പന്നിശല്യം കാരണം പൊറുതിമുട്ടി കടമ്പനാട് ,ഏറത്ത്,പള്ളിക്കല്‍ പഞ്ചായത്തിലെ കര്‍ഷകര്‍ (ക്യാമറാദൃശ്യം)
കടമ്പനാട് : കാട്ടുപന്നിശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് കടമ്പനാട് ,പള്ളിക്കല്‍ ഏറത്ത് പഞ്ചായത്തിലെ കര്‍ഷകര്‍. മുന്‍ വര്‍ഷങ്ങളിലൊക്കെ പന്നിയുടെ ആക്രമണത്തില്‍ കൃഷികള്‍ നശിക്കുക പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശല്യം അതിരൂക്ഷമാണ്. മുന്‍പെങ്ങുമില്ലാത്ത വിധം പന്നികള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളില്‍ ഇറങ്ങുകയാണ്. പുറത്തുനിന്ന് വലിയ വിലകൊടുത്തും കൃഷിഭവനില്‍നിന്നുമൊക്കെ വാങ്ങുന്ന വാഴവിത്തുകള്‍ നട്ട് നാമ്പുകള്‍ കിളിര്‍ത്തു തുടങ്ങുമ്പോള്‍ത്തന്നെ പന്നിയാക്രമണത്തിന് ഇരയാകുന്നു. ആക്രമണം തടയുന്നതിനോ നഷ്ടപരിഹാരം ലഭിക്കുന്നതിനോ ഒരു മാര്‍ഗവും കാണാതെ വിഷമിക്കുകയാണ് കര്‍ഷകര്‍.
പന്നിശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏറത്ത് പഞ്ചായത്തില്‍ തിങ്കളാഴ്ച പ്രത്യേക യോഗം ചേരുമെന്ന് ഏറത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ പറഞ്ഞു. യോഗത്തില്‍ ഡി.എഫ്.ഒ. പങ്കെടുക്കും. പന്നികളെ വെടിവെച്ചുകൊല്ലണം എന്ന നിര്‍ദേശം യോഗത്തില്‍ അറിയിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
മുണ്ടപ്പള്ളി, പാറക്കൂട്ടം പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ കാട്ടുപന്നികള്‍ ഇറങ്ങിനടക്കുന്ന ക്യാമറാദൃശ്യങ്ങള്‍ പുറത്തുവന്നു. പത്തിലധികം ചെറുതും വലുതുമായ പന്നികളാണ് പോകുന്നത്. പലതും ആക്രമണകാരികളാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പെരിങ്ങനാട് പുത്തന്‍ ചന്തയില്‍ ജയപുരത്ത് ജയലാലിന്റെ രണ്ട് വര്‍ഷമായ 12 മൂട് തെങ്ങിന്‍തൈകള്‍ പന്നി ആക്രമണത്തില്‍ നശിച്ചു. ചേന, ചേമ്പ്, കപ്പ എന്നിവയും നശിപ്പിച്ചു. തറയില്‍ വീട്ടില്‍ ഉണ്ണിയുടെ പുരയിടത്തിലെ നിരവധി ചേമ്പുകളും നശിപ്പിച്ചു.
Your comment?