ആത്മഹത്യയാണെന്ന് ലോക്കല്‍ പൊലീസ് എഴുതി തള്ളി: രണ്ടു വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് സത്യം തെളിയിച്ചപ്പോള്‍ ടിഞ്ചുവിനെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന്

Editor

പത്തനംതിട്ട: ആത്മഹത്യയാണെന്ന് ലോക്കല്‍ പൊലീസ് എഴുതി തള്ളിയ പുഷ്പഗിരിയില്‍ നഴ്സായിരുന്ന ടിഞ്ചുവിനെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്തു. 2019 ഡിസംബര്‍ 15 നാണ് കാമുകനായ കോട്ടാങ്ങല്‍ പുല്ലാന്നിപ്പാറ ടിജിന്‍ ജോസഫിന്റെ വീട്ടില്‍ കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കേസില്‍ അറസ്റ്റിലായിരിക്കുന്നത് കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) ആണ്. കാമുകനായ ടിജിനെ പ്രതിയാക്കാന്‍ വേണ്ടി ക്രൂരമര്‍ദനത്തിന് ഇരയാക്കിയ പെരുമ്പെട്ടിയിലെ മുന്‍ എസ്.ഐ ഷെരീഫ് കുമാറിനെതിരേ വകുപ്പു തല അന്വേഷണം നടക്കുകയാണ്.

ഭര്‍തൃമതിയായ ടിന്‍ജു അവിടെ നിന്ന് പിണങ്ങി മുന്‍ കാമുകനും ഓട്ടോ ഡ്രൈവറുമായ ടിജിന്‍ ജോസഫിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇയാളുടെ ഭാര്യയും മകളും പിണങ്ങി അവരുടെ വീട്ടിലായിരുന്നു. ടിജിന്റെ വീടിന്റെ കിടപ്പു മുറിയിലാണ് ടിന്‍ജുവിനെ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ലോക്കല്‍ പൊലീസും മാതാപിതാക്കളും സ്വാഭാവികമായും ടിജിനെ സംശയിച്ചു. പെരുമ്പെട്ടി എസ്‌ഐയായിരുന്ന ഷെരീഫ് കുമാര്‍ ടിജിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ച് അവശനാക്കി. ചോര ഛര്‍ദിച്ച് ആശുപത്രിയിലായ ടിജിന്‍ അവിടെ നിന്ന് ഇറങ്ങിയ ശേഷം കോടതിയെ സമീപിച്ച് എസ്‌ഐക്കെതിരേ കേസെടുപ്പിച്ചു. ഈ കേസില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐയ്‌ക്കെതിരേ തുടരന്വേഷണം നടക്കുകയാണ്. നിരപരാധിയെ പ്രതിയാക്കാന്‍ ശ്രമിച്ച എസ്‌ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
അറസ്റ്റിലായ പ്രതി നസീറിനെ കോടതി റിമാന്‍ഡ് ചെയ്തു.

2019 ഡിസംബര്‍ 15 നാണ് കൊല നടന്നത്. വീട്ടിലെ കിടപ്പുമുറിയില്‍ ബാലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കവേ കട്ടിലില്‍ തല ഇടിപ്പിച്ച് അബോധാവസ്ഥയിലായ ടിന്‍ജുവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി തുടര്‍ന്ന് മുറിയുടെ മേല്‍ക്കൂരയിലെ ഇരുമ്പ് ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ഒമ്പതേ മുക്കാലിനും വൈകിട്ട് 4.30 നുമിടയിലുള്ള സമയമാണ് മരണം സംഭവിച്ചുവെന്നായിരുന്നു കേസ്. തൂങ്ങിമരണം എന്ന നിലക്കായിരുന്നു ലോക്കല്‍ പോലീസിന്റെ പ്രാഥമിക അന്വേഷണം. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആറു മാസമായി കാമുകനായ ടിജിന്‍ ജോസഫിനൊപ്പം ഈ വീട്ടില്‍ താമസിച്ചുവരികയായിരുന്നു ടിഞ്ചു.

സംഭവദിവസം ടിജിനും അയാളുടെ അച്ഛനും പുറത്തു പോയശേഷം റ്റിഞ്ചു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മല്ലപ്പള്ളി തഹസീല്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടവും നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 53 മുറിവുകള്‍ യുവതിയുടെ ശരീരത്തില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. പെരുമ്പെട്ടി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ടിഞ്ചുവിന്റെ ഡയറി ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ബന്തവസിലെടുത്തിരുന്നു. പരാതിക്കാരനായ കാമുകന്റെയും ഒപ്പം താമസിക്കുന്ന പിതാവിന്റെയും രക്ത സാമ്പിളുകളും ശാസ്ത്രീയ പരിശോധനക്ക് ശേഖരിച്ചിരുന്നു. തുടര്‍ന്ന് കേസ് 2020 ഫെബ്രുവരിയില്‍ ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു ജില്ലാ പോലീസ് മേധാവി ഉത്തരവായി.

ശാസ്ത്രീയ പരിശോധനയില്‍ യുവതിയുടെ രഹസ്യഭാഗങ്ങളില്‍ ശുക്ലവും ബീജാണുവും കണ്ടെത്തിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ടിഞ്ചു ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്കും, ശാരീരിക പീഡനത്തിനും, വിധേയമായി എന്ന് വെളിവായി. ആദ്യം കേസ് അന്വേഷിച്ച
ഡിവൈഎസ്പി സുധാകരന്‍ പിള്ള മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി വന്ന ആര്‍. പ്രതാപന്‍ നായരുടെ വിദഗ്ധമായ അന്വേഷണമാണ് കേസ് തെളിയിച്ചത്.

യുവതിയുടെ ശരീരത്തില്‍ കാണപ്പെട്ട അനവധി മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട അന്നത്തെ ഡിവൈഎസ്പി നടത്തിയ ശാസ്ത്രീയ അന്വേഷണം ലൈംഗിക പീഡനവും തുടര്‍ന്ന് യുവതിയുടെ കൊലപാതകത്തിലേക്ക് നയിക്കപ്പെട്ടുവെന്ന നിഗമനത്തില്‍ പോലീസിനെ എത്തിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ക്രൈം ബ്രാഞ്ച് പോലീസിന്റെ അന്വേഷണ സംഘം, യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലെ മുറിവുകളും വെളുത്ത സ്രവത്തിന്റെ സാന്നിധ്യവും മറ്റും അടിസ്ഥാനപ്പെടുത്തി, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുമായി ബന്ധപ്പെട്ടും കൂടുതല്‍ പേരെ ചോദ്യം ചെയ്തും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. യുവതി ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയയായി എന്നത് ഉറപ്പിക്കും വിധമുള്ള തെളിവുകള്‍ കണ്ടെത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല തരത്തിലുള്ള അമ്പതിലധികം മുറിവുകള്‍, ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് വിധേയമാക്കി എന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ചിന്റെ സംഘം എത്തിച്ചേരാനിടയാക്കി.

പ്രതാപന്‍ നായര്‍ക്ക് പിന്നാലെ ചാര്‍ജ് എടുത്ത ഡിവൈഎസ്പി വി ജെ ജോഫിയുടെ അന്വേഷണം, മരണം സംഭവിക്കുന്നതിനു മുമ്പ് ടിഞ്ചുവിന്റെ വീടിന് സമീപം സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരില്‍ കേന്ദ്രീകരിക്കുകയും അവരെ തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. കൂടാതെ, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൃതദേഹത്തിന്റെ നഖത്തില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ ശാസ്ത്രീയ പരിശോധനക്ക് ഫോറന്‍സിക് ലാബിലയച്ചതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയ അന്വേഷണം തുടര്‍ന്നു. നഖങ്ങളില്‍ അജ്ഞാതനായ ഒരാളുടെ ഡിഎന്‍എയുടെ സാന്നിധ്യം കണ്ടെത്തിയത് അന്വേഷണസംഘത്തെ പ്രതിയിലേക്ക് അടുപ്പിക്കുകയായിരുന്നു.
ടിഞ്ചുവിന്റെ കൈവിരലുകളിലെ നഖങ്ങളില്‍ കണ്ടെത്തിയ ഡി എന്‍ എ യുമായി നസീറിന്റെ രക്തസാമ്പിളിലെ ഡി എന്‍ എ സാമ്യം ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയും അഡിഷണല്‍ എസ് പി എന്‍ രാജനും സംഭവസ്ഥലം സന്ദര്‍ശിക്കുകയും വനിതാ സെല്ലിലെ പോലീസുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വീട്ടിലെ കിടപ്പുമുറിയില്‍ ഡമ്മി പരീക്ഷണം നടത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. മാസങ്ങളോളം പെരുമ്പെട്ടിയിലും പരിസരങ്ങളിലും ക്രൈം ബ്രാഞ്ച് അന്വേഷണസംഘം താമസിച്ച് സംശയമുള്ളവരെയും അവരുടെ കുടുംബങ്ങങ്ങളെയും നിരീക്ഷിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

കേസിലെ ആവലാതിക്കാരനായ കാമുകനും അയാളുടെ പിതാവും വീട്ടില്‍ നിന്നും രാവിലെ പുറത്തുപോയശേഷം അവിടെയെത്തിയ തടിക്കച്ചവടക്കാരനായ നസീര്‍ വീട്ടില്‍ കടന്ന് ടിഞ്ചുവിനെ ലൈംഗിക പീഡനത്തിന് വീധേയയാക്കുകയാണുണ്ടായതെന്നു ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. യുവതി എതിര്‍ത്തപ്പോള്‍ കിടപ്പുമുറിയില്‍ വടക്ക് അരികില്‍ കിടന്ന കട്ടിലിലേക്ക് ബലപ്രയോഗത്തിലൂടെ തള്ളിയിട്ടു. കുതറിമാറിയ ടിഞ്ചുവിന്റെ തല കട്ടില്‍ പടിയില്‍ ഇടിപ്പിച്ചു. തുടര്‍ന്ന് ബോധരഹിതയായ യുവതിയെ പ്രതി ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും, കൊല്ലണമെന്ന ഉദ്ദേശത്തോടെ മേല്‍ക്കൂരയിലെ ഇരുമ്പ് ഹുക്കില്‍ വെള്ളമുണ്ട് ഉപയോഗിച്ച് കെട്ടിത്തൂക്കുകയുമായിരുന്നു.

ആത്മഹത്യ എന്ന ഗണത്തില്‍ കൂട്ടേണ്ടി വരുമായിരുന്ന, ദൃക്സാക്ഷികള്‍ ആരുമില്ലാതിരുന്ന കേസില്‍, ശാസ്ത്രീയ തെളിവുകളിലൂടെ തുമ്പുണ്ടാക്കിയ അന്വേഷണസംഘം കാട്ടിയത് കുറ്റമറ്റതും ഉയര്‍ന്ന തലത്തിലുള്ള പ്രൊഫഷണലിസവുമാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അഭിപ്രായപ്പെട്ടു. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതായും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.അന്വേഷണ സംഘത്തില്‍ അതതു കാലത്തെ ഡി വൈ എസ് പി മാരായ ആര്‍ സുധാകരന്‍ പിള്ള, ആര്‍ പ്രതാപന്‍ നായര്‍, വി ജേ ജോഫി, ജെ ഉമേഷ്‌കുമാര്‍, എസ് ഐ മാരായ സുജാതന്‍ പിള്ള,അനില്‍കുമാര്‍, ശ്യാംലാല്‍, എ എസ് ഐ അന്‍സുദീന്‍, എസ് സി പി ഓ മാരായ സന്തോഷ്, യൂസുഫ് കുട്ടി തുടങ്ങിയവരുണ്ടായിരുന്നു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വാഹനം മോഷ്ടിച്ചു കടക്കാന്‍ ശ്രമിക്കുന്നതിടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ബൈക്കിലെത്തി മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ