വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചു തുണിയഴിപ്പിച്ച് ആര്‍ത്തവ പരിശോധന: ദേശീയ വനിതാ കമ്മിഷന്‍ അന്വേഷണ സമിതിയെ നിയമിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് കച്ചിലെ വനിതാകോളജില്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചു തുണിയഴിപ്പിച്ച് ആര്‍ത്തവ പരിശോധന. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മിഷന്‍ അന്വേഷണ സമിതിയെ നിയമിച്ചു. രാജ്യത്തിനു തന്നെ നാണക്കേടായ മനുഷ്യാവകാശ ലംഘനത്തില്‍ കോളജ് അധികൃതരില്‍ നിന്നു കച്ച് സര്‍വകലാശാല വിശദീകരണം തേടി. ഭുജിലെ ശ്രീ സഹ്ജാനന്ദ് വനിതാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 68 വിദ്യാര്‍ഥിനികള്‍ക്കാണ്, ശുചിത്വപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു വാര്‍ഡന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു പ്രിന്‍സിപ്പല്‍ റീത്താ റാണിംഗയുടെ നിര്‍ദേശപ്രകാരം ഉടുതുണിയഴിച്ചു ആര്‍ത്തവമില്ലെന്നു തെളിയിക്കേണ്ടതായി വന്നത്.
പൊലീസില്‍ പരാതി ലഭിച്ചില്ലെങ്കിലും സംഭവം വിവാദമായതിനെത്തുടര്‍ന്നു കച്ച് സര്‍വകലാശാലാ അധികൃതര്‍ അന്വേഷണസമിതി രൂപീകരിച്ചു. ഭുജിലെ സ്വാമിനാരായണ്‍ ആരാധനാവിഭാഗം നടത്തുന്ന ക്ഷേത്രത്തോടു ചേര്‍ന്നുള്ള കോളജില്‍ ആര്‍ത്തവമുള്ളവരെ ക്ഷേത്ര പരിസരത്തും ഹോസ്റ്റല്‍ അടുക്കളയിലും വിലക്കിയിരുന്നു. ഇതു ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു പരിശോധന. പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ചതായും ആരോപണമുണ്ട്. പരാതിയുമായി പോയാല്‍ ഹോസ്റ്റലില്‍ നിന്നു പുറത്താക്കുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തി. കോളജില്‍ അന്യായമായി ഒന്നും സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന കത്തില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചതായും ആരോപണമുണ്ട്.
Your comment?