കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് ഇന്നലെ 32,000 രൂപയിലും ഗ്രാമിന് 4,000 രൂപയിലുമെത്തി. ഇന്നലെ മാത്രം പവന് 520 രൂപയും ഗ്രാമിന് 65 രൂപയും കൂടി. ഈ മാസം ഇതുവരെ പവന് 2,080 രൂപയും ഗ്രാമിന് 260 രൂപയുമാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണാഭരണത്തിന് പണിക്കൂലിയും നികുതികളുമടക്കം ഇപ്പോള്‍ 36,000 രൂപ വേണം.
കൊറോണ വൈറസ് ആഗോള സമ്പദ്വ്യവസ്ഥയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയതാണ് സ്വര്‍ണവിലക്കുതിച്ചുയരാന്‍ കാരണം. ഓഹരി-കടപ്പത്ര വിപണികളും ഡോളറിനെതിരെ പ്രമുഖ ഏഷ്യന്‍ കറന്‍സികളും കനത്ത നഷ്ടം നേരിടുന്നു. നിക്ഷേപകര്‍ സുരക്ഷിത താവളമായി സ്വര്‍ണത്തെ കാണുന്നതും വിലക്കുതിപ്പിനിടയാക്കി.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില ഇന്നലെ 1,682 ഡോളര്‍ വരെ ഉയര്‍ന്നത് കേരള വിലയെയും സ്വാധീനിച്ചു. കഴിഞ്ഞ വാരാന്ത്യം വില 1,646 ഡോളറായിരുന്നു. ന്യൂഡല്‍ഹി ബുള്ള്യന്‍ വിപണിയില്‍ വില പത്തുഗ്രാമിന് ഇന്നലെ 953 രൂപ ഉയര്‍ന്ന് 44,472 രൂപയായി. ഇത് റെക്കാഡാണ്.
Your comment?