ഒടുവില്‍ ആ പഴി ‘കോവിഡിനെ തുരത്താന്‍ നാടുനയിച്ച’ ചിറ്റയം ഗോപകുമാറിന്റെ ‘തലയില്‍’ കൊണ്ടു വച്ചു കെട്ടുന്നു
അടൂര്‍: ആ പഴി ഒടുക്കം ചിറ്റയം ഗോപകുമാറില്‍ ചെന്നെത്തിയിരിക്കുന്നു. തിരുവല്ലയില്‍ പിടിയിലായ നോട്ടിരട്ടിപ്പ് സംഘവുമായി ബന്ധമുള്ള എംഎല്‍എയുടെ ‘ബ്രോ’ എന്ന് പറയുന്നത് ചിറ്റയത്തിന്റെ അടുത്തയാളാണെന്ന് ആരോപിച്ച് എസ്ഡിപിഐ സമരം തുടങ്ങി. അടൂരില്‍ എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. നാളെ തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു. അതേസമയം, നടക്കുന്നത് അപവാദ പ്രചാരണമാണെന്നും കേസ് കൊടുക്കുമെന്നും ചിറ്റയം അറിയിച്ചു.
കഴിഞ്ഞ ദിവസം കുറ്റപ്പുഴയിലെ ഹോം സ്റ്റേയില്‍ താമസിച്ച് വ്യാജനോട്ട് നിര്‍മിച്ചതിന് കണ്ണൂര്‍ ശ്രീകണ്ഠപുരം ചെമ്പേലി തട്ടപ്പറമ്പില്‍ വീട്ടില്‍ എസ് ഷിബു (43), ഷിബുവിന്റെ ഭാര്യ സുകന്യ (നിമിഷ-31), ഷിബുവിന്റെ സഹോദരന്‍ തട്ടാപ്പറമ്പില്‍ വീട്ടില്‍ എസ്. സജയന്‍ (35), ഷിബുവിന്റെ പിതൃ സഹോദര പുത്രന്‍ കാഞ്ഞിരപ്പള്ളി കൊടുങ്ങൂര്‍ തട്ടാപ്പറമ്പില്‍ വീട്ടില്‍ സജി (38), കൊട്ടാരക്കര ജവഹര്‍നഗര്‍ ഗാന്ധി മുക്ക് ലക്ഷം വീട് കോളനിയില്‍ സുധീര്‍ (40 )എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയത്തു വച്ചാണ് പ്രതികളില്‍ ഒരാള്‍ പിടിയിലായത്. ശേഷിച്ചവര്‍ കൊട്ടാരക്കരയ്ക്ക് കടക്കും വഴി പന്തളത്ത് വച്ചും അറസ്റ്റിലായി. ഇതില്‍ മുഖ്യപ്രതിയായ ഷിബുവാണ് ചോദ്യം ചെയ്യലിനിടെ ഒരു ഇടതു എംഎല്‍എയുടെ ‘ബ്രോ’ നോട്ടിരട്ടിപ്പിനായി ആറു ലക്ഷം നല്‍കിയെന്ന് വെളിപ്പെടുത്തിയത്. മൊഴിയിലെ ഈ ഭാഗം പൊലീസ് രേഖപ്പെടുത്താതെ വിട്ടു.
എന്നാല്‍, ഇത് ചിറ്റയത്തിന്റെ ‘ബ്രോ’ ആണെന്ന് ആരോപിച്ച് എസ്ഡിപിഐ രംഗത്തു വരികയായിരുന്നു. അനില്‍ ചേട്ടന്‍ എന്നൊരു പേരാണ് പ്രതി ഷിബു പൊലീസിനോട് പറഞ്ഞതത്രേ. ഈ പേരില്‍ ഒരാള്‍ ചിറ്റയത്തിന്റെ നാട്ടുകാരനായിട്ടുണ്ട്. തിരുവല്ലയില്‍ സര്‍ക്കാര്‍ വകുപ്പിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.
വാര്‍ത്ത പുറത്തു വന്നതോടെ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഐബിയും ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ ഒരാള്‍ തന്റെ ‘ബ്രോ’ ആയിട്ടില്ലെന്നും സംശയിക്കപ്പെടുന്നയാള്‍ തന്റെ നാട്ടുകാരനാണെന്നുമാണ് എംഎല്‍എ ഒരു മാധ്യമത്തിനോട് പറഞ്ഞിരിക്കുന്നത്. അതേ സമയം, അനില്‍കുമാറിനെ കണ്ടെത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യുമെന്നും രഹസ്യാന്വേഷണ വിഭാഗവും സൂചിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്തിന്റെ നേതൃത്വത്തില്‍ എസ്ഡിപിഐ അടൂര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.
Your comment?