5:32 pm - Tuesday November 24, 9068

കണ്ണനുണ്ട് കണ്ണു നിറയ്ക്കുന്ന ഭൂതകാലം: അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്റെ ജീവിത വഴികളിലൂടെ ഒരു യാത്ര

Editor

അടൂര്‍: കനല്‍ വഴികളിലൂടെയായിരുന്നു ഇതു വരെയുള്ള യാത്രകള്‍…ഇപ്പോഴും അതിന് മാറ്റമൊന്നുമില്ല. ഓര്‍ക്കുമ്പോള്‍ കണ്ണു നിറഞ്ഞു വരും കണ്ണന്. പട്ടിണിയും ദാരിദ്ര്യവും ദുരിതവും സമ്മാനിച്ച ബാല്യ-കൗമാരങ്ങള്‍. സൈക്കിള്‍ ചവിട്ടി പത്ര വിതരണം നടത്തിയും കേബിള്‍ ടിവി ടെക്നിഷ്യനായും ഒരു പാട് വേഷം കെട്ടിയാടേണ്ടി വന്നു വളര്‍ന്നു വരാന്‍. കൂലിപ്പണിക്കാരനായ അച്ഛന്‍, തൊഴിലുറപ്പ് ജോലിക്ക് പോകുന്ന അമ്മ. ഇപ്പോഴും ആ പഴയ ജീവിതത്തിന് വലിയ മാറ്റമൊന്നുമില്ല. ജീവിത ദുരിതങ്ങള്‍ താണ്ടി പൊതുപ്രവര്‍ത്തകനായി കണ്ണന്‍. ഒരു തവണ പഞ്ചായത്തംഗവും രണ്ടു തവണ ജില്ലാ പഞ്ചായത്തംഗവുമായി. ഇപ്പോള്‍ അടൂര്‍ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് ജനവിധി തേടുന്നു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ ഊര്‍ജസ്വലനായി നടക്കുന്ന, ചിരിച്ചു കൊണ്ട് നമ്മോടൊക്കെ സംസാരിക്കുന്ന ഈ ചെറുപ്പക്കാരന് അധികമാരും അറിയാത്ത ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ഒരു ജീവിതം. ചെറുപ്പത്തിലെ ദുരിതത്തില്‍ നിന്ന് കഷ്ടിച്ച് കരകയറി ജീവിതം കരുപ്പിടിപ്പിക്കുമ്പോഴാണ് മകന്‍ ശിവകിരണിന്(9) രക്താര്‍ബുദം ബാധിക്കുന്നത്. കുഞ്ഞുമായി തിരുവനന്തപുരം ആര്‍സിസിയില്‍ കഴിയുമ്പോഴാണ് കരളലിയിക്കുന്ന നിരവധി കാഴ്ചകള്‍ കണ്ണന്‍ കണ്ടത്. സ്വന്തം മകനെപ്പോലെ രോഗത്തിന്റെ കാഠിന്യത്തില്‍ നീറിപ്പുകയുന്ന ബാല്യങ്ങള്‍. അവരില്‍ ചിലര്‍ക്കെങ്കിലും സാന്ത്വനമാകാന്‍ കണ്ണന്‍ ആഗ്രഹിച്ചു. അഞ്ചു വര്‍ഷമായി മകന് ചികില്‍സ തുടരുകയാണ്. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങിയാണ് ചികില്‍സ. അതിനിടെ സുമനസുകളെ കണ്ടെത്തി ആര്‍സിസിയില്‍ ചികില്‍സയ്ക്ക് എത്തുന്ന മറ്റു കുഞ്ഞുങ്ങള്‍ക്കും സഹായം നല്‍കാന്‍ കണ്ണന്‍ ശ്രമിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം കണ്ണന്റെ യജ്ഞത്തില്‍ പങ്കാളിയായി.

ദുരിതവും ദാരിദ്ര്യവും നിറഞ്ഞ ജീവിതം കണ്‍മുന്നില്‍ നിന്ന് മാഞ്ഞു പോകുന്നില്ല കണ്ണന്. മരംവെട്ടു തൊഴിലാളിയായിരുന്നു അച്ഛന്‍. അമ്മ കൂലിപ്പണിക്കും പോകും. രണ്ടു പേരും സമ്പാദിച്ചു കൊണ്ടു വരുന്നത് കൊണ്ടു വേണം കുടുംബം കഴിയാന്‍. ഇടയ്ക്ക് ദീര്‍ഘനാള്‍ കൂലിപ്പണി കിട്ടാതെ വരും.അപ്പോള്‍ അടുപ്പ് പുകയില്ല. മകനെയും മകളെയും പഠിപ്പിച്ച് വലിയ ജോലിക്കാരാക്കിയാല്‍ കുടുംബം രക്ഷപ്പെടുമെന്ന് ആ അച്ഛനുമമ്മയും സ്വപ്നം കണ്ടു. പക്ഷേ, അവരുടെ കഷ്ടപ്പാടുകള്‍ കണ്ട്, അവരെ സഹായിക്കാന്‍ വേണ്ടി ചെറുപ്പത്തില്‍ തന്നെ കൊച്ചു കൊച്ച് പണികള്‍ തേടി കണ്ണനും പോയി. അങ്ങനെയാണ് പത്ര വിതരണക്കാരനും പിന്നീട് ഏജന്റുമായത്. കേബിള്‍ ടിവി പണിക്ക് പോയതും അതിന്റെ ഭാഗമായിരുന്നു. ഇന്നും മാതാപിതാക്കള്‍ ജോലിക്ക് പോകുന്നുവെന്ന് പറയുമ്പോള്‍ കണ്ണന്റെ കണ്ണ് നിറയുന്നു.

ബിരുദ പഠനത്തിന് ശേഷമാണ് കേബിള്‍ ടിവി ടെക്നീഷ്യനായത്. ഇന്നും പത്ര ഏജന്‍സി തുടരുന്നു. എത്ര തിരക്കുണ്ടായാലും പത്ര വിതരണം കഴിഞ്ഞാണ് പൊതുപ്രവര്‍ത്തനത്തിന് പോലും പോകുന്നത്. പാര്‍ട്ടിക്ക് വേണ്ടിയും തല്ല് ഏറെ കൊണ്ടിട്ടുണ്ട് കണ്ണന്‍. ഇടയ്ക്ക് കോവിഡും പിടിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി രണ്ടു തവണ ചുമതല വഹിച്ചു. വര്‍ധിത വീര്യവുമായിട്ടായിരുന്നു രണ്ടാം വരവ്. പൊലീസിന്റെ അടി കൊണ്ട് രണ്ടു തവണ തല പിളര്‍ന്നു. ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നു. പാര്‍ട്ടിക്ക് വേണ്ടി സഹിച്ച ത്യാഗങ്ങളാണ് അടൂരില്‍ കണ്ണനെ മത്സരിപ്പിക്കാന്‍ നേതൃത്വത്തിന് തുണയായത്. തിരുവഞ്ചുരിന് ശേഷം കൈവിട്ടു പോയ മണ്ഡലം ഇക്കുറി തിരികെ പിടിക്കാന്‍ കണ്ണന് കഴിയുമെന്ന് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു. അതു കൊണ്ട് തന്നെ കണ്ണന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തുണ്ട്.

സാധാരണക്കാരില്‍ സാധാരണക്കാരനായ ഈ ചെറുപ്പക്കാരന്‍ ഒരു ഭാവി വാഗ്ദാനമാണ്. അപരന്റെ വേദന അറിയുന്ന, അവനെ സഹായിക്കാന്‍ കഴിയുന്ന കണ്ണനെ ഓര്‍ത്ത് അഭിമാനിക്കുന്നു പിതാവ് ഗോപിയും മാതാവ് ശാന്തയും. സജിത മോളാണ് കണ്ണന്റെ ഭാര്യ. ശിവഹര്‍ഷ് ഇളയ മകനാണ്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

യുഡിഎഫിന് ഈഴവ സ്ഥാനാര്‍ഥികള്‍ ഇല്ല: പത്തനംതിട്ട ജില്ലയില്‍ തിരിച്ചടി നല്‍കാനൊരുങ്ങി ഈഴവ സ്ലീപ്പര്‍ സെല്‍ ആയ ധര്‍മഭട സംഘം

‘അടൂരിലോട്ട്’ അടൂര്‍ വാര്‍ത്ത അവതരിപ്പിക്കുന്ന പ്രീ -പോള്‍ സര്‍വ്വേ തത്സമയും.. ഇന്ന് രാത്രി എട്ടു മുതല്‍ ഒമ്പതു വരെ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ