കവര്‍ച്ചയ്ക്കിരയായെന്നു പൊലീസില്‍ പരാതിപ്പെട്ട ലോട്ടറി വില്‍പനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൂത്തുപറമ്പ്: കവര്‍ച്ചയ്ക്കിരയായെന്നു പൊലീസില്‍ പരാതിപ്പെട്ട ലോട്ടറി വില്‍പനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. കൂത്തുപറമ്പില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന മാങ്ങാട്ടിടം ദേശബന്ധുവിനു സമീപം ആമ്പിലാട്ടെ മലര്‍വാടിയില്‍ യു.സതീശനെയാണ് (59) ഇന്നലെ പുലര്‍ച്ചെ കാനത്തുംചിറയിലെ മരമില്ലിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 26ന് പുലര്‍ച്ചെ വാനിലെത്തിയ സംഘം തന്നെ ആക്രമിച്ച് ലോട്ടറി ടിക്കറ്റുകളും 850 രൂപയും തട്ടിയെടുത്തതായി സതീശന്‍ കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിനു ശേഷം പുറത്തു പോകാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു സതീശന്‍. 5 വര്‍ഷം മുന്‍പ് ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ചു ശരീരം തളര്‍ന്നതിനു ശേഷമാണു സതീശന്‍ ലോട്ടറി വില്‍പനയിലേക്കു തിരിഞ്ഞത്. അതുവരെ സഹോദരന്‍ സന്തോഷിന്റെ കാനത്തുംചിറയിലെ മരമില്ലിലായിരുന്നു ജോലി.
മുച്ചക്ര സ്‌കൂട്ടര്‍ ലഭിച്ചതോടെ 4 വര്‍ഷത്തോളമായി പുലര്‍ച്ചെ നാലരയോടെ വീട്ടില്‍ നിന്നിറങ്ങി കൂത്തുപറമ്പിലെത്തി ടിക്കറ്റ് വില്‍പന നടത്തുകയായിരുന്നു. പുലര്‍ച്ചെയുള്ള യാത്രയ്ക്കിടെ എലിപ്പറ്റച്ചിറയില്‍ എസ്ബിഐക്കു സമീപം ആക്രമണമുണ്ടായതായാണു സതീശന്‍ പരാതിയില്‍ പറയുന്നത്. ലോട്ടറി ടിക്കറ്റ് ആവശ്യപ്പെട്ടു തൊട്ടരികെ വാഹനം നിര്‍ത്തിയ സംഘം മുഖത്ത് മുളക് സ്‌പ്രേ അടിച്ച് ബാഗ് തട്ടിയെടുത്തു.
ബോധം നഷ്ടമായ സതീശനെ അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്.
Your comment?