അടൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മകന്റെ ചികിത്സയ്ക്കായി പ്രാര്‍ഥനകളോടെ ആശുപത്രി വരാന്തയില്‍

തിരുവനന്തപുരം: ആര്‍സിസിയിലേക്കു നോക്കിയ ശിവകിരണ്‍ അച്ഛനെ ഒന്നുകൂടി മുറുകെപ്പിടിച്ചു. ‘പേടിക്കാനൊന്നുമില്ല മോനേ..’ അച്ഛന്‍ കണ്ണന്റെ ആശ്വാസവാക്കുകള്‍. കണ്ണന്റെ തോളില്‍ ചേര്‍ന്നുകിടന്ന മകന്റെ മുഖം അമ്മ സജിതാമോള്‍ തുടച്ചുകൊടുത്തു.
അടൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ജി.കണ്ണനാണു മകനുമായി ആശുപത്രിയുടെ പടവുകള്‍ കയറുന്നതെന്നു മറ്റാര്‍ക്കും മനസ്സിലായില്ല,
രക്താര്‍ബുദത്തിനു ചികിത്സയിലാണ് 9 വയസ്സുള്ള ശിവകിരണ്‍. ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനു വൈകിട്ടുവരെ അവധി നല്‍കേണ്ടിവന്നു കണ്ണന്. സജിതാമോള്‍ക്കൊപ്പം ശിവകിരണിനെ ആശുപത്രിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു.
പക്ഷേ, രാത്രിയായപ്പോള്‍ ശിവകിരണിനു നിര്‍ബന്ധം, ‘അച്ഛനും കൂടി വരണം.’ പ്രവര്‍ത്തകരെ വിളിച്ചു പ്രചാരണസമയം പുനഃക്രമീകരിച്ചു.ഓമല്ലൂര്‍ മാത്തൂര്‍ ഗവ.യുപി സ്‌കൂളില്‍ പഠിക്കുന്ന ശിവകിരണിനു 3 വര്‍ഷം മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്.
Your comment?