യുഡിഎഫിന് ഈഴവ സ്ഥാനാര്‍ഥികള്‍ ഇല്ല: പത്തനംതിട്ട ജില്ലയില്‍ തിരിച്ചടി നല്‍കാനൊരുങ്ങി ഈഴവ സ്ലീപ്പര്‍ സെല്‍ ആയ ധര്‍മഭട സംഘം
പത്തനംതിട്ട: ജില്ലയില്‍ ഈഴവ സമുദായത്തെ അവഗണിച്ച യുഡിഎഫിന് തിരിച്ചടി നല്‍കാനൊരുങ്ങി ഈഴവ സ്ലീപ്പര്‍ സെല്‍ ആയ ധര്‍മഭട സംഘം. ജില്ലയില്‍ സംവരണം ഒഴികെ നാലു സീറ്റാണുള്ളത്. അതില്‍ റാന്നി, കോന്നി, തിരുവല്ല എന്നിവിടങ്ങളില്‍ ക്രൈസ്തവരും ആറന്മുളയില്‍ നായരുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സംവരണ മണ്ഡലമായ അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്റെ മാതാവ് ഈഴവ സമുദായാംഗമാണ്. ഈഴവ സമുദായത്തിന് ഏറെ പ്രാധാന്യമുള്ള ജില്ലയില്‍ ഒരു ഈഴവനെ പോലും സ്ഥാനാര്‍ഥിയാക്കാന്‍ യുഡിഎഫ് തുനിഞ്ഞിട്ടില്ല. പിന്നാക്ക/ഈഴവ സമുദായത്തിന്റെ ലേബലില്‍ 23 വര്‍ഷം എംഎല്‍എയും മന്ത്രിയുമായിരുന്ന അടൂര്‍ പ്രകാശ് പോലും കോന്നി സീറ്റ് പിടിച്ചു വാങ്ങിയത് ഓര്‍ത്തഡോക്സ് സമുദായത്തില്‍പ്പെട്ട റോബിന്‍ പീറ്ററിന് വേണ്ടിയാണ്. അതിന് പിന്നില്‍ നിഗൂഢതയുമുണ്ട്. അതേ സമയം, എല്‍ഡിഎഫ് കോന്നിയില്‍ ഈഴവ സമുദായത്തില്‍പ്പെട്ട ജനീഷിനെ സ്ഥാനാര്‍ഥിയാക്കി. എന്‍ഡിഎ ആകട്ടെ കോന്നിയിലും റാന്നിയിലും ഈഴവ സമുദായത്തില്‍പ്പെട്ടയാളെ സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്.
ഈഴവ/തീയ സമുദായത്തിന് വേണ്ടി രൂപീകരിച്ച സ്ലീപ്പര്‍ സെല്ലാണ് ധര്‍മഭട സംഘം. എവിടെ സമുദായത്തിനും അതിലെ അംഗത്തിനും തിരിച്ചടി നേരിടുന്നുവോ അവിടെ ഈ സെല്ലിന്റെ പിന്തുണ ഉണ്ടാകും. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചിലയിടത്ത് സ്ഥാനാര്‍ഥികള്‍ അപ്രതീക്ഷിത വിജയം നേടിയതിനും ചിലര്‍ പരാജയപ്പെട്ടതിനും കാരണം ഈ സ്ലീപ്പര്‍ സെല്ലായിരുന്നു.
ഒരേ മണ്ഡലത്തില്‍ രണ്ട് ഈഴവ സമുദായാംഗങ്ങള്‍ വന്നാല്‍ അവരില്‍ നിന്നും സമുദായത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന, വിശ്വാസ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാള്‍ക്ക് വേണ്ടി അണ്ടര്‍ ഗ്രൗണ്ട് വര്‍ക്ക് നടത്തുകയാണ് ലക്ഷ്യം. ഈ നിലയ്ക്ക് യുഡിഎഫിന്റെ ഒരു സ്ഥാനാര്‍ഥിക്കും ഈഴവ സമുദായത്തില്‍ നിന്നുള്ള വലിയൊരു ശതമാനം വോട്ട് ലഭിക്കാനുള്ള സാധ്യതയില്ല. അടൂരില്‍ എംജി കണ്ണനെ സഹായിക്കുക എന്നൊരു തീരുമാനം സ്ലീപ്പര്‍ സെല്‍ എടുത്തിട്ടുണ്ട്.
റാന്നിയിലും കോന്നിയിലും എന്‍ഡിഎ സ്ഥാനാര്‍ഥികളെയാകും ധര്‍മഭട സംഘം സംരക്ഷിക്കുക എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലും യുഡിഎഫിന് തിരിച്ചടി നേരിടാനുള്ള സാധ്യത ഏറെയാണെന്ന് ധര്‍മഭട സംഘം വക്താക്കള്‍ സൂചന നല്‍കി.
Your comment?