തിരുവല്ലയിലെ കള്ളനോട്ട് കേസ് അന്വേഷണം അട്ടിമറിച്ചു : എം.എല്‍.എയുടെ പി.എയ്ക്ക് പങ്ക് മുഖ്യപ്രതിയുടെ മൊഴി
തിരുവല്ല: പോലീസിന്റെ പിടിയിലായ വന്‍ കള്ളനോട്ട് സംഘത്തിന് ഉന്നത രാഷ്ട്രീയ ബന്ധമെന്ന് സൂചന. രാഷ്ട്രീയ ബന്ധം വ്യക്തമാക്കുന്ന പ്രതികളുടെ മൊഴി രേഖപ്പെടുത്താതെ പോലീസ് അന്വേഷണം അട്ടിമറിച്ചു. സംസ്ഥാനത്തെ ഒരു എം.എല്‍.എയുടെ പി.എ. നോട്ടിരട്ടിപ്പിന് ചെന്നുവെന്ന മുഖ്യപ്രതിയുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്താതെ വിട്ടെന്ന് പരാതിയുള്ളത്. കുറ്റപ്പുഴയിലെ ഹോം സ്റ്റേ ഉടമയായ ഷീല തോമസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ശ്രീകണ്ഠപുരം ചെമ്പേലി തട്ടപ്പറമ്പില്‍ വീട്ടില്‍ എസ് ഷിബു (43), ഷിബുവിന്റെ ഭാര്യ സുകന്യ (നിമിഷ-31), ഷിബുവിന്റെ സഹോദരന്‍ തട്ടാപ്പറമ്പില്‍ വീട്ടില്‍ എസ്. സജയന്‍ (35), ഷിബുവിന്റെ പിതൃ സഹോദര പുത്രന്‍ കാഞ്ഞിരപ്പള്ളി കൊടുങ്ങൂര്‍ തട്ടാപ്പറമ്പില്‍ വീട്ടില്‍ സജി (38), കൊട്ടാരക്കര ജവഹര്‍നഗര്‍ ഗാന്ധി മുക്ക് ലക്ഷം വീട് കോളനിയില്‍ സുധീര്‍ (40 )എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം പിടിയിലായ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും കേസില്‍ പങ്കില്ലെന്ന് കണ്ട് ഒഴിവാക്കി.
ഹോം സ്റ്റേകളും ആഢംബര ഫ്ളാറ്റുകളും വാടകയ്ക്ക് എടുത്ത് താമസിച്ച് കള്ളനോട്ട് നിര്‍മിച്ച് നോട്ടിരട്ടിപ്പും തട്ടിപ്പുമാണ് പ്രതികള്‍ നടത്തിയിരുന്നത്. നോട്ടിരട്ടിപ്പിനായി പ്രതികളെ സമീപിച്ചവരില്‍ സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നു.
സംസ്ഥാന ഇന്റലിജന്‍സിന്റെ സമര്‍ഥമായ നീക്കത്തിനൊടുവിലാണ് കുറ്റപ്പുഴയിലെ ഹോം സ്റ്റേയില്‍ താമസിച്ച് മടങ്ങിയ വമ്പന്‍ കള്ളനോട്ട് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഇവരെ അറസ്റ്റ് ചെയ്യുക മാത്രമായിരുന്നു ലോക്കല്‍ പൊലീസിന്റെ ജോലി. വ്യാഴാഴ്ച കോട്ടയത്ത് വച്ച് പ്രതികളില്‍ ഒരാള്‍ പിടിയിലായി. ശേഷിച്ചവര്‍ വെള്ളിയാഴ്ച രാവിലെ കോട്ടയത്ത് നിന്നും കൊട്ടാരക്കരയിലേക്ക് ടാക്സി വാഹനത്തില്‍ പോകുമ്പോള്‍ പന്തളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
ഒരു ലക്ഷം രൂപയുടെ യഥാര്‍ഥ നോട്ട് വാങ്ങിയ ശേഷം മൂന്ന് ലക്ഷം രൂപയുടെ വ്യാജ നോട്ട് കൈമാറുകയായിരുന്നു സംഘത്തിന്റെ രീതി. ഇവര്‍ക്കെതിരേ വഞ്ചനാക്കുറ്റം മാത്രമാണ് നിലവില്‍ ചുമത്തിയിട്ടുള്ളതെന്ന് അറിയുന്നു. പ്രതികളില്‍ നിന്നും നാല് ലക്ഷത്തോളം രൂപയും രണ്ട് പ്രിന്ററുകളും നോട്ട് നിര്‍മിക്കാനുള്ള പേപ്പറുകളും രണ്ട് ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്. 200,500, 2000 രൂപയുടെ നോട്ടുകളാണ് സംഘം പ്രധാനമായും നിര്‍മിച്ചിരുന്നത്. യഥാര്‍ഥ നോട്ടില്‍ രാസവസ്തുക്കള്‍ പുരട്ടി കറുപ്പ് നിറമാക്കും. മറ്റൊരു രാസവസ്തു പുരട്ടിയാല്‍ കറുപ്പ് നിറം മാറി സ്വാഭാവികത കൈവരുമെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്തും. അതിന് ശേഷം ഇടപാടുകാരില്‍ നിന്നും പണം വാങ്ങും. ഇരട്ടിപ്പിച്ച് നല്‍കുന്ന നോട്ട് കെട്ടുകളുടെ താഴെയും മുകളിലും മാത്രമാകും യഥാര്‍ഥ നോട്ടുകള്‍ ഉള്ളത്.
ഇടയില്‍ നിറം മാറ്റം വരുത്തിയ വ്യാജനും തിരുകും. അതിലെ കറുത്ത പാടുകള്‍ നീക്കാനുള്ള രാസവസ്തുവും ഇവര്‍ തന്നെ നല്‍കും. അത് തേച്ച് പതിയെ ഉരയ്ക്കണമെന്നാണ് പറയുക. ഇങ്ങനെ ഉരയ്ക്കുമ്പോള്‍ വ്യാജനോട്ട് കീറിപ്പോകും. പരാതിപ്പെടാന്‍ വിളിച്ചാല്‍ നേരത്തേ നല്‍കിയ ഫോണ്‍ നമ്പര്‍ കിട്ടുകയില്ല. ഇനി അഥവാ കിട്ടിയാല്‍ തന്നെ നിങ്ങള്‍ നോട്ടു കീറിയത് ഞങ്ങള്‍ ഉത്തരവാദിയല്ല എന്ന മറുപടിയാകും ലഭിക്കുക.
യഥാര്‍ത്ഥ നോട്ടുകളുടെ കളര്‍ പ്രിന്റ് എടുത്ത് അത് മൊബെലില്‍ പകര്‍ത്തി വീഡിയോ ഇടനിലക്കാര്‍ മുഖേനെ അയച്ചു കൊടുത്താണ് സംഘം ഇടപാടുകാരെ വലയിലാക്കുന്നത്. തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് നടത്തിയ നോട്ട് നിര്‍മാണത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ പിടിയിലായത്. ഇവിടെയാണ് ഇടതു എം.എല്‍.എയുടെ പി.എ പണം കൊണ്ടു കൊടുത്തത്. പേരിനൊപ്പം ചേട്ടന്‍ എന്ന് സംബോധന ചെയ്താണ് ഷിബു ഇയാളുടെ കാര്യം പോലീസിനോട് പറഞ്ഞിട്ടുള്ളത്. മറ്റു ചില വമ്പന്മാരെയും സംഘം തട്ടിച്ചിട്ടുണ്ട്. അവരുടെ പേരും പോലീസ് ഒഴിവാക്കി എന്നാണ് ആരോപണം. നോട്ട് ഇരട്ടിപ്പിച്ചവര്‍ മാത്രമല്ല, അതിനായി സമീപിക്കുന്നവരും ഈ കേസില്‍ കുറ്റക്കാരാണ്. കള്ളനോട്ട് ആണെന്ന് അറിഞ്ഞു കൊണ്ടാണ് ഇവര്‍ ഇരട്ടിപ്പിന് എത്തുന്നത്. അതിനാല്‍ രാജ്യദ്രോഹക്കുറ്റം ഇവര്‍ക്കെതിരേ നിലനില്‍ക്കും. ഇക്കാര്യം പ്രതികള്‍ക്കും നന്നായി അറിയാം. അതിനാല്‍ തന്നെ പണം നഷ്ടമാകുന്നവര്‍ പരാതിയുമായി പോകാറില്ല. ഇക്കാര്യം നന്നായി അറിയാവുന്നവരാണ് തട്ടിപ്പുകാര്‍. ഉന്നതരുടെയും രാഷ്ട്രീയക്കാരുടെയുമൊക്കെ പണം ഇവര്‍ തട്ടിച്ചിട്ടുണ്ട്. കേസില്‍ അവരും പ്രതികളാകുമെന്ന് വന്നപ്പോഴാണ് കുറ്റം ലഘൂകരിക്കാന്‍ നീക്കം നടക്കുന്നത്. വലിയ മാഫിയയാണ് ഇതിന് പിന്നിലുള്ളത്.
സംസ്ഥാനത്തൊട്ടാകെ സംഘം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതികള്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ചങ്ങരംകുളം പൊന്നാനി, പെരിന്തല്‍മണ്ണ, കണ്ണൂര്‍ എന്നി പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. 26-ാം വയസില്‍ ബാംഗളൂരുവില്‍ നിന്നുമാണ് വ്യാജ നോട്ട് തട്ടിപ്പ് പഠിച്ചതെന്ന് മുഖ്യപ്രതി ഷിബു പോലീസിനോട് പറഞ്ഞു. സമാന രീതിയിലുളള തട്ടിപ്പിന് അവിടെ വച്ച് ഷിബു ഇരയായി. ഇതോടെ അതേ രീതിയില്‍ തട്ടിപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇതിലൂടെ 80 ലക്ഷത്തോളം രൂപയുടെ കട ബാധ്യത തീര്‍ത്തതായും ഷിബു പോലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
കള്ളനോട്ട്: സമഗ്രാന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ
പത്തനംതിട്ട: തിരുവല്ലയിലെ കള്ളനോട്ട് സംഘത്തില്‍ കൂടുതല്‍ പ്രതികള്‍ അടങ്ങിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണന്നും കേസില്‍ രാഷട്രീയ ഇടപെടല്‍ വരാത്ത തരത്തില്‍ അന്വേഷണം വേണമെന്നും എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നിരണം ആവശ്യപ്പെട്ടു. പിടിയിലായ സംഘത്തിന് ഭരണകക്ഷി എം.എല്‍.എയോടും കൂട്ടാളികളോടും ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ അന്വേഷണ പരിധിയില്‍ വരണം. കേസിലെ രാഷ്ട്രീയ ഇടപെടല്‍ നിലവിലെ അന്വേഷണത്തെ ബാധിക്കും. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. പ്രതികളുടെ മൊഴിയില്‍ നിന്നും നോട്ട് ഇരട്ടിപ്പിനായി ഉന്നതരുടെ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇതിനായി പ്രതികളെ സമീപിച്ചവരില്‍ സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നു. ചിലവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും സംഭവം ഉന്നത ഏജന്‍സികള്‍ അന്വേഷിക്കണമെന്നും താജുദ്ദീന്‍ ആവശ്യപ്പെട്ടു.
യഥാര്‍ഥ ഹീറോസ് സംസ്ഥാന ഇന്റലിജന്‍സ്
തിരുവല്ല: കുറ്റപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ട് അടിച്ച് തട്ടിപ്പ് നടത്തിയ സംഘത്തെ കുടുക്കിയത് സംസ്ഥാന ഇന്റലിജന്‍സിന്റെ സമര്‍ഥമായ നീക്കമായിരുന്നു. വീണു കിട്ടിയ ഒരു ചെറു തുമ്പില്‍ നിന്ന് സി.പി.ഓ സുദര്‍ശനനും എസ്.എസ്.ബി ഡിവൈ.എസ്.പി കെ.എ. വിദ്യാധരനും ചേര്‍ന്ന് നടത്തിയ തുടരന്വേഷണമാണ് പ്രതികളെ കൂട്ടത്തോടെ കണ്ടെത്തിയത്. ഇവരെ അറസ്റ്റ് ചെയ്യുക എന്നൊരു ചടങ്ങ് മാത്രമായിരുന്നു ലോക്കല്‍ പോലീസിന് ഉണ്ടായിരുന്നത്.
രണ്ടാഴ്ച മുമ്പാണ് സ്റ്റേറ്റ് ഇന്റലിജന്‍സിന് ഇതു സംബന്ധിച്ച് വിവരം ലഭിക്കുന്നത്. 12 അംഗ കുടുംബം കുറ്റപ്പുഴയിലെ ഷീലാ തോമസിന്റെ ഹോം സ്റ്റേയില്‍ ഇടവിട്ട് സന്ദര്‍ശനത്തിന് എത്തിയിരുന്നു. പ്രതിദിനം 6000 രൂപയാണ് ഹോം സ്റ്റേയുടെ വാടക. ഏറ്റവും അവസാനമായി ഇവര്‍ വന്നു പോകുമ്പോള്‍ രണ്ടര ലക്ഷം രൂപ ഹോം സ്റ്റേ ഉടമയ്ക്ക് കൊടുക്കാനുണ്ടായിരുന്നു. മുറിയുടെ താക്കോലുമായാണ് ഇവര്‍ മടങ്ങിയത്. ഇവര്‍ പോയതിന് ശേഷം ഉടമ മുറി വൃത്തിയാക്കാന്‍ നോക്കുമ്പോഴാണ് പ്രിന്റിങ് പേപ്പര്‍ കണ്ടെത്തിയത്. ഇതിന്റെ അവശിഷ്ടങ്ങള്‍ വേസ്റ്റ് ബിന്നിലുമുണ്ടായിരുന്നു. ചുരുള്‍ അഴിച്ചു നോക്കിയ ഉടമയ്ക്ക് ഇതിന്റെ ചില ഭാഗങ്ങള്‍ കണ്ട് സംശയം തോന്നി. 200 രൂപയുടെ അരിക് മുറിച്ച് കളഞ്ഞ നിലയില്‍ മൂന്നാല് തുണ്ടുപേപ്പര്‍ ഉണ്ടായിരുന്നു. ഇത് കള്ളനോട്ടാണെന്ന് സംശയിച്ച ഉടമ പക്ഷേ, ലോക്കല്‍ പോലീസില്‍ വിവരം അറിയിക്കാന്‍ തയാറായില്ല. അതിന് മുന്‍പ് ഇവിടെ താമസിച്ച ഒരാള്‍ 25,000 രൂപ കബളിപ്പിച്ച് മുങ്ങിയിരുന്നു. ഇതു സംബന്ധിച്ച് പരാതിയുമായി സ്റ്റേഷനില്‍ എത്തിയ ഷീലയ്ക്ക് കിട്ടിയത് നല്ല പ്രതികരണമായിരുന്നില്ല. ഇതു കാരണമാണ് ഒരു പരിചയക്കാരന്‍ മുഖേനെ എസ്.എസ്.ബിയിലെ സിവില്‍ പോലീസ് ഓഫീസര്‍ സുദര്‍ശനനെ വിവരം അറിയിച്ചത്. കടലാസ് കഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ കള്ളനോട്ടിന്റെ സൂചന ലഭിച്ച സുദര്‍ശന്‍ മേലുദ്യോഗസ്ഥനായ ഡിവൈ.എസ്.പി വിദ്യാധരനെ അറിയിക്കുകയായിരുന്നു. അദ്ദേഹം നടത്തിയ പരിശോധനയില്‍ ഇവിടെ നടന്നിരുന്നത് കള്ളനോട്ടടിയാണെന്ന് ഏറെക്കുറെ വ്യക്തമായി.
200, 500, 2000 രൂപയുടെ നോട്ടുകള്‍ സ്‌കാനറിനുള്ളില്‍ വച്ച് സ്‌കാന്‍ ചെയ്ത ശേഷം 70 ജി.എസ്.എം പ്ലാറ്റിനം പേപ്പറില്‍ പ്രിന്റ് ചെയ്യും. പിന്നെ അതിവിദഗ്ധമായി അത് മുറിച്ച് ഒട്ടിച്ച് നോട്ടുകള്‍ ആക്കി മാറ്റും. റൂം എടുക്കാന്‍ വേണ്ടി കുടുംബം നല്‍കിയിരുന്ന ആധാര്‍ കാര്‍ഡ്, ഇവര്‍ വന്ന കാറിന്റെ നമ്പര്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞ് റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എ.ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. അവിടെ നിന്ന് എസ്.പിക്ക് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Your comment?