കണ്ണനെ കാക്കണം: പത്തു രൂപ നല്‍കി സഹായിക്കണം:സാമ്പത്തിക ബുദ്ധിമുട്ടുള്ള അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ധനസമാഹരണത്തിനായി യൂത്ത് കോണ്‍ഗ്രസ്
അടൂര്‍: സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്‍ അടൂരില്‍ മത്സരിക്കാനെത്തിയത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ചെലവേറിയ ഇക്കാലത്ത് സാമ്പത്തികമായി പിടിച്ചു നില്‍ക്കാന്‍ കണ്ണന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടും കാര്യമായില്ല. ഫണ്ടില്ലാത്തതിന്റെ ബുദ്ധിമുട്ട് കെപിസിസി പ്രസിഡന്റ് തന്നെ തുറന്നു പറഞ്ഞ് വിലപിക്കുന്നത് നമ്മള്‍ കണ്ടു. പ്രധാന എതിരാളികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം കെങ്കേമമാക്കുമ്പോള്‍ അതിനൊപ്പം ചെലവഴിക്കാന്‍ കണ്ണനുള്ള ബുദ്ധിമുട്ട് ഒടുക്കം യൂത്ത് കോണ്‍ഗ്രസുകാര്‍ തിരിച്ചറിഞ്ഞു. കണ്ണനെ സഹായിക്കാന്‍ വേണ്ടി അവര്‍ തന്നെ രംഗത്തിറങ്ങി.
യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നമ്മുടെ കണ്ണനൊരു കൈത്താങ്ങ് പ്രവര്‍ത്തനം തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടൂരിലെ എല്ലാ ബൂത്തുകളിലും എത്തി കണ്ണന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 രൂപ വീതം ശേഖരിക്കുന്നതാണ് പരിപാടി.അടൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പിലാക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗോപു കരുവാറ്റ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിമല്‍ കൈതയ്ക്കല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജി. മനോജ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ ആയ അബു എബ്രഹാം വീരപ്പള്ളി, ജിതിന്‍. ജി. നൈനാന്‍,അലക്സ് കോയിപ്പുറത്ത്, അനന്തു ബാലന്‍, ലക്ഷ്മി അശോക് ബ്ലോക്ക് വൈസ് പ്രസിഡന്റ് അരവിന്ദ് ചന്ദ്രശേഖര്‍, സിജു പഴകുളം കെ എസ് യു നേതാക്കള്‍ ആയ നസ്മല്‍ കാവിളയില്‍,തൗഫീഖ് രാജന്‍ ,രാഹുല്‍ കൈതയ്ക്കല്‍,യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി റസീന നസീര്‍ മണ്ഡലം പ്രസിഡന്റ് ക്രിസ്റ്റോ,അനൂപ്, ബിതുന്‍എന്നിവര്‍ നേതൃത്വം നല്‍കി.
Your comment?