വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: അടൂര്‍(1283 വ്യാജ വോട്ടര്‍മാര്‍ ): 9 ജില്ലകളിലെ വിവരങ്ങള്‍ ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി
തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഒന്‍പത് ജില്ലകളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ ഇരട്ടിപ്പും ക്രമക്കേടും കണ്ടെത്തിയിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അവകാശപ്പെട്ടു.
വ്യാഴാഴ്ച നല്‍കിയ വിവരങ്ങളനുസരിച്ച് ഏറ്റവും കൂടുതല്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയത് തവന്നൂരാണ്. 4395 പേര്‍. മറ്റു മണ്ഡലങ്ങളുടെ വിവരം ഇങ്ങനെ: കൂത്തുപറമ്പ് (2795), കണ്ണൂര്‍ (1743), കല്‍പ്പറ്റ (1795), ചാലക്കുടി (2063), പെരുമ്പാവൂര്‍ (2286), ഉടുമ്പന്‍ചോല (1168), വൈക്കം(1605), അടൂര്‍(1283). മിക്കയിടത്തും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ഉദുമയില്‍ കുമാരി എന്ന വോട്ടറുടെ കാര്യത്തില്‍ വെളിവാക്കപ്പെട്ടതു പോലെ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് പല തവണ ആവര്‍ത്തിക്കപ്പെടുകയും തങ്ങളുടെ പേരില്‍ കൂടുതല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുകയും ചെയ്ത കാര്യം ഈ വോട്ടര്‍മാര്‍ അറിയണമെന്നില്ല. സംഘടിതമായി ചില നിക്ഷിപ്ത താത്പര്യക്കാരാണ് എല്ലാ മണ്ഡലങ്ങളിലും ഈ കൃത്രകമം നടത്തിയിരിക്കുന്നത്. അവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കയ്യടക്കിയിരിക്കുകയാണ്. പിന്നീട് വോട്ടെടുപ്പിന് കള്ള വോട്ട് ചെയ്യുന്നതിനാണിതെന്ന് വ്യക്തമാണ്. സംസ്ഥാനത്തുട നീളം ഇത് സംഭവിച്ചിരിക്കുന്നത് വലിയ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാ ജില്ലകളിലും ഈ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാ മണ്ഡലങ്ങളിലേയും വോട്ടര്‍ പട്ടിക സൂക്ഷമായി പരിശോധിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവരില്‍ നിന്ന് വിവരം ലഭിക്കുന്ന മുറയ്ക്ക് മറ്റു മണ്ഡലങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
Your comment?