കൊറോണയുടെ വഴിയെ സഞ്ചരിച്ച് ഡോക്ടര്‍ ദമ്പതികള്‍…

Editor

പത്തനംതിട്ട: ലോകജനയെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് പറയുമ്പോള്‍ ഡോക്ടര്‍ ദമ്പതികളായ അംജിത്തിന്റേയും സേതുലക്ഷ്മിയുടേയും മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കം. പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസിന്റെ വ്യാപനത്തിന് തടയിടാന്‍ നിയോഗിക്കപ്പെട്ടവരില്‍ ശ്രദ്ധനേടുകയാണ് മീഡിയ സര്‍വെലന്‍സ് ടീമില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ദമ്പതികള്‍.

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് വൈറസ് സ്ഥിരീകരിച്ച് ജില്ലയിലാകെ പരിഭ്രാന്തിനിറഞ്ഞ ഈ മാസം എട്ടിന് (മാര്‍ച്ച് എട്ട് മുതല്‍) രോഗികളുടെ കോണ്ടാക്ട് ട്രെയ്സിംഗിനായി ആരെ നിയോഗിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറിന് തെല്ലും സംശയമില്ലായിരുന്നു. അതിന് കാരണം മറ്റൊന്നുമല്ല, വുഹാനില്‍ നിന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ച് സംസ്ഥാനത്ത് എത്തിയ ആദ്യ മൂന്നുപേരുടേയും കോണ്ടാക്ട് ട്രെയ്സിംഗ് സംസ്ഥാനതലത്തില്‍ ചെയ്ത ഡോ.അംജിത് രാജീവന്‍ തന്നെ.

കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇറ്റലിയില്‍ നിന്നുള്ള കുടുംബാംഗങ്ങളെ ഐസലേഷന്‍ റൂമിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു ജനതയാകെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ സമൂഹത്തിന്റെ രക്ഷയ്ക്കായി, ഇറ്റലി കുടുംബത്തില്‍ നിന്ന് ലഭിക്കാവുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ തിരക്കിലായിരുന്നു 33 കാരനായ ഡോ.അംജിത്. ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളുടെ മകന്‍ നടത്തിയ യാത്രയുടെ വിവരങ്ങള്‍ സമാഹരിക്കലായിരുന്നു ഏറ്റവും ക്ലേശകരം. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ ഫോണില്‍ ബന്ധപ്പെട്ടും വിവരങ്ങള്‍ മനസിലാക്കി. ആദ്യസംസാരത്തില്‍ അനവധി മിസ്സിംഗ് ലിങ്കുകള്‍ ഡോക്ടറിന്റെ ശ്രദ്ധയില്‍പെട്ടു.

ഇവ കണ്ടുപിടിക്കുവാനും കോണ്ടാക്ട് ട്രെയ്സിംഗ് വിപുലപ്പെടുത്തുവാനും ആരോഗ്യവകുപ്പ് അഞ്ച് ടീമുകളെ ഫീല്‍ഡുകളില്‍ നിയോഗിച്ചു. കുടുംബം സഞ്ചരിച്ചിരുന്ന സ്ഥലങ്ങള്‍, പ്രദേശങ്ങള്‍, ആളുകള്‍ എന്നിവ കണ്ടെത്തുകയായിരുന്നു ടീം ചെയ്തത്. ഈ ഫീല്‍ഡിംഗ് ടീമില്‍ അംഗമായിരുന്നു ഡോ.അംജിത്തിന്റെ ഭാര്യയായ ഡോ.സേതുലക്ഷ്മി. ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു ഇതെന്ന് ഡോ.സേതുലക്ഷ്മി ഓര്‍ത്തെടുക്കുന്നു. രോഗം സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, രോഗികളുമായി നേരിട്ടും അല്ലാതെയും ഇടപഴകിയവര്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തല്‍ രേഖപ്പെടുത്തല്‍ എന്നിവ ശ്രമകരം തന്നെയായിരുന്നു. ഓരോ ദിവസവും ഫീല്‍ഡില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഐസലേഷനില്‍ കഴിയുന്നവരോടും ഇടപഴകിയവരോടും സംസാരിക്കും. അങ്ങനെവിട്ടുപോയ കണ്ണികള്‍ ചേര്‍ത്തുവച്ചു. നാല് ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ഇവരുടെ കോണ്‍ടാക്ട് ട്രെയ്സിംഗ് പൂര്‍ണമായത്. സാങ്കേതികതയും, പ്രായോഗികതയും ഒരേപോലെ ഉപയോഗിച്ച സന്ദര്‍ഭങ്ങളിലൊന്നായിരുന്നു ഇതെന്നാണ് പൂജപ്പുര സ്വദേശിയായ ഡോക്ടര്‍ പറയുന്നു. ഇവര്‍ കൂട്ടായ നല്‍കിയ വിവരങ്ങള്‍ വച്ചു കൊണ്ടാണ് ജില്ലാ ഭരണകൂടം ജിയോ ടാഗിംഗ് സംവിധാനം രൂപപ്പെടുത്തിയതും.

കൊറോണ വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ച മീഡിയ സര്‍വൈലന്‍സ് ടീമിലും ഡോക്ടര്‍ ദമ്പതികള്‍ സജീവമാണ്. വിഷ്വല്‍ മീഡിയ, പ്രിന്റ് മീഡിയ, സോഷ്യല്‍ മീഡിയ എന്നിവയില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ കണ്ടുപിടിച്ച് സൈബര്‍ സെല്ലിന് കൈമാറുക, സത്യസന്ധമായ വാര്‍ത്തകള്‍ മെഡിക്കല്‍ ടീമിന് കൈമാറുക, കൂടുതല്‍ കേസുകള്‍ വരുന്നുണ്ടോയെന്ന് കണ്ടു പിടിക്കുക എന്നീ ജോലികളില്‍ തിരക്കിലാണിവര്‍. ഉടന്‍ എല്ലാം ശരിയാകുമെന്ന ശുഭ പ്രതീക്ഷയോടെ…

നിലവില്‍ നിലയ്ക്കല്‍ പി.എച്ച്.സിയിലെ അസി. സര്‍ജനും, എപ്പിഡമോളജിക്കല്‍ ഇന്റലിജന്‍സ് ഓഫീസറുമാണ് ഡോ.അംജിത് രാജീവന്‍. തിരുവല്ല തിരുമൂലപുരം സ്വദേശിയായ ഡോ.എസ്.സേതുലക്ഷ്മി പന്തളം കുളനട പി.എച്ച്.സി യിലെ ഡോക്ടറാണ്. രണ്ടുവയസുകാരനായ അദ്യുത് അംജിത് മകനാണ്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

‘മില്‍മ കൗ ബസാര്‍’ പശുവിനെ വാങ്ങാം, വില്‍ക്കാം :ക്ഷീരസംഘത്തിലെ ഫോണ്‍ വഴിയും സേവനം

കൊറോണ: സാമൂഹികമാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങള്‍ അരിച്ചുപെറുക്കി എന്‍ജി.വിദ്യാര്‍ഥികള്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ