അടൂര്‍: കൊതുകു കടിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ചു. കൊതുകുകടിമൂലം അപൂര്‍വമായി മാത്രം മനുഷ്യരില്‍ പിടിപെടുന്ന ‘ഹെനോക് സ്‌കോളിന്‍ പര്‍പുറ’ എന്ന അപൂര്‍വരോഗം ബാധിച്ചാണ് അടൂര്‍ ആന്‍സ് വില്ലയില്‍ ജെയ്സണ്‍ തോമസിന്റേയും ബിജി അഗസ്റ്റിന്റേയും മകള്‍ സാന്‍ഡ്രാ ആന്‍ജെയ്സണ്‍(18) മരിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു. 2014ല്‍ ഷാര്‍ജയില്‍ നിന്നും അവധിക്ക് അടൂരിലെ വീട്ടില്‍ വന്നപ്പോള്‍ ആയിരുന്നു സംഭവം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭേദമാകാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശാധനകളിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് കേരളത്തിലെ ആശുപത്രികളില്‍ നടത്തിയ ചികിത്സയില്‍ രോഗം ഭേദമായപ്പോള്‍ വീണ്ടും ഷാര്‍ജയിലേക്ക് മടങ്ങി. ഷാര്‍ജയിലെത്തി ദിവസങ്ങള്‍ക്കകം തന്നെ ശരീരത്തില്‍ പാടുകള്‍ കൂടിവരികയും ശരീരം തടിച്ചുവീര്‍ക്കുകയും ചെയ്തു. കണ്ണുകളുടെ കാഴ്ചകൂടി നഷ്ടമായതോടെ വീണ്ടും ഷാര്‍ജയില്‍ ചികിത്സ തേടി.
അപ്പോഴും രോഗത്തില്‍ അല്പ്പം ശമനമുണ്ടായതോടെ സാന്‍ഡ്ര വീണ്ടും സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍ 2019ല്‍ വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതോടെ നടത്തിയ പരിശോധനയില്‍ വൃക്കകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മരണപ്പെട്ടു. ശവസംസ്‌കാരം ബുധനാഴ്ച്ച 12ന് വീട്ടിലെ ശുശ്രൂഷക്കു ശേഷം 1.30ന് അടൂര്‍ ഇമ്മാനുവേല്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയില്‍.
Your comment?