വെവ്വേറെ വാക്‌സിനുകളുടെ ഒരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് ICMR
ന്യൂഡല്‍ഹി:കോവിഡിനെതിരേ ഒരേ വാക്‌സിന്റെ രണ്ടുഡോസ് എടുക്കുന്നതിനെക്കാള്‍ വെവ്വേറെ വാക്‌സിനുകളുടെ ഒരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് പഠനം. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറില്‍ അബദ്ധവശാല്‍ 18 പേര്‍ക്ക് വെവ്വേറെ വാക്‌സിനുകളുടെ രണ്ടുഡോസ് നല്‍കിയതിനെത്തുടര്‍ന്ന് ഇവരടക്കം 98 പേരില്‍ ഐ.സി.എം.ആര്‍. നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ആദ്യത്തെ ഡോസ് കോവിഷീല്‍ഡും രണ്ടാമത്തേത് കോവാക്‌സിനുമാണ് യു.പി.യില്‍ നല്‍കിയത്.
പ്രതിരോധകുത്തിവെപ്പ് നാലുമാസം പിന്നിട്ടശേഷം മേയില്‍ യു.പി.യില്‍ സംഭവിച്ച ഈ അബദ്ധം വലിയ ആശങ്കയ്ക്കും എതിര്‍പ്പിനും കാരണമായിരുന്നു. തുടര്‍ന്ന് ഈ 18 പേരിലും കോവിഷീല്‍ഡിന്റെയും കോവാക്‌സിനിന്റെയും രണ്ടുഡോസുകളും സ്വീകരിച്ച 40 വീതം പേരിലുമാണ് പ്രതിരോധശേഷിയെക്കുറിച്ച് പഠനം നടത്തിയത്. മേയിലും ജൂണിലുമായി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഞായറാഴ്ചയാണ് ഐ.സി.എം.ആര്‍. പുറത്തുവിട്ടത്.
വെവ്വേറെ വാക്‌സിനുകള്‍ നല്‍കരുതെന്ന് ഐ.സി.എം.ആര്‍. നേരത്തേ മാര്‍ഗരേഖയില്‍ പുറത്തിറക്കിയിരുന്നു. വാക്‌സിന്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നത് സുരക്ഷിതമല്ലെന്ന് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തല്‍ ഗുണംചെയ്യുമെന്നതിന് തെളിവായി ഡേറ്റ ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ.യിലെ മുഖ്യശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥനും ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.
Your comment?