അടൂര്‍ കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ ഇപ്പോള്‍ 39 ബസുകള്‍മാത്രം: ഡിപ്പോ പൂട്ടുമോ.?
അടൂര്‍ : അടൂര്‍ കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ അറുപതോളം ബസുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 39 ബസുകള്‍മാത്രം. മറ്റുള്ളതെല്ലാം ഒരോ ഡിപ്പോകളിലേക്ക് പോയി. അടൂരില്‍ നിലവില്‍ ഓര്‍ഡിനറി-21, ഫാസ്റ്റ്-11, സൂപ്പര്‍-5, ഡീലക്‌സ്-2 എന്നിങ്ങനെയാണ് ബസുകളുടെ കണക്ക്.
അടുത്തിടെയായി നിരവധി ബസുകള്‍ പലകാരണങ്ങള്‍ പറഞ്ഞ് ഇവിടെനിന്ന് മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോയതാണ് ബസുകളില്‍ കുറവുവരാന്‍ കാരണം. അടുത്തിടെ ചെങ്ങന്നൂര്‍ ഡിപ്പോയിലേക്ക് ആര്‍.പി.കെ.123, ആര്‍.പി.ഇ.54 എന്നീ രണ്ട് ബസുകളാണ് അടൂരില്‍നിന്ന് കൊണ്ടുപോയത്.
കൂടാതെ അമൃതാ ആശുപത്രി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് യാത്രക്കാര്‍ നിരവധി തവണയായി ആവശ്യപ്പെടുന്ന കാര്യമാണ്. 8.30-ന് മുമ്പ് രോഗികള്‍ക്ക് ആശുപത്രിയിലെത്തിച്ചേരാന്‍ പറ്റുന്ന തരത്തിലുള്ള സര്‍വീസുകള്‍ അടൂരില്‍നിന്ന് ഇപ്പോളില്ല. ഇതുമാത്രമല്ല എറണാകുളം, ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളില്‍ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ -സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ക്കും 10-ന് മുമ്പുള്ള പരീക്ഷകള്‍ എന്നിവയ്ക്ക് പോകുന്നവര്‍ക്കും സൗകര്യപ്രദമായ ബസ് സര്‍വീസ് ഇല്ല. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. അടൂര്‍ യൂണിറ്റിലെ സന്നദ്ധസേവന കൂട്ടായ്മയായ കരുണയുടെ ഭാരവാഹികളായ ടി.ആര്‍.ബിജു, മേലൂട് അഭിലാഷ്, ബി.രാജേഷ് എന്നിവര്‍ചേര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് നിവേദനം നല്‍കിയിട്ടുണ്ട്.
Your comment?