ഇത് ഇവരുടെ പതിവ് പരിപാടി; വാഹനം പിറ്റേന് ഡെലിവറാകുമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് പണം അടപ്പിച്ചു; അക്കൗഡില്‍ പണം എത്തിയെന്ന് ഉറപ്പു വരുത്തിയ ശേഷം വാക്ക് മാറ്റി എസ് എസ് ഹുണ്ടായി അധികൃതര്‍; എസ് എസ് ഹുണ്ടായിക്കെതിരെ ഉയരുന്നത് വ്യാപക പരാതി
അടൂര്‍: ഹ്യൂണ്ടായി വാഹനങ്ങളുടെ ഡീലറായ എസ്എസ് മോട്ടേഴ്സിനെതിരേ പരാതി. പണം അടച്ചാല്‍ പിറ്റേന്ന് വാഹനം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്നാണ് പെരിങ്ങനാട് സ്വദേശിനിയുടെ പരാതി.
കഴിഞ്ഞ മാസം 20 ന് 5000 രൂപ അടച്ച് ഹ്യൂണ്ടായ് വെന്യൂ ഡീസല്‍ യുവതി ബുക്ക് ചെയ്തിരുന്നു. ബുധനാഴ്ച എസ്എസ് ഹ്യൂണ്ടായില്‍ നിന്ന് വിളിച്ച് വണ്ടി സ്റ്റോക്കുണ്ടെന്നും പണം അടച്ചാലുടന്‍ ഡെലിവറി എടുക്കാമെന്നും അറിയിച്ചു. യുവതി തിരക്കിട്ട് സ്വകാര്യ ഫൈനാന്‍സ് കമ്പനിയെ സമീപിച്ച് രേഖകള്‍ എല്ലാംശരിയാക്കി 10 ലക്ഷം രൂപ വായ്പയെടുത്ത് ഡീലറുടെ അക്കൗണ്ടിലേക്ക് വ്യാഴാഴ്ച തന്നെ ഇട്ടു കൊടുത്തു. തുടര്‍ന്ന് വാഹനം എപ്പോള്‍ ലഭിക്കുമെന്ന് ചോദിച്ചപ്പോള്‍ വണ്ടി സ്റ്റോക്കില്ലെന്ന് അറിയിച്ചു. പിന്നെ നിങ്ങള്‍ എന്തിനാണ് പണം അടപ്പിച്ചതെന്ന ചോദ്യത്തിന് മുന്നില്‍ ഷോറൂം ജീവനക്കാര്‍ ഉരുണ്ടു കളിച്ചു.
തുടര്‍ന്ന് യുവതിയുടെ സഹോദരന്‍ എസ്എസ് ഹ്യൂണ്ടായിയുടെ പത്തനംതിട്ടയിലെ ജനറല്‍ മാനേജരെ വിളിച്ച് വിവരം അന്വേഷിച്ചു. വിളിച്ചയാളോട് ജനറല്‍ മാനേജര്‍ തട്ടിക്കയറുകയാണ് ചെയ്തത്. നിങ്ങള്‍ എന്താണ് പൊലീസുകാരെപ്പോലെ ചോദ്യം ചോദിച്ച് വിരട്ടുന്നത് എന്നായിരുന്നു ജനറല്‍ മാനേജരുടെ പ്രതികരണം. വലിയ തട്ടിപ്പാണ് എസ് എസ് ഹ്യൂണ്ടായി നടത്തുന്നതെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. കസ്റ്റമറുടെ കൈയില്‍ നിന്നും പണം മുന്‍കൂറായി വാങ്ങി അത് കാര്‍ കമ്പനിയില്‍ അടച്ച് വാഹനം വരുത്തുകയാണ് ചെയ്യുന്നത്. ഇതു കൊണ്ട് രണ്ടു ഗുണമുണ്ട്. ഷോറൂം ഉടമയ്ക്ക് കൈ നനയാതെ മീന്‍ പിടിക്കാം. കസ്റ്റര്‍ പണം അടച്ച സ്ഥിതിക്ക് പിന്മാറുകയുമില്ല. ഈ തട്ടിപ്പ് ഇവിടെ മാത്രമല്ല മറ്റു വാഹന ഡീലര്‍മാരും നിരന്തരമായി തുടരുകയാണ്. ഈ രീതിയില്‍ പണം വാങ്ങിച്ച് വണ്ടി നല്‍കാതിരുന്നതിന് പത്തനംതിട്ടയിലെ ബുള്ളറ്റ് ഡീലര്‍ മരയ്ക്കാര്‍ മോട്ടേഴ്സിനെതിരേ നേരത്തേ ആര്‍ടിഓ നടപടി എടുത്തിരുന്നു.
ഉപഭോക്താവ് ഫൈനാന്‍സ് കമ്പനിയില്‍ നിന്ന് ലോണ്‍ എടുക്കുന്ന ദിവസം മുതലുളള പലിശ നല്‍കാന്‍ ബാധ്യസ്ഥനാണ്. വാഹന ഡീലര്‍ ഈ പണം കൈപ്പറ്റി രണ്ടാഴ്ചയോളം അയാളുടെ കൈയില്‍ വച്ചിരിക്കുകയാണ്. കസ്റ്റമറും കാര്‍ കമ്പനിയും തമ്മിലുള്ള ഇടപാടില്‍ ഒരു ഇടനിലക്കാരന്റെ വേഷമാണ് ഡീലര്‍ക്കുള്ളത്. ഇയാളുടെ കൈയില്‍ നിന്ന് പണം ചെലവഴിക്കാതെ കസ്റ്റമര്‍ അന്യായ പലിശയ്ക്ക് എടുത്തിരിക്കുന്ന വായ്പ കൊണ്ട് തട്ടിക്കളിക്കുകയാണ് ഡീലര്‍ ചെയ്യുന്നത്.
വഞ്ചിക്കപ്പെടുന്ന ഉപഭോക്താക്കള്‍ പരാതിയുമായി പോകാറില്ല. ഇങ്ങനെ പണം മുന്‍കൂറായി കൈപ്പറ്റിയ ശേഷം പറഞ്ഞ സമയത്ത് വാഹനം നല്‍കിയില്ലെങ്കില്‍ ആര്‍ടിഓയ്ക്ക് നടപടി എടുക്കാം. ഉപഭോക്തൃ കോടതിയെയും സമീപിക്കാം. താന്‍ ആര്‍ടിഓയ്ക്കും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലും പരാതി നല്‍കുമെന്ന് അടൂരില്‍ തട്ടിപ്പിന് ഇരയായ യുവതിയുടെ സഹോദരന്‍ പറഞ്ഞു.
Your comment?