അടൂരില്‍ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം- സി.പി.ഐ ‘പോര്‍വിളികള്‍’
അടൂര്‍: വെള്ളിയാഴ്ച രാവിലെ അടൂര്‍ ഹൈസ്‌കൂള്‍ ജംങ്ഷനില്‍ ഏറെ നേരം സംഘര്‍ഷഭരിതമായ അന്തരീക്ഷമായിരുന്നു. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ പോര്‍വിളികള്‍ നടത്തി കൊണ്ടിരുന്നു.ഇരുഭാഗത്തും കൂടുതല്‍ ആളുകള്‍ എത്തിയതോടെ പോര്‍വിളികളുടെ ശക്തി കൂടി.ഒടുവില്‍ കയ്യാം കളിയും. അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ബിനു, അടൂര്‍ സി.ഐ പ്രജീഷ്, പന്തളം സി.ഐ ശ്രീകുമാര്‍, ഏനാത്ത് സി.ഐ സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.
സി.പി.എം, സി.പി.ഐ നേതാക്കന്‍മാരും സ്ഥലത്തെത്തിയിരുന്നു. പിന്നീട് സി.പി.എം പ്രവര്‍ത്തകന്‍ ബൈക്ക് എടുക്കാന്‍ ചെന്നപ്പോള്‍ സി.പി.ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു നേരെ തിരിഞ്ഞു.ഇത് രംഗം കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് പോലീസ് ചെറിയ രീതിയില്‍ ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ മാറ്റിയത്.തടിച്ചു കൂടിയ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകുന്നതിലും തര്‍ക്കങ്ങള്‍ ഉണ്ടായി. സി.പി.ഐക്കാര്‍ സി.പി.എമ്മുകാര്‍ പോകാതെ പോകില്ലെന്നും സി.പി.എമ്മുകാര്‍ സി.പി.ഐക്കാര്‍ പോകാതെ പിരിഞ്ഞു പോകില്ലെന്നും പറഞ്ഞതോടെ പോലീസ് പ്രയാസത്തിലായി. ഒടുവില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് മുദ്രാവാക്യം വിളികളുമായി പ്രതിഷേധ മാര്‍ച്ച് നടത്തി.
പോസ്റ്റര്‍ പതിച്ചു
നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ പുറത്താക്കിയതായി കാണിച്ച് സി.ഐ.ടി.യു പോസ്റ്റര്‍ ഇറക്കിയിരുന്നു. ഇത് ഹൈസ്‌കൂള്‍ ജംങ്ഷന്‍ ഭാഗത്ത് ഒട്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പ്രശ്‌നങ്ങള്‍ ഉണ്ടായതിനു ശേഷം ഒട്ടിച്ചതാണെന്നാണ് എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ പറയുന്നത്.
Your comment?