തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്ക് ഫലം നെഗറ്റീവായി. പാലക്കാട് 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ 2 വീതം, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. തൃശൂര്‍ 2, കണ്ണൂര്‍, വയനാട്, കാസര്‍കോട് ഓരോന്ന് എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.
ഇന്ന് പോസിറ്റീവായതില്‍ 12 പേര്‍ വിദേശങ്ങളില്‍നിന്നും വന്നവരാണ്. മഹാരാഷ്ട്രയില്‍നിന്ന് എട്ടും തമിഴ്നാട്ടില്‍നിന്ന് മൂന്നും. കണ്ണൂരിലെ ഒരാള്‍ സമ്പര്‍ക്കം വഴി രോഗം പകര്‍ന്നതാണ്. ഇതുവരെ 666 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 74,398 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 73,865 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 48,543 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 46,961 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. പുതിയ ഹോട്ട്സ്പോട്ടുകള്‍ ഇല്ല. നാം കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് പോവുകയാണ്. ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ വരുത്തിയെങ്കിലും തുടര്‍ന്നുള്ള നാളുകളില്‍ പ്രത്യേക മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരും. വിദേശ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും നിന്നുള്ളവര്‍ നാട്ടിലേക്ക് വരാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന വരുന്നുണ്ട്. മെയ് ഏഴിനാണ് വിദേശത്തുനിന്നും ഫ്ളൈറ്റ് വരാന്‍ തുടങ്ങിയത്. മെയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളില്‍ സംസ്ഥാനത്ത് പുതുതായി രോഗം ബാധിച്ച ആരും ഉണ്ടായിരുന്നില്ല. എട്ടാം തീയതി ഒരാള്‍ക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 16 ആയിരുന്നു. മെയ് 13ന് പുതിയ രോഗികളുടെ എണ്ണം പത്ത് ആയി. പതിനാലിന് 26, പതിനഞ്ചിന് 16, പതിനാറിന് 11, പതിനേഴിന് 14, പതിനെട്ടിന് 29, ഇന്നലെ 12, ഇന്ന് 24 ഇങ്ങനെയാണ് പുതുതായി പോസിറ്റിവായ കേസുകള്‍ വര്‍ധിക്കുന്നത്.
16 പേര്‍ ചികിത്സയിലുണ്ടായിരുന്നതില്‍ നിന്ന് നമ്മള്‍ ഇപ്പോള്‍ 161 ലെത്തി നില്‍ക്കുകയാണ്. ഈ വര്‍ധന മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് നമ്മുടെ രോഗനിര്‍വ്യാപന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം മുംബൈയില്‍നിന്ന് പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ എത്തിയ ഒരു കുടുംബത്തിന്റെ ദുരനുഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ താനെയില്‍നിന്ന് പെരുനാട് പഞ്ചായത്തില്‍ എത്തിയ ആറംഗ സംഘത്തിന് എങ്ങോട്ടും പോകാന്‍ കഴിയാതെ തെരുവില്‍ ഏറെനേരം തങ്ങേണ്ടിവന്നു എന്നാണ് വാര്‍ത്ത. അവര്‍ ക്വാറന്റൈയിനുവേണ്ടി തയ്യാറാക്കിയ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞു എന്നും പരാതിയുണ്ട്. മുംബൈയില്‍ നിന്നുതന്നെ പ്രത്യേക വാഹനത്തില്‍ എത്തിയ സംഘം റോഡില്‍ കുറച്ചുനേരം വാഹനം നിര്‍ത്തിയിട്ടത് പരിഭ്രാന്തി പരത്തി എന്നൊരു വാര്‍ത്ത ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് കണ്ടു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ വെച്ച് പ്രവാസി കേരളീയരെ നാം പരിഗണിക്കുന്നില്ല എന്ന ദുഷ്പ്രചാരണവുമായി ഒരു കൂട്ടര്‍ ഇറങ്ങിയിട്ടുണ്ട്.
ഒരു കാര്യം ഇവിടെ വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് പ്രവാസി കേരളീയരുടെ നാടാണിത്. അവര്‍ക്കു മുന്നില്‍ ഒരു വാതിലും കൊട്ടിയടക്കപ്പെടില്ല. അന്യനാടുകളില്‍ ചെന്ന് കഷ്ടപ്പെടുന്ന അവര്‍ക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് കടന്നുവരാവുന്നതും ഈ നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാവുന്നതുമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
അവശേഷിക്കുന്ന എസ്എസ്എല്‍സി/ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം മെയ് 26 മുതല്‍ 30 വരെ തന്നെ നടക്കുന്നതാണ്. പരീക്ഷാ ടൈംടേബിള്‍ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലുംകേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി ലഭ്യമാകാന്‍ വൈകിയതുമൂലം ചില തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കേന്ദ്ര അനുമതിയായിട്ടുണ്ട്. പരീക്ഷകള്‍ നിശ്ചയിച്ചിരുന്നതുപോലെതന്നെ നടത്തും. ആവശ്യമായ മുന്‍കരുതലുകളും ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നതാണ്.
എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാനുള്ള സൗകര്യം ഉണ്ടാക്കും. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ല. പ്രത്യേകമായ എന്തെങ്കിലും പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അവയും പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Your comment?