സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം താളംതെറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം താളംതെറ്റി. രജിസ്റ്റര്‍ ചെയ്തവര്‍ക്കൊപ്പം കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനാവാത്തവര്‍ നേരിട്ട് ആശുപത്രികളിലെത്തിയതോടെ പലകേന്ദ്രങ്ങളിലും വന്‍തിരക്ക് അനുഭവപ്പെട്ടു. പലര്‍ക്കും മണിക്കൂറുകളോളം കാത്തുനിന്നശേഷമാണ് വാക്‌സിന്‍ ലഭിച്ചത്.
പോര്‍ട്ടലിലെ തകരാറാണ് വിതരണം അവതാളത്തിലാക്കിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ദിവസം ഒരു കേന്ദ്രത്തില്‍ പരമാവധി 200 പേര്‍ക്കുവരെയാണ് അനുവദിക്കുന്നത്. എന്നാല്‍, രജിസ്റ്റര്‍ ചെയ്യുന്ന മിക്കവര്‍ക്കും അതത് ദിവസംതന്നെ പോര്‍ട്ടലില്‍ സമയം അനുവദിക്കുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാത്രം ആയിരത്തിലധികം പേര്‍ക്കെങ്കിലും വ്യാഴാഴ്ച സമയം അനുവദിക്കപ്പെട്ടതായാണ് വിവരം. ഇതോടെ ആശുപത്രി അധികൃതര്‍ സ്വന്തംനിലയ്ക്ക് ശനിയാഴ്ചവരെയുള്ള ദിവസങ്ങളില്‍ സമയം അനുവദിച്ച് ടോക്കണ്‍ നല്‍കുകയായിരുന്നു.
Your comment?