ഇളമണ്ണൂര്‍ കിന്‍ഫ്രാ പാര്‍ക്കില്‍ ടാര്‍ മിക്‌സിങ്ങ് പ്ലാന്റ് സ്ഥാപിക്കാന്‍ ഉള്ള നീക്കത്തിനെതിരെ സേവ് ഏനാദിമംഗലം ക്യാമ്പയ്‌നുമായി ജനകീയ സമിതി
അടൂര്‍: ചെറുകിട വ്യവസായശാലകളും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്ന ഏനാദിമംഗലം ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കം. നാട്ടുകാര്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ എതിര്‍പ്പുമായി രംഗത്തു വന്നു.
ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കാന്‍ കൂറ്റന്‍ യന്ത്രങ്ങള്‍ സംസ്ഥാന പാതയില്‍ എത്തിയത് തടയാന്‍ ജനം ഒറ്റക്കെട്ടായി നിലയുറപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ കിന്‍ഫ്ര ഓഫിസിലെത്തി നിവേദനം നല്‍കി. സ്ഥലത്തെ പണികള്‍ സമരസമിതി നിര്‍ത്തിവെപ്പിച്ചു. റെഡി മിക്‌സ്, ബിറ്റുമിന്‍ മിക്‌സ് യൂണിറ്റുകളാണ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. ഇതിനുള്ള പേപ്പര്‍ ജോലികള്‍ കിന്‍ഫ്ര തിരുവനന്തപുരം ഓഫീസില്‍ പുരോഗമിക്കുന്നതായാണ് അറിയുന്നത്. ഇതിനെതിരേ ‘സേവ് ഏനാദിമംഗലം’ എന്ന പേരില്‍ വാട്‌സാപ്പ് കൂട്ടായ്മ രൂപവല്‍ക്കരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.
‘എനാദിമംഗലത്തെ ജനതയെ കാര്‍ന്നു തിന്നുവാന്‍ പോകുന്ന തരത്തിലുള്ള ഈ വൈറസിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ അത് ഈ നാടിനെ ആകെ നാമാവശേഷം ആകാന്‍ കാരണമാകുമെന്നും ഇതില്‍ കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ചിന്തകള്‍ക്കും അതീതമായി ശബ്ദമുയര്‍ത്തണമെന്നും വാട്‌സാപ്പ് സന്ദേശത്തില്‍ ആഹ്വാനം ചെയ്യുന്നു. ജനകീയ സമിതി രൂപവല്‍ക്കരിച്ച് ശക്തമായ സമരം നടത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്, സിപിഎം കുന്നിട ലോക്കല്‍ കമ്മിറ്റി, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി എന്നിവ ഇടപെട്ടിട്ടുണ്ട്. ജനവാസമില്ലാത്ത നിരവധി പ്രദേശങ്ങള്‍ ഉണ്ടായിട്ടും ജനസാന്ദ്രതയേറിയ ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മാത്രം ഇത്തരത്തിലുള്ള പ്രവണതകള്‍ ആവര്‍ത്തിക്കുകയാണ്. കിന്‍ഫ്ര ഓഫീസില്‍ വിവരാവകാശ നിയമപ്രകാരം സംഘടനകള്‍ സമീപിച്ചിട്ടുണ്ട്.
പഞ്ചായത്തിന്റെ ഭാഗത്തുനിന്നും അനുമതികളൊന്നും ഇതുവരെ നല്‍കിയിട്ടില്ല എന്നാണ് അറിയുന്നത്. ‘മിനി മൂന്നാര്‍’ എന്നറിയപ്പെടുന്ന സ്‌കിന്നര്‍ പുരം കുന്നിന്‍നെറുകയിലെ 86 ഏക്കറിലാണ് കിന്‍ഫ്ര പാര്‍ക്ക്. ഇവിടെയുള്ള റബര്‍ തോട്ടം വെട്ടി തെളിച്ചാണ് പാര്‍ക്കിന് നിലമൊരുക്കിയത്. പ്രകൃതി ഭംഗിയാല്‍ മനോഹരമായ ഇവിടെ വിവിധ തരം പക്ഷിമൃഗാദികളുടെയും കേന്ദ്രമാണ്. മയില്‍, വേഴാമ്പല്‍, കുരങ്ങന്‍, മലയണ്ണാന്‍ തുടങ്ങിയവയെ കാണാന്‍ വേണ്ടി പോലും ആളുകള്‍ എത്താറുണ്ട്. ജനവാസ മേഖലയുമാണ്. തരിശുകിടക്കുന്ന 10 ഏക്കര്‍ സ്ഥലത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി നടത്താന്‍ പ്രവാസി സംരംഭകന്‍ താല്‍പര്യമറിയിച്ചെങ്കിലും വ്യക്തികള്‍ക്ക് കൃഷിയിടം ഒരുക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് മറുപടി പറഞ്ഞ അധികൃതര്‍ തന്നെയാണ് പ്ലാന്റിന് അനുമതി നല്‍കാന്‍ തയാറെടുക്കുന്നത്. കിന്‍ഫ്ര പാര്‍ക്കില്‍ ഭക്ഷ്യസംസ്‌കരണ വിഭാഗത്തില്‍ പാല്‍, ബേക്കിങ്, ചിപ്സ് യൂണിറ്റ്, ഭക്ഷ്യധാന്യ പൊടി ഉല്‍പാദന യൂണിറ്റ് തുടങ്ങിയവയും അലൂമിനിയം പാത്ര നിര്‍മാണം, പോളിമര്‍, പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റുകള്‍, സോളാര്‍ പാനല്‍ നിര്‍മാണ കേന്ദ്രം, ആയുര്‍വേദ ഉല്‍പന്ന നിര്‍മാണം തുടങ്ങിയ സംരംഭങ്ങളുമുണ്ട്. നാലര ഏക്കറില്‍ കെട്ടിടം ഉയര്‍ത്തി സര്‍ക്കാര്‍ സഹകരണത്തോടെ കയര്‍ കോര്‍പറേഷന്‍ കയര്‍ കോംപ്ലക്സും പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ സംരംഭങ്ങളിലായി നൂറിലധികം സംസ്ഥാന, അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. ടാര്‍ മിക്‌സ് പ്ലാന്റിനെതിരെ വരും നാളുകളില്‍ ബഹുജന പ്രക്ഷോഭത്തിന് ഏനാദിമംഗലം നിവാസികള്‍ തയാറെടുക്കുകയാണ്.
https://www.facebook.com/102164422136903/videos/377588147079604
Your comment?