കേന്ദ്രം റേഷന്‍കട വഴി വിതരണം ചെയ്യാന്‍ നല്‍കിയ 596.7 ടണ്‍ കടല കേരളാ ഫീഡ്സ് വഴി കന്നുകാലികള്‍ക്ക് ഭക്ഷണമായി
കരുനാഗപ്പള്ളി: കോവിഡ് കാലത്ത് ദരിദ്രര്‍ക്ക് റേഷന്‍കട വഴി വിതരണം ചെയ്യാന്‍ കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല കന്നുകാലികള്‍ക്ക് ഭക്ഷണമായി. റേഷന്‍ കടകളിലിരുന്ന് പഴകിപ്പോയ ഇത് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സപ്ലൈകോ ശേഖരിച്ച് കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരളാ ഫീഡ്സിന് സൗജന്യമായി നല്‍കുകയായിരുന്നു. ഇരിങ്ങാലക്കുട, കോഴിക്കോട്, കരുനാഗപ്പള്ളി, തൊടുപുഴ എന്നിവിടങ്ങളിലെ ഫാക്ടറികളിലെത്തിച്ച് ഫീഡ്സ് ഇതിനെ കാലിത്തീറ്റയാക്കി വിപണിയില്‍ വിറ്റഴിക്കാന്‍ നല്‍കി.
കിലോഗ്രാമിന് 65 രൂപ പ്രകാരം 3.8 കോടിയോളം വിപണിവില വരുന്നതായിരുന്നു കടല. റേഷന്‍കടകളില്‍നിന്ന് ശേഖരിച്ച് നല്‍കാനുള്ള വാഹനച്ചെലവ് മാത്രം ഫീഡ്സ് വഹിച്ചു. ദിവസം 1350 ടണ്‍ കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന ഫീഡ്സിന് ഇത് ചെറിയ അളവാണെങ്കിലും ഉത്തേരന്ത്യയിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത വസ്തുവിന് ക്ഷാമം നേരിടുന്ന അവര്‍ക്ക് ഇത് സഹായമായി.
കഴിഞ്ഞകൊല്ലം ഏപ്രില്‍ മുതലുള്ള ലോക്ഡൗണ്‍ കാലത്ത് പാവങ്ങള്‍ക്കുള്ള ഭക്ഷ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ.വൈ.) പ്രകാരം കിട്ടിയ കടലയാണിത്. മാസം ഒരു കിലോഗ്രാം വീതം നല്‍കുന്നതായിരുന്നു പദ്ധതി. ആദ്യ രണ്ടുമാസം ചെറുപയറായിരുന്നു. അത് കൊടുത്തുതീര്‍ന്നു. പിന്നീടുള്ള മാസങ്ങളിലേക്ക് കടലയാണ് നല്‍കിയത്. കുറെപ്പേര്‍ അത് വാങ്ങിയില്ല. അങ്ങനെ മിച്ചംവന്ന കടല സംസ്ഥാന സര്‍ക്കാരിന്റെ കിറ്റില്‍പ്പെടുത്തി നല്‍കാന്‍ അനുമതിതേടി ജനുവരിയില്‍ത്തന്നെ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും അനുമതി മേയ് മാസത്തില്‍ മാത്രമാണ് കിട്ടിയതെന്നും സപ്ലൈകോ പറയുന്നു. എന്നാല്‍, ഫെബ്രുവരിയില്‍ത്തന്നെ അനുമതി കിട്ടിയിരുന്നുവെന്നും റേഷന്‍ കടകളില്‍നിന്ന് ശേഖരിക്കാന്‍ വൈകിയതാണ് കേടാകാന്‍ കാരണമെന്നും റേഷന്‍ ഷാപ്പ് ഉടമകള്‍ പറയുന്നു. ഗോഡൗണിലും കുറെ കടല കെട്ടിക്കിടന്ന് നശിച്ചതായി അവര്‍ ആരോപിക്കുന്നു.
അതിദരിദ്ര വിഭാഗങ്ങളില്‍പ്പെടുന്ന അന്ത്യോദയ അന്നയോജന വിഭാഗത്തിനും മറ്റ് മുന്‍ഗണനാവിഭാഗങ്ങള്‍ക്കും നല്‍കാനായിരുന്നു കേന്ദ്ര നിര്‍ദേശം
3903902 കാര്‍ഡ് ഉടമകളാണ് ഈ രണ്ട് വിഭാഗത്തിലുംകൂടി കേരളത്തിലുള്ളത്. ജനുവരിക്കുശേഷമുള്ള മാസങ്ങളില്‍ കൂടി വിതരണം അനുവദിച്ചിരുന്നെങ്കില്‍ റേഷന്‍ കടകളില്‍നിന്നുതന്നെ ഇത് തീരുമായിരുന്നു. സമാനരീതിയില്‍ കേന്ദ്രം നല്‍കിയ അരിയും ഗോതമ്പും കുറെ മിച്ചംവന്നു. മറ്റ് വിഭാഗങ്ങളിലേക്ക് വകയിരുത്തി അത് വിതരണംചെയ്ത് തീര്‍ത്തിരുന്നു.
Your comment?