2 ആരോഗ്യപ്രവര്‍ത്തകരും ഒരു പോലീസുദ്യോഗസ്ഥനും അടക്കം 26 പേര്‍ക്ക്‌കോവിഡ് 19
തിരുവനന്തപുരം: രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഒരു പോലീസുദ്യോഗസ്ഥനും അടക്കം 26 പേര്‍ക്ക് ഇന്ന് കേരളത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചു.പോസിറ്റീവ് ആയതില്‍ 14 പേര്‍ കേരളത്തിനു പുറത്തുനിന്ന് വന്നവരാണ്. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ 3 പേര്‍ക്കും കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.മൂന്നു പേരുടെ ഫലം നെഗറ്റീവായി.കൊല്ലം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്.
കേരളത്തിനു പുറത്തുനിന്നു വന്നവരില്‍ ഏഴ് പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. ഏഴുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരുമാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ രോഗബാധിതര്‍.
11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.കാസര്‍കോട് എഴു പേര്‍ക്ക്, വയനാട്-3, പാലക്കാട് -1 എന്നിങ്ങനെയാണ് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത്.ഇന്ന് രോഗം ബാധിച്ചവരില്‍ കാസര്‍കോടുകാരായ രണ്ട് ആരോഗ്യപ്രവര്‍ത്തകരും വയനാട്ടിലെ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.ഇടുക്കിയില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചതായി മനസിലായത് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്.
Your comment?