കൊല്ലം: കേരളത്തില്‍ രണ്ടാമതും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പുതിയതായി കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഐസലേഷനിലാണ്. പുണെ വൈറോളജി ലാബില്‍ നിന്ന് പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ലെന്നും രോഗ സാധ്യത അറിയിക്കുകയാണു ചെയ്തിട്ടുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഫലം എന്‍ഐവിയില്‍ നിന്നു വൈകിട്ടോടെ ലഭിക്കുമെന്നും കെ.കെ. ശൈലജ അറിയിച്ചു.
ജനുവരി 24 ന് ചൈനയില്‍ നിന്നു തിരിച്ചെത്തിയ ആളാണ് രോഗി. വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ്. കൃത്യമായ പരിശോധനയും നിരീക്ഷണവും നടത്തുന്നുണ്ടെന്നും സ്ഥിതി തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിതാന്ത ജാഗ്രതയാണ് വൈറസ് ബാധയ്‌ക്കെതിരെ വേണ്ടത്. വ്യാപിച്ചാല്‍ തടയാന്‍ ബുദ്ധിമുട്ടാണ്. നിപ്പയ്‌ക്കെതിരെ സ്വീകരിച്ചതുപോലുള്ള മുന്‍കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ പൂര്‍ണമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Your comment?