ഇതര മതക്കാരനെ പ്രണയിച്ച കൗമാരക്കാരിയുടെ തല മൊട്ടയടിച്ചു: സംഭവത്തില്‍ കുടുംബത്തിലെ അഞ്ചുപേരെ നാടുകടത്തി
പാരിസ് :ഇതര മതക്കാരനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ കൗമാരക്കാരിയുടെ തല മൊട്ടയടിച്ച സംഭവത്തില്‍ കുടുംബത്തിലെ അഞ്ചുപേരെ നാടുകടത്തി ഫ്രാന്‍സ്. സെര്‍ബിയന്‍ യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണു ബോസ്‌നിയന്‍ പെണ്‍കുട്ടിയെ മൊട്ടയടിച്ചതെന്നു നടപടി വിശദീകരിക്കവെ ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ പറഞ്ഞു.
17കാരിയുടെ മാതാപിതാക്കള്‍, അമ്മാവന്‍, അമ്മായി ഉള്‍പ്പെടെയുള്ള ബന്ധുക്കളെയാണു രാജ്യത്തുനിന്നു പുറത്താക്കിയതെന്നു വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ചെന്ന കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയ രക്ഷിതാക്കളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അഞ്ചുവര്‍ഷത്തേക്കാണു കോടതി പ്രതികളെ നാടുകടത്തിയത്. പെണ്‍കുട്ടിയെ ഫ്രഞ്ച് സോഷ്യല്‍ സര്‍വീസസ് സംരക്ഷിക്കുമെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ റസിഡന്‍സ് പെര്‍മിറ്റ് നല്‍കുമെന്നും പൗരത്വ മന്ത്രി മാര്‍ലീന്‍ ഷിയാപ്പ പറഞ്ഞു.
കുട്ടിയെ മൊട്ടയടിച്ച അമ്മാവന്റെയും അമ്മായിയുടെയും അഭയാര്‍ഥി പദവി കോടതി അനുവദിച്ചെങ്കിലും മാതാപിതാക്കളുടേതു നിരസിച്ചു. മാതാപിതാക്കളെ ഫ്രാന്‍സില്‍നിന്നു പുറത്താക്കണമെന്നു നിലപാടെടുത്ത കോടതി, അഭയാര്‍ഥി പദവിയുള്ള മറ്റു ബന്ധുക്കള്‍ സ്വയമേവ രാജ്യം വിടണമെന്നു നിര്‍ദേശിച്ചു. ബോസ്‌നിയ-ഹെര്‍സെഗോവിനയില്‍നിന്നു രണ്ടുവര്‍ഷം മുന്‍പാണു കുടുംബത്തോടൊപ്പം പെണ്‍കുട്ടി വന്നത്. ഒരേ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇരുപതുകാരനുമായി പ്രണയബന്ധത്തിലായിരുന്നു.
Your comment?