ചെന്നൈ: കോവിഡ് 19 പിടിവിട്ട പോലെ പടരുകയാണ് രാജ്യത്ത്. മാസ്‌കും സാനിട്ടൈസറും ഹാന്‍ഡ് വാഷുമൊക്കെയാണ് നമ്മുടെ പ്രധാന പ്രതിരോധം. അല്‍പം ശ്രദ്ധ തെറ്റിയാല്‍ പണി കിട്ടിയേക്കാവുന്ന പ്രതിരോധ മാര്‍ഗങ്ങളാണ് ഇവയൊക്കെ. എന്നാല്‍, ഫലപ്രദമായി കോവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ ഒരു മാജിക് കീയുമായി രംഗത്ത് വന്നിരിക്കുകയാണ് കൊല്ലത്ത് നിന്നുള്ള മൂന്നു യുവാക്കള്‍.
ചെന്നൈ ശ്രീപെരുമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വന്തം ഫാക്ടറിയില്‍ കൊല്ലം നല്ലില സ്വദേശിയായ പ്രദീപ് ശിവദാസന്‍ രൂപകല്‍പ്പന ചെയ്തതാണ് മാജിക് കീ. ഇത് ഉപയോഗിച്ചാല്‍ ഒരിടത്തും സ്പര്‍ശിക്കേണ്ടി വരില്ല എന്നുള്ളതാണ് മേന്മ.
പൊതുസ്ഥലങ്ങളിലെ സ്പര്‍ശനം എങ്ങനെ ഒഴിവാക്കാമെന്നതിനെ കുറിച്ചാണ് പ്രദീപ് ചിന്തിച്ചത്. അലുമിനിയം, ചെമ്പ്, ബ്രാസ് എന്നീ ലോഹങ്ങളില്‍ കോവിഡ് വൈറസ് അധിക നേരം അതിജീവിക്കില്ല എന്നുള്ള പഠനങ്ങള്‍ ആധാരമാക്കിയാണ് ഉപകരണം രൂപ കല്‍പന ചെയ്തത്.
വാഹനത്തിന്റെയോ വീടിന്റെയോ ഒരു താക്കോലിന്റെ വലിപ്പമാണ് ഈ ഉപകരണത്തിനുള്ളത്. ഇത് വസ്ത്രത്തില്‍ തന്നെ ക്ലിപ്പ് ചെയ്തോ കീച്ചെയിന് ഒപ്പമോ ഉപയോഗിക്കാന്‍ കഴിയും. ലിഫ്റ്റ്, എടിഎം കൗണ്ടര്‍ എന്നിവിടങ്ങളില്‍ ഇത് ഏറെ ഫലപ്രദമാണ്.
കൊല്ലം സ്വദേശികളായ ജോയല്‍, സൂരജ് എന്നിവരും പ്രദീപിനൊപ്പം ഈ ഉപകരണത്തിന്റെ ഉല്‍പാദനത്തിലും മാര്‍ക്കറ്റിങ്ങിലും പങ്കാളിയാകുന്നു.
ആദ്യം നിര്‍മിച്ച ഉപകരണം ടെസ്റ്റ് റണ്‍ നടത്തിയപ്പോള്‍ ഉണ്ടായ അപാകതകള്‍ പരിഹരിച്ചാണ് ഏറ്റവും പുതിയ മോഡല്‍ രംഗത്തു കൊണ്ടു വന്നിരിക്കുന്നത്. ആദ്യം നിര്‍മിച്ചത് ഉപയോഗിച്ച് നോബ് പോലെയുള്ളവ തുറക്കാന്‍ സാധിക്കുമായിരുന്നില്ല. അപാകത പരിഹരിച്ച് നിര്‍മിച്ച മാജിക് കീ ഉപയോഗിച്ച് കുപ്പിയുടെ അടപ്പ് വരെ തുറക്കാന്‍ സാധിക്കും.
വരും നാളുകളില്‍ മള്‍ട്ടിപര്‍പ്പസായിട്ടാകും ഇവ വികസിപ്പിച്ചെടുക്കുക എന്ന് പ്രദീപും ജോയലും പറയുന്നു. നിലവില്‍ ഇതിന്റെ ചില പതിപ്പുകള്‍ വിപണിയില്‍ ഉണ്ട്. അവയൊന്നും ഇത്രത്തോളം ഫലപ്രദമല്ല.
Your comment?