22 വയസുള്ള പഞ്ചായത്ത് പ്രസിഡന്റ് മുന്‍ഗണന മറികടന്ന് വാക്സിനെടുത്തത് വാര്‍ത്തയാക്കി: ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് വിവരം ചോര്‍ത്തിയതെന്ന് സംശയം: ഉത്തരവാദിത്തമില്ലെന്ന് ആരോപിച്ച് എച്ച്ഐയെ സസ്പെന്‍ഡ് ചെയ്തു
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കടമ്പനാട് പഞ്ചായത്ത് കമ്മറ്റി സസ്പെന്‍ഡ് ചെയ്ത നടപടി വിവാദത്തില്‍. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് മുന്‍ഗണന മറികടന്ന് വാക്സിനെടുക്കുകയും സംഭവം വാര്‍ത്തയാവുകയും ചെയ്തതിന്റെ മറവിലാണ് സസ്പെന്‍ഷന്‍ എന്നാരോപിച്ച് കോണ്‍ഗ്രസും ബിജെപിയും സമരം തുടങ്ങി.
മാരത്തോണ്‍ സമരം പിന്‍വലിക്കണമെന്ന അഭ്യര്‍ഥനയുമായി വാര്‍ത്താ സമ്മേളനം നടത്തിയ പഞ്ചായത്ത് പ്രസിഡന്റും സംഘവും എല്ലാ കുറ്റവും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ തലയില്‍ കെട്ടി വയ്ക്കാനാണ് ശ്രമിച്ചത്. സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് കടമ്പനാട് പിഎച്ച്സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുഴിവേലിക്കെതിരെ നടപടിയെടുക്കേണ്ടി വന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിവരുന്ന സമരം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അത് അവസാനിപ്പക്കണമെന്നും പ്രസിഡന്റും എല്‍ഡിഎഫ് നേതാക്കളും പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടാണ് സമരം നടത്തി വരുന്നത്. പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം വരെ എത്തി നില്‍ക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് വാക്സിനേഷന്‍ പ്രവര്‍ത്തനം അട്ടിമറിക്കുന്ന സമീപനമാണ് തുടക്കം മുതല്‍ സ്വീകരിച്ചു കൊണ്ടിരുന്നതെന്ന് എല്‍ഡിഎഫ് നേതാക്കളും പഞ്ചായത്തംഗങ്ങളും പറഞ്ഞു.
അദ്ദേഹം ക്രമവിരുദ്ധമായി ഇടപെട്ട് ഇഷ്ടക്കാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ജില്ലയ്ക്ക് പുറത്തുള്ളവരെ പോലും വാക്സിനേഷന് തിരുകി കയറ്റി. ഇതിന്റെ പേരില്‍ നിരവധി പരാതികള്‍ പഞ്ചായത്തില്‍ ലഭിച്ചിരുന്നു. വാര്‍ഡുതല ജാഗ്രതാ സമിതികളില്‍ ഇദ്ദേഹം പങ്കെടുത്തിട്ടില്ല. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് തേടിയശേഷമാണ് പഞ്ചായത്ത് കമ്മിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. വാക്സിനേഷന്‍ സംബന്ധിച്ച പരാതി അന്വേഷിക്കാനെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെമ്പര്‍ എന്നിവര്‍ക്കെതിരെ കൈയേറ്റത്തിനു ശ്രമിച്ചതിന്റെ പേരില്‍ എച്ച്ഐ യ്ക്കെതിരെ പോലീസില്‍ പരാതിയുണ്ട്.
ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ ചര്‍ച്ച നടക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തതാണ്. പിന്നാലെ മെമ്പര്‍ക്കെതിരെ എച്ച്ഐ വ്യാജപരാതി നല്‍കിയതോടെയാണ് നടപടികളിലേക്ക് കടക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഡ് ചെയ്തത്. നടപടിയില്‍ യുഡിഎഫ് അംഗങ്ങള്‍ വിയോജിപ്പ് അറിയിച്ചിരുന്നു.
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഭാഗത്തുണ്ടായ വീഴ്ച സംബന്ധിച്ച് ആരോഗ്യവകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. വകുപ്പുതല അന്വേഷണം നടത്തി നടപടി ഉണ്ടാകണമെന്നാണ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, അംഗം വൈ ലിന്റോ, സിപിഎം ലോക്കല്‍ സെക്രട്ടറി കെ സാജന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി ടിആര്‍ ബിജു എന്നിവര്‍ പറഞ്ഞു.
അതേ സമയം സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് എതിരേ ഏകപക്ഷീയ നടപടിയാണ് സ്വീകരിച്ചത് എന്ന കാര്യത്തില്‍ എന്‍ജിഓ അസോസിയേഷനൊപ്പം മറ്റു സര്‍വീസ് സംഘടനകള്‍ക്കും അഭിപ്രായ വ്യത്യാസമില്ല. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായ സുരേഷ് കുഴിവേലി തുടക്കം മുതല്‍ പഞ്ചായത്ത് കമ്മറ്റിയുമായി അത്ര രസത്തിലല്ല. കണ്ടെയ്ന്‍മെന്റ് സോണിന്റെ പേരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വീട്ടിലേക്കുള്ള വഴി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കെട്ടിയടച്ചിരുന്നു. ഇത് വിവാദമായതോടെ ഏനാത്ത് പൊലീസ് എത്തി തുറന്നു കൊടുത്തു. ഇതിന് പിന്നാലെയാണ് 22 വയസുള്ള കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക മുന്‍ഗണനാ ക്രമം മറികടന്ന് വാക്സിന്‍ എടുത്തത്.
മെഡിക്കല്‍ ഓഫീസറെ സ്വാധീനിച്ചാണ് പ്രസിഡന്റ് വാക്സിന്‍ എടുത്തത് എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതേപ്പറ്റി മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പ്രസിഡന്റിന് കഴിഞ്ഞിരുന്നില്ല.
സ്വന്തക്കാരെയും ബന്ധുക്കളെയും കൊണ്ടു വന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വാക്സിനെടുപ്പിച്ചെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ക്കല്ലേ? അവര്‍ക്കെതിരേ എന്തു നടപടിയാണ് നിങ്ങള്‍ സ്വീകരിച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നില്‍ പ്രസിഡന്റിന് മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഈഗോയുടെ പേരില്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അട്ടിമറിക്കുന്നതിനെ കുറിച്ചും വിശദീകരിക്കാന്‍ ഭരണ സമിതിക്ക് കഴിയാതെ പോയി.
Your comment?