മന്ത്രി സജി ചെറിയാനും അറിഞ്ഞു അടൂരിലെ കുഴിയുടെ ആഴം
അടൂര്‍ : ശ്രീമൂലം മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി സജി ചെറിയാനും അറിഞ്ഞു അടൂരിലെ കുഴിയുടെ ആഴം. വെള്ളിയാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ബൈപ്പാസില്‍നിന്ന് പുതിയ സ്വകാര്യ ബസ്സ്റ്റാന്‍ഡ് വഴി കെ.പി. റോഡിലേക്ക് വരുകയായിരുന്നു മന്ത്രി. റോഡിന് കുറുകെയുള്ള വലിയ കുഴിയില്‍ വെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു. അതിനാല്‍ കുഴി പെട്ടെന്ന് ശ്രദ്ധയില്‍പ്പെടില്ല. പോലീസ് പൈലറ്റ് വാഹനത്തിന് പുറകെ വന്ന മന്ത്രിയുടെ വാഹനം കുഴിയില്‍ ചാടി. അല്‍പ്പം പ്രയാസപ്പെട്ടാണ് കയറിപ്പോയത്. പിന്നീട് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍, കേരളത്തിലെ റോഡുകളുടെ വികസനത്തെയും മുമ്പുണ്ടായിരുന്ന തകര്‍ച്ചയെയുംകുറിച്ച് അദ്ദേഹം പറഞ്ഞു. പക്ഷേ, അപ്പോഴും വരുന്ന വഴിയില്‍ കുഴിയില്‍ ചാടിയത് മന്ത്രി പറഞ്ഞില്ല.
ഓണത്തിന് മുന്‍പ് കുടിവെള്ളവിതരണത്തിനായി പൈപ്പിടാന്‍ ജലവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ അടൂരില്‍ കെ.പി.റോഡിനിരുവശവും കുഴിയെടുത്തിരുന്നു. പൈപ്പിട്ട് കുഴി മുടിയെങ്കിലും ചില ഭാഗത്ത് കുഴി വീണ്ടും രൂപപ്പെടുകയായിരുന്നു. ഇതില്‍ ചെളിവെള്ളം നിറഞ്ഞ അവസ്ഥയാണ്. മന്ത്രി ആയതിനാല്‍, പരാതി പറയാന്‍പോലും പറ്റാത്ത അവസ്ഥയിലായി സജി ചെറിയാനെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Your comment?