കോണ്‍ഗ്രസിലും ബിജെപിയിലും നടക്കുന്നത് തിരക്കിട്ട ചര്‍ച്ചകള്‍.എം.ജി കണ്ണനു വേണ്ടി ഒരു വിഭാഗം ; ബാബു ദിവാകരനെങ്കില്‍ വിജയം ഉറപ്പെന്ന് പ്രദേശിക നേതാക്കള്‍ ; വി.ടി അജോമോനും സജീവ പരിഗണനയില്‍
അടൂര്‍:നിലവിലെ അടൂര്‍ MLA ചിറ്റയം ഗോപകുമാറിനെ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തിരക്കിട്ട ചര്‍ച്ചയിലാണ്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്‍, അടൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ബാബു ദിവാകരന്‍, ജില്ലാ പഞ്ചായത്തംഗം വി.ടി അജോമോന്‍ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ എം.ജി കണ്ണന്‍ 2 തവണ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സരിക്കുമെന്ന് എം.ജി കണ്ണന്‍ ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. യുവത്വം വോട്ടായി മാറും എന്നാണ് കണ്ണനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നത്.
അതേ സമയം മണ്ഡലത്തില്‍ ഉള്ള ആള്‍ തന്നെ സ്ഥാനാര്‍ത്ഥിയായി വരണമെന്ന വികാരം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. പ്രാദേശിക വികാരം നേതൃത്വം പരിഗണിച്ചാല്‍ അടൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ കൂടിയായ ബാബു ദിവാകരനാണ് സാധ്യത. സംവരണ മണ്ഡലമായ അടൂരില്‍ കഴിഞ്ഞ 2 തവണയും ബാബു ദിവാകരന്റെ പേര് അവസാനം വരെ സജീവ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.എന്നാല്‍ പന്തളം സുധാകരന്‍, കെ.കെ ഷാജു എന്നിവരാണ് സ്ഥാനാര്‍ത്ഥികളായത്.നഗരസഭ ചെയര്‍മാന്‍ എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളും, രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളും ബാബു ദിവാകരന് അനുകൂല ഘടകമായി മാറും.മണ്ഡലത്തില്‍ സ്വാധീനമുള്ള സമുദായ സംഘടനകളും ബാബു ദിവാകരനാണ് സ്ഥാനാര്‍ത്ഥി എങ്കില്‍ സഹായിക്കാമെന്ന നിലപാടിലാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റും DCC ജന:സെക്രട്ടറിയുമായ ബാബു ദിവാകരന് വേണ്ടി നവ മാധ്യമങ്ങളിലും, അല്ലാതെയും, സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയായി വരണമെന്നാവശ്യപ്പെട്ടുള്ള പ്രചരണം ശക്തമാക്കിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായ വി.ടി അജോമോന്‍ നിലവില്‍ കോന്നി ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചാത്തംഗം ആണ്. അജോമോന്റെ പേരും പാര്‍ട്ടി സജീവമായി പരിഗണിക്കുന്നുണ്ട്.
ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന അടൂരില്‍ പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീലാ സന്തോഷാകും സ്ഥാനാര്‍ത്ഥിയാവുക.
Your comment?