത്തില്‍ വെള്ളം ഉയര്‍ന്നു.
ഐരവണ്‍ വില്ലേജില്‍ കുമ്മണ്ണൂര്‍ ഭാഗത്ത് ജലനിരപ്പുയരുകയും റബര്‍ തോട്ടങ്ങളിലേയ്ക്ക് വെള്ളം കയറുകയും ചെയ്തു.അച്ചന്‍കോവില്‍ വനമേഖലയിലെ കോടമലയില്‍ ചെറിയ തോതില്‍ മണ്ണിടിച്ചിലുണ്ടായി. ഇതാണ് അച്ചന്‍കോവിലാറ്റില്‍ ജലനരിപ്പുയരാന്‍ കാരണമായത്. ഇവിടെ മേഘസ്ഫോടനം നടന്നുവെന്ന് സംശയിക്കുന്നു. ചെമ്പാലയില്‍ 258 മില്ലിമീറ്ററും ആവണിപ്പാറയില്‍ 247 മില്ലിമീറ്ററും അച്ചന്‍കോവിലില്‍ 179 മില്ലമിറ്ററും മഴ പെയ്തു.
Your comment?