അടൂര്‍ : ചരിത്രപ്രസിദ്ധമായ മണ്ണടി ദേവീക്ഷേത്രങ്ങളില്‍ ഉച്ചബലി മഹോത്സവം ഇന്ന് നടക്കും. പഴയകാവ് ക്ഷേത്രത്തില്‍ രാവിലെ 5-ന് പ്രഭാതഭേരി, 5.30-ന് ഉഷഃപൂജ, 7.30-ന് ഭാഗവതപാരായണം. 3-ന് നാദസ്വരകച്ചേരി, വൈകിട്ട് 4-ന് തിരുമുടിഎഴുന്നള്ളത്ത് മുടിപ്പുര ക്ഷേത്രത്തില്‍ നിന്നും പഴയകാവ് ക്ഷേത്രത്തിലേക്ക് കൊടി, കുട, തീവെട്ടി, പഞ്ചവാദ്യം, മെഴുവക്കകുട, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ തിരുമുടിയെഴുന്നള്ളത്ത് തുടങ്ങും. ആവണംപാറവഴി പരമ്പരാഗതപാതയിലൂടെ പഴയകാവ് ദേവീക്ഷേത്രത്തിലെ ആല്‍ത്തറയില്‍ തിരുമുടിയെഴുന്നള്ളത്ത് എത്തിച്ചേരും. ഈ സമയം ക്ഷേത്രത്തില്‍ വര്‍ഷത്തിലരിക്കല്‍മാത്രമുള്ള നിവേദ്യം തയ്യാറാക്കിതുടങ്ങും. ഉണക്കലരി, പൊട്ടുവാഴക്കുല, ശര്‍ക്കര, നാളീകേരം, കൊത്തച്ചക്ക എന്നിവചേര്‍ത്താണ് നിവേദ്യം തയ്യാറാക്കുന്നത്.
പാട്ടമ്പലത്തില്‍ വലിയ കളമെഴുതുന്ന സ്ഥലത്ത് ദേവിയുടെ തൃക്കണ്ണ് ഇടുന്ന ഭാഗത്താണ് നിവേദ്യത്തിനായി അടുപ്പുകൂട്ടുന്നത്. ആല്‍ത്തറയില്‍ എത്തിയ ദേവി ആയിരങ്ങള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് രാത്രി 12-ന് ദാരിക നിഗ്രഹത്തിനായി തയ്യാറെടുക്കും. ഭൂതഗണങ്ങളുടെ അകമ്പടിയോടെ പേച്ച്കളത്തിലേക്ക് എഴുന്നള്ളുന്ന ദേവി വേതാളക്കല്ലില്‍ താളം ചവുട്ടി ശക്തിസ്വരൂപിണിയായി ദാരിക നിഗ്രഹം നടത്തും. ദാരിക നിഗ്രഹത്തിന് ശേഷം ദേവിയുടെ രൗദ്രഭാവത്തിന് ശാന്തതവരുത്തുന്നതിനായി അടവിയും ബലിക്കുടയും നടത്തും. തുടര്‍ന്ന് ഭൂതഗണങ്ങള്‍ക്ക് ബലിതൂകി ദേശാതിര്‍ത്തിയിലൂടെ സഞ്ചരിച്ച് തിരുമുടി മണ്ണടി മുടിപ്പുരക്ഷേത്രത്തില്‍ എത്തിച്ചേരും.
Your comment?