കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായ എം.എസ് മണി അന്തരിച്ചു

തിരുവനന്തപുരം: കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായ എം.എസ് മണി (79) ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സില്‍ അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മരണ സമയത്ത് ഭാര്യ ഡോ. കസ്തൂരി ഭായി, മക്കളായ വല്‍സാമണി, സുകുമാരന്‍ എന്നിവര്‍ അടുത്തുണ്ടായിരുന്നു. സംസ്‌കാരം പിന്നീട്.
മാധ്യമ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്. കേരള കൗമുദി പത്രാധിപരായിരുന്നപത്മഭൂഷണ്‍ കെ.സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനും സ്ഥാപക പത്രാധിപര്‍ സി.വി. കുഞ്ഞിരാമന്റെ കൊച്ചുമകനുമാണ്.അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ മലയാള മാധ്യമരംഗത്തിനു ചടുലത പകര്‍ന്ന ഉത്തമ പത്രാധിപര്‍മാരിലൊരാളായിരുന്നു എം.എസ്.മണി. ലേഖകനില്‍ തുടങ്ങി മുഖ്യ പത്രാധിപരിലേക്കെത്തിയ സുദീര്‍ഘ ചരിത്രം രചിച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് അദ്ദേഹം. കേരള കൗമുദി ചീഫ് എഡിറ്റര്‍ ആയിരിക്കെ എം.എസ്.മണി മാധ്യമ ലോകത്തിനു നല്‍കിയ സംഭാവനകളും ഒട്ടേറെ.
1961ല്‍ കേരള കൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച എം.എസ്.മണി 1962ല്‍ പാര്‍ലമെന്റ് ലേഖകനായി ഡല്‍ഹിയിലെത്തി. കമ്മ്യൂണിറ്റ് പാര്‍ട്ടിയുടെ വിഭജനവും പോര്‍ച്ചുഗീസ് അധിനിവേശ പ്രദേശമായ ഗോവയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവേശനവും ഡല്‍ഹി ജീവിതത്തില്‍ ഇദ്ദേഹം പുറത്തുകൊണ്ടുവന്ന പ്രധാനവാര്‍ത്തകളില്‍ ചിലതാണ്.
അസമിലേക്കുള്ള ചൈനീസ് സേനയുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത് വിദേശകാര്യ – യുദ്ധ റിപ്പോര്‍ട്ടിങിലും മികവിന്റെ മുദ്രചാര്‍ത്തി. 1965ലാണു തിരുവനന്തപുരത്തു മടങ്ങിയെത്തിയത്. കൗമുദിയെ ജനകീയ ദിനപത്രമാക്കുന്നതില്‍ നിസ്തുല പങ്ക് വഹിച്ചു. വാര്‍ത്താലോകത്തു സ്വന്തം പാത സൃഷ്ടിച്ചാണ് ഇദ്ദേഹം മുന്നേറിയത്.പിന്നീട് കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയില്‍നിന്നു കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓള്‍ ഇന്ത്യ ന്യൂസ്‌പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അംബേദ്കര്‍, കേസരി പുരസ്‌കാരങ്ങളും ലഭിച്ചു.
Your comment?