സംസ്ഥാനമൊട്ടാകെ ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിച്ച് മത്സ്യവിപണന ശൃംഖല സ്ഥാപിക്കും: മന്ത്രി സജി ചെറിയാന്‍
അടൂര്‍ പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റ് നവീകരണം സര്‍ക്കാര്‍ പരിഗണനയിലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.അടൂര്‍ നഗരസഭയിലെ ശ്രീമൂലം മാര്‍ക്കറ്റ് ആധുനികവത്കരിക്കുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുണമേന്മയും ശുചിത്വവുമുള മത്സ്യം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ ആനുപാതികമായ വര്‍ധന കൊണ്ടുവരിക, എല്ലാത്തിനും സംസ്ഥാനത്തെ മത്സ്യവിപണനം വിപുലീകരിക്കുക എന്നീ ഉദ്ദേശങ്ങളോടുകൂടി സംസ്ഥാനമൊട്ടാകെ ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിച്ച് മത്സ്യവിപണന ശൃംഖല സ്ഥാപിക്കുകയെന്ന ബൃഹത്ത് പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഈ ബൃഹത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തിലെ മത്സ്യ വിപണന രംഗത്ത് പരമമായ മാറ്റം കൈവരിക്കുവാന്‍ സാധിക്കും.
ഇതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ കിഫ്ബി ധനസഹായത്തോടെ 65 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി അംഗീകാരവും നല്‍കിയിട്ടുണ്ട്. ഇതിനോടകം തന്നെ ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി 120.57 കോടി രൂപയുടെ ഭരണാനുമതി കിഫ്ബി നല്‍കി കഴിഞ്ഞു. സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി പദ്ധതിയിലൂടെ അടൂരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷ കാലത്ത് 1050 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂരില്‍ സാംസ്‌കാരിക സമുച്ചയ നിര്‍മ്മാണം, സ്ഥിരം നാടകവേദി എന്നിവയ്ക്ക് സാംസ്‌കാരിക വകുപ്പില്‍ നിന്ന് പോസിറ്റീവ് സമീപനമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 2.32 കോടി രൂപയാണ് അടൂര്‍ ശ്രീമൂലം മത്സ്യ മാര്‍ക്കറ്റ് പദ്ധതിയുടെ അടങ്കല്‍ തുക. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേനയാണ് മത്സ്യമാര്‍ക്കറ്റ് കെട്ടിടം നിര്‍മ്മിക്കുന്നത്. 590.50 ച.മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തില്‍ 18 കടമുറികള്‍, 24 റീറ്റെയ്ല്‍ സ്റ്റാളുകള്‍, പ്രിപ്പറേഷന്‍ മുറി, ചില്‍ റൂം സംവിധാനം, ഇറ്റിപി സംവിധാനം, പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും വിശ്രമ മുറികള്‍, ടോയ്ലറ്റ് സംവിധാനം, ലോഡിംഗ് അണ്‍ ലോഡിംഗ് സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കും.
ഓരോ സ്റ്റാളിലും ആവശ്യമായ സ്റ്റെയിന്‍ലസ്സ് സ്റ്റീല്‍ ഡിസ്പ്ലേ ട്രോളി, സിങ്കുകള്‍, ഡ്രെയ്നേജ് സംവിധാനം, മാന്‍ഹോളുകള്‍ തുടങ്ങിയവയും മാര്‍ക്കറ്റില്‍ സജ്ജീകരിക്കും. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ കഴിയും വിധമാണ് മാര്‍ക്കറ്റ് രൂപകല്‍പ്പന. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭ്യമാകുംവിധമാണ് ഇതിന്റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. തറയില്‍ ആന്റിസ്‌കിഡ് ഇന്‍ഡസ്ട്രിയല്‍ ടൈലുകളാണ് പാകുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റുകള്‍, ഇന്റര്‍ലോക്കിംഗ് പാകിയ പാര്‍ക്കിംഗ് ഏരിയ, മതിയായ ഡ്രെയിനേജ് സൗകര്യങ്ങള്‍, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവയും, പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.12 മാസമാണ് പദ്ധതിയുടെ നിര്‍മ്മാണ കാലാവധി.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, കെ.എസ്സിഎഡിസി മാനേജിംഗ് ഡയറക്ടര്‍ പി.എ ഷെയ്ക്ക് പരീത്, അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, കെഎസ്സിഎഡിസി ചീഫ് എഞ്ചിനീയര്‍ എം.അന്‍സാരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീനാ ബാബു, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റോണി പാണം തുണ്ടില്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അജി.പി. വര്‍ഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍, സിപിഐ(എം) ഏരിയ സെക്രട്ടറി അഡ്വ.എസ്.മനോജ്, നഗരസഭാ അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
Your comment?