പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍. ലക്നൗവില്‍ വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണു സൂചന.
പെട്രോള്‍, ഡീസല്‍, പ്രകൃതിവാതകം, വിമാന ഇന്ധനം എന്നിവയെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയാണു നടക്കുന്നത്. തല്‍ക്കാലം പെട്രോളും ഡീസലും ഉള്‍പ്പെടുത്താതെ പ്രകൃതിവാതകം, വിമാന ഇന്ധനം എന്നിവ ഉള്‍പ്പെടുത്താനുമാണു സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. കോവിഡ് മരുന്നുകള്‍ക്കു നികുതി ഇളവു നല്‍കാനുള്ള തീരുമാനവും യോഗത്തില്‍ ഉണ്ടായേക്കും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന കൗണ്‍സിലില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് കേരള ഹൈക്കോടതി ജൂണില്‍ നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് സെപ്റ്റംബര്‍ 17ന് നടക്കുന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്. കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി.ദിലീപ് കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്നു കേന്ദ്ര ധനമന്ത്രാലയം കോടതിയില്‍ മറുപടി നല്‍കിയിരുന്നു.
ഏകീകൃതമായ ജിഎസ്ടി നിരക്ക് നടപ്പാക്കുന്നതിനോടു സംസ്ഥാനങ്ങള്‍ക്കു യോജിപ്പില്ല. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇപ്പോഴുള്ള നികുതി വരുമാനത്തില്‍ വന്‍ ഇടിവു സംഭവിക്കും. നിലവില്‍ ഡല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിന് 101.19 രൂപയ്ക്കും ഡീസല്‍ 88.62 രൂപയ്ക്കുമാണു വില്‍ക്കുന്നത്. പെട്രോള്‍ വിലയില്‍ കേന്ദ്രനികുതി 32 ശതമാനത്തിലേറെയും സംസ്ഥാന നികുതി 23.07 ശതമാനവുമാണ്. ഡീസലിന് ഇതു യഥാക്രമം 35 ശതമാനവും 14 ശതമാനവുമാണ്. പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില ഗണ്യമായി കുറയുമെന്നാണു വിലയിരുത്തല്‍.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കേരളത്തിന്റേത്. നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇതു ലംഘിക്കുന്ന തീരുമാനം അംഗീകരിക്കില്ലെന്നും കേരളം വ്യക്തമാക്കുന്നു. ഇന്ധനനികുതിയില്ലാതെ സംസ്ഥാനത്തിനു മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരുന്നു. പെട്രോള്‍, ഡീസല്‍ നികുതി പ്രധാന വരുമാനസ്രോതസ്സായ പല സംസ്ഥാനങ്ങളും കേരളത്തെ അനുകൂലിക്കുന്നവരാണ്.
പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും വിലയിരുത്തപ്പെടുന്നു. ഈ നിര്‍ദേശം മുന്നോട്ടുവച്ചാല്‍ വിവിധ സംസ്ഥാനങ്ങള്‍ എതിര്‍ക്കുമെന്നു കേന്ദ്രത്തിനു നന്നായി അറിയാം. എന്നാല്‍ സംസ്ഥാനങ്ങള്‍ അംഗീകാരിക്കാത്തതു കൊണ്ടാണ് നടപ്പാക്കാന്‍ കഴിയാത്തതെന്ന ന്യായം ഉന്നയിച്ച് പഴി സംസ്ഥാനങ്ങള്‍ക്കുമേല്‍ ചാര്‍ത്താനാവും കേന്ദ്രശ്രമം. അടുത്തു നടക്കാനിരിക്കുന്ന ഗുജറാത്ത്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇന്ധനവില വര്‍ധന പ്രധാന ചര്‍ച്ചാവിഷയമാക്കാന്‍ പ്രതിപക്ഷം കച്ചകെട്ടിയിരിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ മറുനീക്കം.
Your comment?