
പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 12 പേര്‍ക്കാണ്. ആരുടെയും പരിശോധനാ ഫലം നെഗറ്റീവായിട്ടില്ല. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. പോസിറ്റീവായ എല്ലാ കേസുകളും പുറത്തുനിന്ന് വന്നതാണ്. വിദേശത്തുനിന്ന് നാലുപേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന എട്ടുപേരില്‍ ആറുപേര്‍ മഹാരാഷ്ട്രയില്‍നിന്നാണ്. ഗുജറാത്തില്‍നിന്ന് ഒരാളും തമിഴ്നാട്ടില്‍നിന്ന് ഒരാളുമുണ്ട്. ഇതുവരെ 642 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 142 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 72,000 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 71,545 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 46,958 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 45,527 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. 33 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍ എന്നിവയും കോട്ടയത്ത് കോരിത്തോട് പഞ്ചായത്തും പുതുതായി ഹോട്ട്സ്പോട്ടുകളായി. കണ്ടെയിന്‍മെന്റ് സോണുകളുടെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കും.
ഇന്ന് ആകെ 1297 സാമ്പിളുകളാണ് പരിശോധിച്ചത്. നമ്മുടെ ബ്രേക്ക് ദി ചെയിന്‍, ക്വാറന്റൈന്‍, റിവേഴ്സ് ക്വാറന്റൈന്‍ എന്നിവ കൂടുതല്‍ ശക്തമായി തുടരേണ്ടതിന്റെ സൂചനയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാതെ പിടിച്ചുനിന്നിരുന്നു. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ചത് പോലെ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ധിച്ചു. അതിന്റെ അടുത്ത ഘട്ടം സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനമാണ്. ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണം പരിമിതമാണ്. എന്നാല്‍, ഇനി നാം സമ്പര്‍ക്കത്തെ തന്നെയാണ് ഭയപ്പെടേണ്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായാധിക്യമുള്ളവര്‍, ക്വാറന്റെനിലുള്ളവര്‍ തുടങ്ങിയ രോഗസാധ്യതയുള്ള മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവരെ ടെസ്റ്റ് ചെയ്യുന്നത് രോഗബാധ എത്രത്തോളം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് മനസ്സിലാക്കാനാണ്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 5,630 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5,340 നെഗറ്റീവായിട്ടുണ്ട്. ഇങ്ങനെയുള്ള പരിശോധനയില്‍ ഇതുവരെ കേവലം നാലുപേര്‍ക്ക് മാത്രമാണ് രോഗമുണ്ടെന്ന് കണ്ടത്. ഇതിനര്‍ഥം കോവിഡ് രോഗത്തിന്റെ സാമൂഹ്യ വ്യാപനം കേരളത്തില്‍ നടന്നിട്ടില്ലെന്നാണ്. ശാരീരിക അകലം പാലിക്കുക, ആവര്‍ത്തിച്ച് കൈ കഴുകുക, മാസ്‌ക് ധരിക്കുക തുടങ്ങിയ ബ്രേക്ക് ദി ചെയിന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലും ക്വാറന്റൈന്‍ കൃത്യമായി നടപ്പിലാക്കുന്നതിലും നമ്മള്‍ മുന്നേറി എന്നാണ് അനുഭവം.
സംസ്ഥാനത്ത് ഇതുവരെ 74,426 പേര്‍ കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ കോവിഡ് പാസുമായി എത്തിയിട്ടുണ്ട്. ഇവരില്‍ 44,712 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍നിന്നാണ്. റോഡുവഴി എത്തിയത് 63,239 പേരാണ്. ഇതുവരെ 26 വിമാനങ്ങളും മൂന്ന് കപ്പലുകളിലുമാണ് ഇന്നലെ വരെ വന്നത്. എത്തിയ 6,054 പേരില്‍ 3,305 പേരെ സര്‍ക്കാര്‍ വക ക്വാറന്റൈന്‍ സംവിധാനത്തിലേക്ക് അയച്ചു. ഇങ്ങനെ നമ്മുടെ സഹോദരങ്ങള്‍ തുടര്‍ച്ചയായി എത്തുമ്പോള്‍ സ്വാഭാവികമായും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തീവ്രതയും വര്‍ധിപ്പിക്കേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Your comment?