പത്തനംതിട്ട: ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയിരിക്കുന്നതിനാലും കോവിഡ് 19 വളരെയധികം ആളുകളിലേക്ക് സമ്പര്‍ക്കം മൂലം വ്യാപിക്കുന്നതിനാലും ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ താല്‍ക്കാലികമായി സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്ന് പത്തനംതിട്ട ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
ജില്ലയില്‍ കോവിഡ് അതിവേഗം വ്യാപിക്കുകയാണ്.
ഉറവിടം അറിയാത്തതും സമ്പര്‍ക്കം മൂലമുള്ളതുമായ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവില്‍ റാന്നി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകള്‍, പത്തനംതിട്ട നഗരസഭ, തിരുവല്ല നഗരസഭയിലെ 28, 33 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉറവിടം അറിയാതെ രോഗം വ്യാപിക്കുന്ന മലയാലപ്പുഴ, മല്ലപ്പള്ളി, കോട്ടാങ്ങല്‍, പന്തളം എന്നിവിടങ്ങള്‍ ഇന്ന് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചേക്കും. ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്.
പത്തനംതിട്ട നഗരസഭ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിരുന്നു. മറ്റു ഡിപ്പോകളില്‍ നിന്നുളള ബസുകള്‍ അതിര്‍ത്തി പഞ്ചായത്തുകളില്‍ എത്തി മടങ്ങുകയായിരുന്നു.
Your comment?