പോപ്പുലര്‍ ഫിനാന്‍സ് ആവിഷ്‌കരിച്ചത് നിക്ഷേപകരെ വഞ്ചിച്ചു കൊണ്ടുള്ള പണാപഹരണം
കോന്നി: വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫിനാന്‍സ് നിക്ഷപേകരെ പരസ്യമായി വഞ്ചിക്കുകയായിരുന്നുവെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകും. 12 ശതമാനം പലിശയ്ക്ക് സ്ഥിരനിക്ഷേപം ഇട്ടുവെന്നാണ് പണം കൊടുത്തവര്‍ വിചാരിച്ചിരിക്കുന്നത്. പക്ഷേ, അവരുടെ കൈയില്‍ കിട്ടിയ രസീതില്‍ പറയുന്നത് ഇതൊരു ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് ആണെന്നാണ്. പണവും കൊടുത്ത് രസീതും കൈപ്പറ്റിയവര്‍ ഇതൊന്നും ശ്രദ്ധിക്കാതെ പോയതാണ് സ്ഥാപനം ഉടമകള്‍ക്ക് തുണയായത്. അവര്‍ കൃത്യമായി 12 ശതമാനം പലിശ നല്‍കിയും പോന്നു. ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പിലേക്ക് (എല്‍എല്‍പി) നിശ്ചിത തുക നിക്ഷേപകന്റെ ഷെയറായി നല്‍കിയിരിക്കുന്നുവെന്നാണ് രസീതില്‍ പറഞ്ഞിരുന്നത്. നിയമപരമായി നോക്കിയാല്‍ ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും നിക്ഷേപകന്‍ സഹിക്കണം. 12 ശതമാനം ഓഹരി ലാഭവിഹിതമാണ് രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ആര്‍ബിഐ ഉത്തരവിട്ടതിന് പിന്നാലെയാണ് ഇത്തരം സ്ഥാപനങ്ങള്‍ അത് മറികടക്കാനുള്ള മാര്‍ഗം ആലോചിച്ചത്. കേരളത്തില്‍ നിരവധി സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങള്‍ നിധി ലിമിറ്റഡുമായി രംഗത്ത് വന്നു. ആര്‍ബിഐ നിയന്ത്രണം വന്നതോടെ പോപ്പുലര്‍ ഫിനാന്‍സ് എട്ട് കടലാസ് സ്ഥാപനങ്ങള്‍ കൂടി തുടങ്ങി. പോപ്പുലര്‍ ട്രേഡേഴ്സ്, മൈ പോപ്പുലര്‍ മറൈന്‍ പ്രൊഡക്ട്സ് എല്‍.എല്‍.പി, മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡ്, സാന്‍സ് പോപ്പുലര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വകയാര്‍ ലാബ്സ് എന്നിങ്ങനെയാണ് തട്ടിപ്പിന് കമ്പനികള്‍ രൂപീകരിച്ചത്.
സ്ഥിര നിക്ഷേപമാണെന്ന് കരുതി പണം ഇടുന്നവര്‍ക്ക് പോപ്പുലര്‍ ഫിനാന്‍സിന്റെ ഒരു രേഖയും നല്‍കിയിരുന്നില്ല. പകരം നല്‍കിയിരുന്ന വിവിധ കമ്പനികളുടെ പേരിലുള്ള രസീതില്‍ സര്‍ട്ടിഫിക്കേറ്റ് ഓഫ് കോണ്‍ട്രിബ്യൂഷന്‍ ടു എല്‍എല്‍പി എന്നാണ് എഴുതിയിരുന്നത്. ഇത് നിക്ഷേപ സര്‍ട്ടിഫിക്കറ്റാണെന്ന് കരുതി നാളെകളില്‍ കിട്ടാന്‍ പോകുന്ന വന്‍ ലാഭമോര്‍ത്ത് പലരും സ്വപ്നങ്ങള്‍ മെനഞ്ഞിരുന്നു. അതാണിപ്പോള്‍ തകര്‍ന്നിരിക്കുന്നത്.
കോന്നി, പത്തനംതിട്ട, പത്തനാപുരം, കൊട്ടാരക്കര, ശാസ്താംകോട്ട, അഞ്ചല്‍ തുടങ്ങി മധ്യ കേരളത്തിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും പോപ്പുലര്‍ ഫിനാന്‍സിന്റെ പേരിലുള്ള പരാതികള്‍ വന്നിട്ടുണ്ട്. അതേ സമയം, പോപ്പുലര്‍ ഫിനാന്‍സിന്റെ വകയാറിലെ ആസ്ഥാന മന്ദിരം മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. മിക്ക ശാഖകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ സ്വര്‍ണം പണയം വച്ചിട്ടുള്ളവര്‍ക്ക് അത് മടക്കി നല്‍കുന്നതിന് വേണ്ടിയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം പൊട്ടുമെന്ന് നേരത്തേ മനസിലാക്കിയ മിക്ക ബ്രാഞ്ച് മാനേജര്‍മാരും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്.
Your comment?