ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കള്ളക്കേസില്‍ കുടുക്കാന്‍ നടത്തിയ നീക്കത്തിന് തിരിച്ചടി.പഞ്ചായത്ത് പ്രസിഡന്റ് പൊലീസില്‍ നല്‍കിയ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
കടമ്പനാട്: സിപിഎം ഭരിക്കുന്ന കടമ്പനാട് പഞ്ചായത്തിന്റെ പ്രസിഡന്റ് മാനദണ്ഡം ലംഘിച്ച് വാക്സിന്‍ സ്വീകരിച്ചുവെന്ന വാര്‍ത്ത വിവാദമായതിന്റെ പേരില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കള്ളക്കേസില്‍ കുടുക്കാന്‍ നടത്തിയ നീക്കത്തിന് തിരിച്ചടി. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് പൊലീസില്‍ നല്‍കിയ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മെഡിക്കല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി വെറും 22 വയസ് മാത്രമുള്ള പ്രസിഡന്റ് രണ്ടു ഡോസ് കോവിഡ് വാക്സിനുമെടുത്തുവെന്ന വാര്‍ത്ത പുറത്തു വന്നതാണ് പ്രതികാര നടപടിക്ക് കാരണമായത്. സിപിഎമ്മിന്റെ പഞ്ചായത്തംഗങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുഴിവേലിയെ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ എച്ച്ഐ നല്‍കിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്തംഗം ലിന്റോ യോഹന്നാന് എതിരേ ഏനാത്ത് പൊലീസ് കേസെടുത്തു. ഈ കേസ് മറി കടക്കുന്നതിന് വേണ്ടിയാണ് വനിതയായ പ്രസിഡന്റിനെ കൈയേറ്റം ചെയ്യാന്‍ എച്ച്ഐ ശ്രമിച്ചുവെന്ന് ആരോപിച്ച് പൊലീസില്‍ കേസു കൊടുത്തത്. സിപിഎം ഏരിയാ നേതാവിന്റെ സമ്മര്‍ദം മൂലം പൊലീസ് കേസ് രജിസ്റ്റ്ര് ചെയ്യുകയും ചെയ്തു.
കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിനെ അക്രമിച്ചു എന്ന് പറഞ്ഞ് പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസ്സാക്കി ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രമേയത്തില്‍ സസ്പെന്‍ഷന് കാരണമായി പറഞ്ഞിരുന്നത് പ്രസിഡന്റിനെ മര്‍ദ്ദിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നായിരുന്നു. ഈ കേസ് ആണിപ്പോള്‍ സ്റ്റേ ചെയ്തത്.
Your comment?