നാടിന് വെളിച്ചമായി നാലുമുക്ക് യുവജന കലാസമിതി
മാവേലിക്കര: ഒരു നാടിന്റെ വെളിച്ചമാവുകയാണവര്‍. നാം ഇപ്പോള്‍ നേരിടുന്ന മഹാവിപത്തിന്റെ പ്രതിരോധമായി ഇന്നവര്‍ മാറിക്കഴിഞ്ഞു. മാവേലിക്കര നാലുമുക്ക് യുവജന കലാസമിതിയുടെ തണല്‍മരങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഇന്നത്തെ തലമുറയുടെ പാഠപുസ്തകമാകുന്ന തിരക്കിലാണ് കലാസമിതിയുടെ നന്മ വറ്റാത്ത ഒരുകൂട്ടം യുവാക്കള്‍.
ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ലോക്ഡൗണില്‍ അകപ്പെട്ടുപോയ നിരാലംബര്‍ക്കും, ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കാത്തിരിക്കുന്ന അനേകര്‍ക്കും പൊതിച്ചോറും പലവ്യഞ്ജനങ്ങളും നല്കി അവര്‍ പടിയിറങ്ങുമ്പോള്‍ പലരുടേയും കണ്ണുകള്‍ ഈറനണിയാറുണ്ട്.
ആര് എന്താവശ്യത്തിന് വിളിച്ചാലും അതിവേഗം അവരുടെ വീട്ടുപടിക്കലെത്തി മരുന്നോ, ആഹാരമോ എന്തായാലും അത് എത്തിച്ചുകൊടുത്തിട്ടേ അവര്‍ വിശ്രമിക്കൂ. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാന്‍ പാകത്തില്‍ ഫോണ്‍നമ്പരും പതപ്പിച്ചാണ് ഇവരുടെ വാഹനം മുന്നോട്ടുപോകുന്നത്. ഈ കൂട്ടായ്മയിലേക്ക് ചില സുമനസുകളുടെ കാരുണ്യവും ഇവര്‍ക്ക് ഒരു കൈത്തങ്ങാവാറുണ്ട്.
എതാണ്ട് ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി കലാസമിതി രൂപീകൃതമായിട്ട്. അന്നുമുതല്‍ ഇന്നുവരെ യാതൊരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊണ്ടിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് കഴിഞ്ഞ തവണ നാം നേരിട്ട മഹാപ്രളയത്തെ അതിജീവിക്കാന്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് കലാസമിതി നടത്തിയ പ്രവര്‍ത്തനങ്ങള്‍. അത് മറക്കാനാവാത്ത ഒരേടായി പലരുടേയും മനസില്‍ ഇന്നും നിലനില്‍ക്കുന്നു.
തുടര്‍ന്നും ദുഃഖിതരുടെയും ആലംബഹീനരുടേയും വിഷമതകളില്‍ ഒരാശ്വാസമാകുവാന്‍ യുവജന കലാസമിതിയുടെ സ്‌നേഹംനിറഞ്ഞ പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെ എന്ന് നമുക്ക് ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കാം.
Your comment?