സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കും: ചടങ്ങുകള്‍ മാത്രം നടത്തും: ചന്ദനപ്പള്ളി കത്തോലിക്ക പള്ളിയില്‍ പെരുന്നാളിന് കൊടിയേറി
കൊടുമണ്‍: ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് തീര്‍ഥാടന കത്തോലിക്കാ ദേവാലയ പെരുന്നാളിന് കൊടിയേറി. ഇന്നു മുതല്‍ ഏഴു വരെയാണ് പെരുന്നാള്‍. പ്രധാന പെരുന്നാള്‍ ആറ്, ഏഴ് തീയതികളിലാണ്. ഇന്നലെരാവിലെ കുര്‍ബാനക്ക് ശേഷം വികാരി സജി മാടമണ്ണില്‍ കൊടി ഉയര്‍ത്തി. ട്രസ്റ്റി സൈമണ്‍ ഡേവിഡ് പാല നില്‍ക്കുന്നതില്‍, സെക്രട്ടറി ബാബു കെ. പെരുമല, എം.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് മിജോ ജോയി എന്നിവര്‍ നേതൃത്വം നല്‍കി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേദ്ദശം അനുസരിച്ച് ആള്‍ക്കൂട്ടം ഒഴിവാക്കി ലളിതമായിട്ടാകും പെരുന്നാള്‍ ചടങ്ങുകള്‍ നടക്കുക. പെരുന്നാള്‍ ദിവസങ്ങളില്‍ വൈകിട്ട് ആറിന് ജങ്ഷന്‍ കുരിശടിയിലും സെന്റ് ജോര്‍ജ് കുരിശടിയിലും നൊവേന, പ്രാര്‍ഥന എന്നിവ ഉണ്ടായിരിക്കും. ഏഴിന് രാവിലെ എട്ടിന് നടക്കുന്ന കുര്‍ബാന ലൈവായി സംപ്രേഷണം ചെയ്യും. പെരുന്നാള്‍ ദിവസങ്ങളില്‍ കുട പ്രദക്ഷിണം, ചെമ്പില്‍ അരിയിടീല്‍ എന്നിവയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. പെരുന്നാളിന് ലഭിക്കുന്ന സംഭാവനയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു നിശ്ചിത തുക നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Your comment?