പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അംഗീകാരമായി ആദ്യമായാണ് ജില്ലയ്ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം. അതും 2 പേര്‍ക്ക്. കെപിസിസി എക്‌സിക്യുട്ടീവ് അംഗമായ കെ. ശിവദാസന്‍ നായരും കെപിസിസി സെക്രട്ടറിയായ പഴകുളം മധുവുമാണ് ജനറല്‍ സെക്രട്ടറി പദത്തിലേക്കെത്തിയത്. എ,ഐ ഗ്രൂപ്പുകളുടെ തുല്യപ്രാധാന്യവും ഈ സ്ഥാനക്കയറ്റത്തില്‍ കാണാം.
10 വര്‍ഷം പത്തനംതിട്ട, ആറന്മുള മണ്ഡലത്തില്‍ എംഎല്‍എയായിരുന്ന കെ.ശിവദാസന്‍ നായര്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് േനതാവാണ്. കെഎസ്യുവിലുടെ രാഷ്ട്രീയത്തിലെത്തിയ കെ ശിവദാസന്‍ നായര്‍ പന്തളം എന്‍എസ് എസ് കോളജ് യൂണിയന്‍ ചെയര്‍മാനും സര്‍വകലാശാല യുണിയന്‍ ചെയര്‍മാനുമായിരുന്നു. കോണ്‍ഗ്രസ് ആറന്മുള ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പദവികളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷം കെപിസിസി സെക്രട്ടറി സ്ഥാനം വഹിച്ചതിന്റെ പരിചയസമ്പന്നതയുമായാണ് പഴകുളം മധു ജനറല്‍ സെക്രട്ടറി പദത്തിലേക്കെത്തിയത്. അടൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ കെഎസ് യു പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തനത്തിലെത്തിയ മധു കെഎസ്യു ജില്ലാ സെക്രട്ടറി പദത്തിലും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറിയായി ഏഴ് വര്‍ഷം പ്രവര്‍ത്തിച്ച ശേഷമായിരുന്നു കെപിസിസി സെക്രട്ടറി പദത്തിലെത്തിയത്. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അംഗമായിരുന്ന പഴകുളം മധു തന്റെ ഡിവിഷനില്‍ നടപ്പാക്കിയ സാന്ത്വനം പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ പ്രശംസയും പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി മത്സരിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്ന ഏഴ് പേരില്‍ പഴകുളം മധുവും ഉള്‍പ്പെട്ടിരുന്നു.
Your comment?