അടൂര്‍ സ്റ്റേഷനില്‍ നിലത്തു വിരിച്ച പേപ്പറില്‍ കൊതുകിനെയും അടിച്ച് കിടന്ന ആ കോടീശ്വരന്‍.!
അടൂര്‍: ആ കാഴ്ച വളരെ ദയനീയമായിരുന്നു. വെറും നിലത്ത് വിരിച്ച പേപ്പറില്‍ കൈകള്‍ തലയിണയാക്കി റോയ് ഡാനിയല്‍ എന്ന കോടീശ്വരന്‍ കൊതുകു കടിയും കൊണ്ട് കിടക്കുന്നു. വെറുതേ ഇരുന്നാല്‍ പോലും കൊതുക് പൊതിയുന്ന അടൂര്‍ സ്റ്റേഷനില്‍ ഇയാളെങ്ങനെ കിടക്കുന്നുവെന്ന് എനിക്ക് തോന്നി. ഇന്നലെ വരെ പട്ടുമെത്തയിലും ശീതീകരിച്ച മുറിയിലും രാജീകീയമായി കിടന്നുറങ്ങിയവന്‍ കൊതുകു കടിയേറ്റ് വലയുന്നു. അടൂര്‍ പൊലീസ് സ്റ്റേഷനില്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയല്‍ കഴിച്ചു കൂട്ടിയതിനെ കുറിച്ച് ഒരു പൊലീസുകാരന്‍ സുഹൃത്തുക്കളോട് പറഞ്ഞ വാചകമാണിത്. തിരുവല്ല ഇടിഞ്ഞില്ലത്തെ ലോഡ്ജില്‍ നിന്നും കീഴടങ്ങി എസ്പി ഓഫീസില്‍ വന്ന അന്ന് രാത്രിയില്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലായിരുന്നു റോയിയെ സൂക്ഷിച്ചത്. അന്നാണ് ഒരു സമ്പന്നന്റെ ദുരിതമെല്ലാം റോയിക്ക് നേരിടേണ്ടി വന്നത്.
തോമസ് ദാനിയല്‍ ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലിലും മക്കളായ റിനു, റേബ എന്നിവര്‍ അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാന്‍ഡിലാണ്.
വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി തോമസ് ഡാനിയലിന് വിദേശബാങ്കുകളില്‍ അക്കൗണ്ട് ഉള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളില്‍ നിക്ഷേപമുണ്ടോയെന്ന കാര്യം പരിശോധിക്കും. നിയമവിരുദ്ധമായി ഇവിടെ സ്വീകരിച്ച നിക്ഷേപങ്ങളും പണയ സ്വര്‍ണം മറിച്ചു മറ്റു ബാങ്കുകളില്‍ നിന്നെടുത്ത വായ്പയും അടക്കം വിദേശ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ചോദ്യം ചെയ്യലില്‍ വിദേശത്ത അക്കൗണ്ടുള്ള വിവരം തോമസും കുടുംബവും സമ്മതിച്ചിട്ടുണ്ടെങ്കിലും പണം നിക്ഷേപിച്ചിട്ടില്ലെന്നാണ് മൊഴി. അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
കേസില്‍ ഇനി പിടിയിലാകാനുള്ള തോമസിന്റെ മകള്‍ റിയ ആന്‍ തോമസിന്റെ അറസ്റ്റ് വൈകും. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോക്ടറായ റിയ പ്രസവശേഷം വിശ്രമിക്കുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇവര്‍ക്ക് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു മാസം മുന്‍പ് റിയ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നിരുന്നാലും റിയയെ പ്രതി ചേര്‍ത്തിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും.
Your comment?