കടമ്പനാട്: പന്തളം നഗരസഭയിലെ കടയ്ക്കാട്ടെയും കടമ്പനാട് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെയും ക്ലസ്റ്ററുകള്‍ പിടിവിട്ട് കുതിക്കുന്നു. വന്‍തോതില്‍ രോഗവ്യാപനം നടക്കുന്ന ഈ പ്രദേശങ്ങള്‍ അടച്ചിടേണ്ട അവസ്ഥയില്‍. പന്തളം നഗരസഭ അടയ്ക്കണമെന്ന് കാട്ടി ചെയര്‍പേഴ്സണ്‍ ജില്ലാ കലക്ടര്‍ക്ക് കത്തു നല്‍കി.
ഇന്നലെ ജില്ലയില്‍ 167 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 144 ഉം സമ്പര്‍ക്കമാണ്.
ഒമ്പതു പേര്‍ വിദേശത്തും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളിലും നിന്ന് വന്നതാണ്. 13 പേരുടെ രോഗത്തിന്റെ ഉറവിടം അറിയില്ല. കടയ്ക്കാട് 61, കടമ്പനാട് 15, കണ്ണങ്കോട് രണ്ട്, നെല്ലാട് മൂന്ന്, തിരുവല്ലയിലെ സ്വകാര്യ ആശുപത്രി എട്ട് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളില്‍ നിന്നുള്ള ഇന്നലത്തെ രോഗികള്‍. കടയ്ക്കാട് 159 രോഗികളുമായി കുതിക്കുന്നു. 117 രോഗികളുമായി തൊട്ടുപിന്നിലുണ്ട് കടമ്പനാട്. ജില്ലയില്‍ ഇതുവരെ ആകെ 3048 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1802 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 14 പേര്‍ മരിച്ചു. ഇന്നലെ 49 പേര്‍ക്കാണ് രോഗമുക്തി. ആകെ രോഗമുക്തരായവരുടെ എണ്ണം 2118 ആണ്.
ജില്ലക്കാരായ 914 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 885 പേര്‍ ജില്ലയിലും 29 പേര്‍ പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ കോവിഡ്19 മൂലമുളള മരണനിരക്ക് 0.46 ശതമാനമാണ്. ജില്ലയുടെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.29 ശതമാനമാണ്.
പന്തളം നഗരസഭയിലെ ചില വാര്‍ഡുകളിലെ റേഷന്‍ കട ഉടമകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും രോഗം അതിവേഗം വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നഗരസഭയിലെ എല്ലാ റേഷന്‍ കടകളിലും താല്‍ക്കാലികമായി പഞ്ചിങ് ഒഴിവാക്കണമെന്ന് ചെയര്‍ പേഴ്സണ്‍ ടി.കെ.സതി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പന്തളം നഗരസഭയിലെ എല്ലാ വാര്‍ഡുകളും, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (ചിറ്റക്കാട്ട് ഭാഗം).
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, എട്ട്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് എന്നിവിടങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, അഞ്ച്, വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, കുളനട ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ആറ്, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, പന്തളം തെക്കേക്കര ഗ്രാമപഞ്ചായ ത്തിലെ വാര്‍ഡ് 10, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് എന്നീ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി.
Your comment?