എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്സാക്കി: പി മോഹന്‍രാജ് തിരികെ കോണ്‍ഗ്രസില്‍
പത്തനംതിട്ട: ആറന്മുള സീറ്റ് കിട്ടാത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ച കെപിസിസി അംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായ പി മോഹന്‍രാജ് ദിവസങ്ങള്‍ക്കകം പാര്‍ട്ടിയില്‍ തിരിച്ചെത്തി. ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍ നായരുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ന ഉമ്മന്‍ചാണ്ടിയുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മോഹന്‍രാജ് പാര്‍ട്ടിയില്‍ തിരികെ എത്തിയത്. ഇന്ന് രാവിലെ 11 ന് റോയല്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. ഉദ്ഘാടനത്തിനെത്തുന്ന ഉമ്മന്‍ചാണ്ടി മോഹന്‍രാജിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വിവരം ശിവദാസന്‍ നായര്‍ തന്നെയാണ് രാവിലെ വീട്ടിലെത്തി മോഹന്‍രാജിനെ അറിയിച്ചത്. ഡിസിസിയിലെത്തിയ മോഹന്‍രാജിനെയും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനെയും കൂട്ടി ഒരു മുറിയില്‍ ഉമ്മന്‍ചാണ്ടി 15 മിനുട്ടോളം ചര്‍ച്ച നടത്തി.
അതിന് ശേഷം പുറത്തു വന്ന മോഹന്‍രാജ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത് പ്രസംഗിക്കുകയും ചെയ്തു. മോഹന്‍രാജിനെ അനുനയിപ്പിക്കാന്‍ എന്തു പൊടിക്കൈയാണ് ഉമ്മന്‍ചാണ്ടി പ്രയോഗിച്ചത് എന്ന കാര്യം വ്യക്തമല്ല. എന്തായാലും കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മോഹന്‍രാജ് വിഴുങ്ങിയെന്നാണ് സൂചന.
മോഹന്‍രാജിനെ റാഞ്ചാന്‍ വട്ടം ചുറ്റി നടന്ന സിപിഎമ്മിനും ബിജെപിക്കും ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ തിരിച്ചടിയായി.
കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചതിന് പിന്നാലെ ബിജെപി നേതൃത്വം മോഹന്‍രാജിനെ ക്ഷണിച്ചിരുന്നു. സിപിഎം നേതാക്കളുമായി ഫോണിലും അദ്ദേഹം സംസാരിച്ചിരുന്നു. എന്തായാലും താന്‍ ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കിയ മോഹന്‍രാജ് മരണം വരെ താന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നാണ് സിപിഎം നേതാക്കളോട് പറഞ്ഞത്. ആറന്മുളയില്‍ സീറ്റ് നല്‍കാമെന്നും വര്‍ക്ക് തുടങ്ങിക്കോളാനും മോഹന്‍രാജിനോട് നേതൃത്വം പറഞ്ഞിരുന്നു. അവസാന നിമിഷം സീറ്റ് ശിവദാസന്‍ നായര്‍ക്ക് കൊടുത്തതും കോന്നിയില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ തന്റെ കാലുവാരിയ റോബിന്‍ പീറ്റര്‍ക്ക് സീറ്റു കൊടുത്തതുമാണ് മോഹന്‍രാജിന്റെ രാജിക്ക് ആധാരമായത്. വളരെയധികം വികാരാധീനനായിട്ടായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം.
ആറന്മുള സീറ്റ് ചര്‍ച്ച പുരോഗമിക്കുന്നതിനിടെ കെ. ശിവദാസന്‍ നായര്‍ മോഹന്‍രാജിനെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. തനിക്ക് ഇത്തവണ കൂടി ആറന്മുളയില്‍ മത്സരിക്കണമെന്നായിരുന്നു ശിവദാസന്‍ നായരുടെ ആവശ്യം. സ്നേഹപൂര്‍വം മോഹന്‍രാജ് അത് നിരസിച്ചു. മൂന്നു തവണ മത്സരിക്കുകയും രണ്ടു തവണ എംഎല്‍എയാവുകയും ചെയ്ത ശിവദാസന്‍ നായരോട് തനിക്ക് ഇനി അവസരമില്ലെന്നും സീറ്റ് വേണ്ടെന്ന് ഒരിക്കലും പറയില്ലെന്നും പാര്‍ട്ടി ഒഴിവാക്കുന്നെങ്കില്‍ ഒഴിവാക്കട്ടെ എന്നുമാണ് മോഹന്‍രാജ് പറഞ്ഞതത്രേ.
പാര്‍ലമെന്ററി രംഗത്ത് കെ. ശിവദാസന്‍ നായര്‍ നേരിട്ട ശക്തമായ തിരിച്ചടിയായിരുന്നു ആറന്മുളയില്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിനോട് ഏറ്റു വാങ്ങിയ തോല്‍വി. പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം തന്നെ കാലുവാരിയതാണെന്ന് വേദനയോടെ മനസിലാക്കിയ ശിവദാസന്‍ നായര്‍ ആദ്യം പൊട്ടിത്തെറിച്ചു. പിന്നെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീണയുടെ സമുദായം പറഞ്ഞുള്ള വോട്ടു പിടിത്തം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കേസ് നല്‍കി. ആദ്യമൊക്കെ കേസ് ജയിക്കുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഹര്‍ജി കോടതി തള്ളിയതോടെ മൂന്നു വര്‍ഷം നീണ്ട രാഷ്ട്രീയ വനവാസത്തിലായി ശിവദാസന്‍ നായര്‍. ഇനിയും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകണ്ട എന്ന കുടുംബാഗംങ്ങളുടെ നിര്‍ബന്ധവും ശിവദാസന്‍ നായര്‍ക്ക് അനുസരിക്കേണ്ടി വന്നു. പത്തനംതിട്ട കോടതിയില്‍ കേസുമൊക്കെയായി അദ്ദേഹം സജീവമായി.
അങ്ങനെ ഇരിക്കേയാണ് 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നത്. ശബരിമല വിഷയം സജീവമായ ജില്ലയില്‍ കെ സുരേന്ദ്രന്‍ മത്സരിക്കാന്‍ വരുന്നതും വീണാ ജോര്‍ജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതും ആന്റോ ആന്റണിക്ക് തിരിച്ചടിയാകുമെന്ന് കണ്ട് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ഉമ്മന്‍ചാണ്ടിയാണ് ശിവദാസന്‍ നായരെ വീണ്ടും കളത്തില്‍ ഇറക്കിയത്. ആന്റോയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയ ശിവദാസന്‍ നായര്‍ക്ക് വീണ്ടും ആറന്മുള സീറ്റിലേക്ക് പ്രതീക്ഷ നല്‍കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, സെക്രട്ടറി അനീഷ് വരിക്കണ്ണാമല, അംഗം പി മോഹന്‍രാജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടം എന്നിവരുടെ പേരുകള്‍ പലപ്പോഴായി മണ്ഡലത്തില്‍ ഉയര്‍ന്നെങ്കിലും ശിവദാസന്‍ നായര്‍ക്ക് കുലുക്കമൊന്നുമുണ്ടായില്ല. കഴിഞ്ഞ തവണ ശിവദാസന്‍ നായരെ കാലുവാരിയ പാര്‍ട്ടിക്കാര്‍ ഇപ്പോഴും സജീവമാണ്. പത്തനംതിട്ടയില്‍ ഘടക കക്ഷിയായ മുസ്ലിം ലീഗ് കട്ടക്കലിപ്പിലും. കടുത്ത വെല്ലുവിളി തന്നെ ശിവദാസന്‍ നായര്‍ക്ക് നേരിടേണ്ടി വരും.
Your comment?