കുവൈറ്റില്‍ നിന്നും യുവതി എത്തിയത് പൂര്‍ണ്ണ ഗര്‍ഭിണിയായി: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി
തിരുവല്ല : കുവൈറ്റില്‍ നിന്നും യുവതി എത്തിയത് പൂര്‍ണ്ണ ഗര്‍ഭിണിയായി. ആശുപതിയില്‍ നിരീക്ഷണത്തില്‍ കഴിയവേ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നവജാത ശിശുവിന്റെയും സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചു. അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് ആരോഗ്യ വകുപ്പ്. കുവൈറ്റില്‍ നിന്നുമെത്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്ന തിരുവല്ല നിരണം തൃക്കപാലീശ്വരം സ്വദേശിനിയായ ഇരുപത്തിയാറുകാരിയാണ് വ്യാഴാഴ്ച ഉച്ചയോടെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
ഗര്‍ഭിണിയായിരിക്കെ നാലു മാസം മുമ്പാണ് യുവതി ഭര്‍ത്താവ് ജോലി ചെയ്യുന്ന കുവൈറ്റിലേക്ക് വിസിറ്റിംഗ് വിസയില്‍ പോയത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ ഒമ്പതാം തീയതി യുവതി കുവൈറ്റില്‍ നിന്നും വിമാന മാര്‍ഗ്ഗം കൊച്ചി വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും കാര്‍ മാര്‍ഗം നിരണത്തെ കുടുംബ വീട്ടിലെത്തിയ യുവതി ക്വാറന്റയിനില്‍ പ്രവേശിച്ചു. 11-ാം തീയതി ജനറല്‍ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ യുവതിയുടെ സ്രവം അന്നു തന്നെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കയിച്ചു. 12-ാം തീയതി ലഭിച്ച പരിശോധനാ റിപ്പോര്‍ട്ട് ഫലം പോസിറ്റീവ് ആയതോടെ സ്ഥിരീകരണത്തിനായി ഒരു വട്ടം കൂടി സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. രണ്ടാം പരിശോധനയുടെ ഫലം കൂടി പോസിറ്റീവ് ആയതോടെയാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായതും പിന്നാലെ കുഞ്ഞിന് ജന്മം നല്‍കിയതും.
Your comment?