ശാസ്താംകോട്ടയില്‍ കോവിഡ് പോസിറ്റീവ് ആയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്: പത്തനംതിട്ട ജില്ലാ അതിര്‍ത്തി അടച്ചു: കൊല്ലത്തുകാരുടെ ഡയറക്ട് മാര്‍ക്കറ്റിങിന് ഒത്താശ ചെയ്ത പത്തനംതിട്ട അതിര്‍ത്തിയിലെ പൊലീസ് പെട്ടു
അടൂര്‍: പത്തനംതിട്ട-കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് കോവിഡ് 19 പോസിറ്റീവ് ആയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. പൊലീസിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇതു സംബന്ധിച്ച് സന്ദേശമെത്തി. സംഗതി വിവാദമായതോടെ സന്ദേശം പൊലീസ് പിന്‍വലിച്ചു. ആരോഗ്യവകുപ്പ് സ്ഥിരീകരിക്കാതെ ഇതാരും ഷെയര്‍ ചെയ്യരുതെന്നും നിര്‍ദേശം എത്തി. ശാസ്താംകോട്ടയില്‍ ഏഴു വയസുകാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്നായിരുന്നു സന്ദേശം. ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശൂരനാട് പൊലീസ് സ്റ്റേഷന്‍ ബോര്‍ഡറില്‍ പനയില്‍ മുക്ക് എന്ന സ്ഥലത്ത് ഏഴുവയസുകാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും മുന്‍കരുതല്‍ എടുക്കണം. ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിക്കാതെ പുറത്ത് ഇറങ്ങരുത്. എന്ന് സന്ദേശത്തില്‍ പറഞ്ഞിരുന്നു. പിന്നീട് ഇത് തിരുത്തിയും പൊലീസിന്റെ സന്ദേശമെത്തി. ഔദ്യോഗിക സ്ഥിരീകരണമില്ലാതെ സന്ദേശം ഷെയര്‍ ചെയ്യരുത് എന്നായിരുന്നു അത്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ശാസ്താംകോട്ടയിലെ പരിശോധനാ ഫലം പുറത്തു വന്നത് എന്നു വേണം കരുതാന്‍. ഇതിന് ശേഷം ഇന്ന് രാവിലെ കുന്നത്തൂര്‍ താലൂക്കും പത്തനംതിട്ട ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ പൂര്‍ണമായി അടയ്ക്കാന്‍ തീരുമാനം എടുത്തു. ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ചക്കുവള്ളി-താമരക്കുളം റോഡില്‍ ശൂരനാട് വടക്ക് വയ്യാങ്കര, പോരുവഴി പഞ്ചായത്തിലെ ചാത്താകുളം, പാലത്തുംകടവ്, ഇടയ്ക്കാട്, പത്തനംതിട്ട ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ഭരണിക്കാവ്-അടൂര്‍ റോഡിലെ ഏഴാംമൈല്‍ എന്നിവിടങ്ങളാണ് അടച്ചത്.
മുന്‍പ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, വവ്വാക്കാവ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ബെഡ്, ഫ്ളോറിങ്, കര്‍ട്ടണ്‍ തുടങ്ങിയവയുമായി വാഹനങ്ങളില്‍ നേരിട്ടെത്തി പത്തനംതിട്ട-കൊല്ലം ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ വിപണനം നടത്തിയിരുന്നു. ലോക്ഡൗണ്‍ വന്നതോടെ ഇവര്‍ കളം മാറ്റിച്ചവിട്ടി. പച്ചക്കറിയും പഴവര്‍ഗങ്ങളുമായി ഇവര്‍ വീടുവീടാന്തരം വില്‍പ്പനയ്ക്ക് കയറി ഇറങ്ങാന്‍ തുടങ്ങി. ഇവര്‍ രോഗം പരത്തുമെന്ന് പലരും പൊലീസിനോടും ആരോഗ്യവകുപ്പിനോടും പറഞ്ഞിരുന്നു. ഇവരില്‍ നിന്നാണ് ശാസ്താംകോട്ടയിലെ ബാലികയ്ക്ക് രോഗം പകര്‍ന്നത് എന്നാണ് അനുമാനം. ഇതിനെ തുടര്‍ന്ന് വീടുകള്‍ തോറും കയറിയുള്ള യാതൊരു കച്ചവടവും പ്രോത്സാഹിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ആരെങ്കിലും കച്ചവടത്തിന് മുതിര്‍ന്നാല്‍ ആ വിവരം ഉടനെ പോലീസില്‍ അറിയിക്കുണം. ജനങ്ങളുടെ സുരക്ഷിതത്വം ആണ് പ്രധാനം കച്ചവടം അല്ല. എല്ലാവരും സഹകരിക്കണമെന്നും പൊലീസ് പങ്കു വച്ച സന്ദേശത്തില്‍ പറയുന്നു. ഇത്തരക്കാരുടെ വിഹാരകേന്ദ്രം പത്തനംതിട്ട ജില്ലയിലെ കടമ്പനാട്, നെല്ലിമുകള്‍, ഏനാത്ത്, മണ്ണടി, അടൂര്‍ തുടങ്ങിയ പ്രദേശങ്ങളാണ്. അതിര്‍ത്തിയില്‍ ഒരു പരിശോധനയുമില്ലാതെ ഇവരെ കടത്തി വിട്ടു. ഇവരില്‍ പലരും മിക്ക വീടുകളുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ശാസ്താംകോട്ടയില്‍ കോവിഡ് പോസിറ്റീവായി എന്ന പ്രചാരണം ശക്തമായതോടെ ഇവിടെ ഉള്ളവരും ഭീതിയിലാണ്.
Your comment?