മോദിയുടെ സന്ദര്‍ശനം: അടൂരിലും പ്രവചനങ്ങളും രാഷ്ട്രീയ സമവാക്യവും മാറി മറിയുന്നു: എന്‍ഡിഎയ്ക്ക് പ്രതീക്ഷ

കോന്നി: പത്തനംതിട്ട ജില്ല ഇളക്കി മറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവചനങ്ങളും കണക്കു കൂട്ടലുകളും രാഷ്ട്രീയ സമവാക്യങ്ങളും തെറ്റിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് കോന്നിയിലും റാന്നിയിലും വിജയ പ്രതീക്ഷ കൈവന്നു. ആറന്മുളയിലും അടൂരിലും വോട്ടിങ് വിഹിതം വര്‍ധിക്കുമെന്ന കാര്യവും ഉറപ്പായി. തിരുവല്ലയില്‍ ഒരു പാട് പിന്നിലേക്ക് പോകുമെന്ന അവസ്ഥയും മാറിയിട്ടുണ്ട്.
ഒരു ലക്ഷത്തോളം പേരാണ് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മോദിയുടെ വിജയ് റാലിയ്ക്കായി എത്തിയതെന്നാണ് കണക്കു കൂട്ടുന്നത്. ഇതില്‍ 50 ശതമാനത്തിലേറെയും പത്തനംതിട്ടയിലെ മണ്ഡലങ്ങളില്‍ നിന്നാണ്. ചെങ്ങന്നൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ നിന്നും ശേഷിച്ചവര്‍ എത്തി. 25 ശതമാനത്തോളം പേര്‍ക്ക് മോദിയെ ഒരു നോക്ക് കാണാന്‍ കഴിയാതെ ശബ്ദം മാത്രം കേട്ട് മടങ്ങേണ്ടിയും വന്നു. കിലോമീറ്ററുകള്‍ക്ക് അപ്പുറം വാഹനം തടഞ്ഞതിനാല്‍ നടന്നും ഓടിയും ഇവര്‍ പ്രമാടത്ത് വന്നെങ്കിലും നിറഞ്ഞു കവിഞ്ഞ പുരുഷാരത്തിന് പിന്നില്‍ നില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞത്.
കോന്നി, റാന്നി മണ്ഡലത്തില്‍ നിന്ന് വന്‍ ജനപങ്കാളിത്തമാണുണ്ടായത്. വോട്ടര്‍മാരുടെ മനസറിഞ്ഞാണ് നരേന്ദ്രമോദി പ്രസംഗിച്ചത്. സ്വാമിയേ ശരണമയ്യപ്പാ എന്ന് നാലു തവണ മോദി വിളിച്ചതോടെ ആടി നിന്ന വോട്ടുകളും എന്‍ഡിഎ പക്ഷത്തേക്ക് മറിഞ്ഞു. ബിജെപിയുടെയും ബിഡിജെഎസിന്റെയും ഐക്യം മോദിയുടെ സന്ദര്‍ശനത്തോടെ ഉഷാറായി. മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബിഡിജെഎസിന്റെ നേതാക്കള്‍ തങ്ങളുടെ സ്വാധീനമുള്ള സ്ഥലങ്ങളില്‍ വീടു കയറി വോട്ടുറപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. കോന്നി, റാന്നി മണ്ഡലങ്ങളില്‍ വലിയ മാറ്റം വോട്ടിങില്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉപകരിച്ചു. കോന്നിയില്‍ കെ. സുരേന്ദ്രന് മാത്രമായി 40,000 വോട്ടുണ്ട്. അത് എന്‍ഡിഎ വോട്ട് എന്നതിനേക്കാളുപരി സുരേന്ദ്രന്റെ വ്യക്തി പ്രഭാവം കൊണ്ട് കൂടി ലഭിക്കുന്നതാണ്. മോദിയുടെ സന്ദര്‍ശനം, ബിഡിജെഎസിന്റെ പരിശ്രമം, മോദിക്കെതിരായി അടൂര്‍ പ്രകാശിട്ട ഫേസ് ബുക്ക് പോസ്റ്റ് എന്നിവ വലിയ തോതില്‍ സുരേന്ദ്രന് വേണ്ടി വോട്ടൊഴുകാന്‍ കാരണമാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വര്‍ഗീയപരമായി ചിത്രീകരിച്ച് അടൂര്‍ പ്രകാശ് പുലിവാല്‍ പിടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന് ലഭിച്ചിരിക്കുന്ന കമന്റ് അതാണ് വ്യക്തമാക്കുന്നത്. റോബിന്‍ പീറ്ററിന് വോട്ട് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ഹൈന്ദവര്‍ ഒന്നടങ്കം മാറി ചിന്തിക്കുമെന്ന സൂചനയാണ് പോസ്റ്റിലുള്ളത്.
റാന്നിയിലെ അവസ്ഥയും വ്യത്യസ്തമല്ല. ആടി നിന്ന നായര്‍ വോട്ടുകളില്‍ വലിയൊരു ശതമാനം മോദിയുടെ വരവോടെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. പത്മകുമാറിന് ഉറച്ചു. അയിരൂര്‍, ചെറുകോല്‍ മേഖലകളില്‍ നിന്നാകും കൂടുതല്‍ നായര്‍ വോട്ടുകള്‍ എന്‍ഡിഎ പാളയത്തിലേക്ക് എത്തുക.
റാന്നിയിലെ എല്‍ഡിഎഫ് പാളയത്തില്‍ പട നടക്കുന്നു. കെട്ടിയിറക്കപ്പെട്ട കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥി പ്രമോദ് നാരായണനെ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും സഹായിക്കുന്നില്ല. സിപിഎം കേന്ദ്രങ്ങളിലും പ്രവര്‍ത്തനം മന്ദഗതിയിലാണ്. യുഡിഎഫില്‍ റിങ്കുചെറിയാന്റെ അവസ്ഥയും വ്യത്യസ്തമല്ല. കോണ്‍ഗ്രസിലെ ഒരു വിഭാഗം കാലുവാരാന്‍ ഇറങ്ങി തിരിച്ചിട്ടുണ്ട്. സര്‍വേ ഫലങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം വന്നിരിക്കുന്നത്. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ എന്‍ഡിഎയാണെന്നുള്ളതാണ് സത്യം. പത്തനംതിട്ട എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റു കൂടിയായ കെ. പത്മകുമാറിന് വേണ്ടി ബിഡിജെഎസും എസ്എന്‍ഡിപിയും ഒറ്റക്കെട്ടായി രംഗത്തുണ്ട്.
ഓര്‍ത്തഡോക്സ് സഭയും എന്‍ഡിഎയ്ക്ക് വേണ്ടി രംഗത്തുണ്ട്. ആറന്മുളയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു മാത്യുവിന് ശക്തമായ പിന്തുണയാണ് സഭ നല്‍കുന്നത്. ഓര്‍ത്തഡോക്സ് വോട്ടുകള്‍ ബിജു മാത്യുവിന് നല്‍കണമെന്നാണ് നിര്‍ദേശം. ഇതിന് അനുസൃതമായി ബിജെപി വോട്ടുകള്‍ കൂടി വീഴുന്നതോടെ ആറന്മുള പ്രവചനാതീതമാണ്.
അടൂരിലും കാര്യങ്ങള്‍ എന്‍ഡിഎയുടെ വഴിയിലേക്ക് നീങ്ങുന്നു. പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷിനെ മോദി പങ്കെടുക്കുന്ന വേദിയില്‍ എത്തിച്ചിരുന്നു. ബിജെപി ഭരിക്കുന്ന ജില്ലയിലെ ഏക നഗരസഭയായ പന്തളത്ത് വോട്ട് വിഹിതത്തില്‍ വര്‍ധനവുണ്ടാകാന്‍ മോദിയുടെ സന്ദര്‍ശനം ഉപകരിക്കും.
എന്‍ഡിഎ ഏറ്റവും പിന്നാക്കം നിന്നിരുന്ന തിരുവല്ലയിലും ഉണര്‍വ് പ്രകടമാണ്. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയാണ് തിരുവല്ലയില്‍ മത്സരിക്കുന്നത്. ആദ്യം അശോകന് എതിരായ ഒരു ട്രെന്‍ഡായിരുന്നു അവിടെ ഉണ്ടായിരുന്നത്. മോദിയുടെ വരവോടെ അതിനും അയവു വന്നു.
Your comment?