അടൂരിന്റെ അങ്കത്തട്ടില്‍ മൂന്ന് മുന്നണികളും കച്ചമുറുക്കി

അടൂര്‍: വിദേശാധിപത്യത്തിനെതിരേ പോരാടിയ ധീരദേശാഭിമാനി വേലുത്തമ്ബി ദളവ വീര മൃത്യു വരിച്ച മണ്ണടി ഉള്‍പ്പെടുന്ന അടൂര്‍ മണ്ഡലത്തില്‍ ഇക്കുറി പോരാട്ട വീര്യം കൂടും. അടൂരിന്റെ അങ്കത്തട്ടില്‍ മൂന്ന് മുന്നണികളും കച്ചമുറുക്കി. ഒരു കാലഘട്ടത്തില്‍ ആര്‍ക്കും പിടികൊടുക്കാതിരുന്ന അടൂര്‍ 1991 മുതല്‍ തുടര്‍ച്ചയായി നാല് തവണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടിച്ചടക്കി. മണ്ഡലത്തിലെ എം.എല്‍.എ. ആദ്യമായി മന്ത്രിയാകുന്നതും തിരുവഞ്ചൂരിന്റെ കാലത്താണ്. 2011ല്‍ അടൂര്‍ സംവരണ മണ്ഡലമായതോടെ തിരുവഞ്ചൂര്‍ കോട്ടയത്തേക്ക് പോയി. മണ്ഡലത്തിന്റെ രൂപഘട ന മാറിയതോടെ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ്, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടര്‍ച്ചയായി ഇടത് ആഭിമുഖ്യം പുലര്‍ത്തി. അത് നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. മണ്ഡലത്തില്‍ വികസനം പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണെന്നും എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണ വൈകല്യവും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് നേരിടുന്നത്. കഴിഞ്ഞ 10 വര്‍ഷം അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ 6000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും എണ്ണിയെണ്ണി പറഞ്ഞ് വോട്ട് തേടാനാണ് എല്‍.ഡി.എഫ്. തീരുമാനം.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ. രണ്ടാമത് എത്തിയത് ബി.ജെ.പിയുടെ ആത്മ വിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. അടൂര്‍ മണ്ഡലത്തില്‍ നിന്ന് ഏനാദിമംഗലം പഞ്ചായത്ത് കോന്നിയിലേക്ക് മാറ്റിയപ്പോള്‍ കോന്നിയുടെ ഭാഗമായിരുന്ന കൊടുമണും നേരത്ത പന്തളം നിയോജക മണ്ഡലത്തില്‍പ്പെട്ട പന്തളം നഗരസഭയും പന്തളം തെക്കേക്കര, തുമ്ബമണ്‍ പഞ്ചായത്തുകളും അടൂര്‍ മണ്ഡലത്തിന്റെ ഭാഗമായി. കൂട്ടിച്ചേര്‍ക്കപ്പെട്ട മണ്ഡലങ്ങളില്‍ പലതും ഇടതു ആഭിമുഖ്യം പുലര്‍ത്തി വന്നവയായിരുന്നു. കഴിഞ്ഞ ജനുവരി ഒന്ന് വരെയുള്ള കണക്ക് പ്രകാരം 203737 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ 95168 പുരു ഷന്മാരും 108567 സ്ത്രീകളുമാണ്.
യു.ഡി.എഫില്‍ ആരാകും സ്ഥാനാര്‍ഥി; ചിത്രം വ്യക്തമല്ല
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.ജി. കണ്ണന്‍, അടൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ബാബു ദിവാകരന്‍, മഞ്ജു വിശ്വനാഥ്, വി.പി. സജീന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍, സംസ്ഥാന സമിതിയംഗം രാജന്‍ പെരുമ്ബക്കാട്, പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ്,അഡ്വ. കെ. പ്രതാപന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പ്രവചനങ്ങള്‍ക്കും കണക്കു കൂട്ടലുകള്‍ക്കുമൊക്കെ ഉപരിയാണ് അടൂരിന്റെ രാഷ്ട്രീയ മനസ്.
Your comment?